Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജിയോ ഐ.പി.ഒയുമായി...

ജിയോ ഐ.പി.ഒയുമായി എത്തുമ്പോൾ...

text_fields
bookmark_border
ജിയോ ഐ.പി.ഒയുമായി എത്തുമ്പോൾ...
cancel

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒയുമായി റിലയൻസ് ജിയോ പ്ലാറ്റ്‌ഫോംസ് എത്തുകയാണ്. 30000 കോടി രൂപയിലധികം പ്രാഥമിക ഓഹരി വിപണിയിലൂടെ സമാഹരിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോംഫിന്റെ ഐ.പി.ഒയെ വിപണി ആകാംക്ഷയോടെയാണ് നോക്കുന്നത്.

ഉയർന്ന പ്രൈസ് ബാൻഡിൽ 30,188 കോടി രൂപയാണ് ഇഷ്യൂ സൈസ്. 10 രൂപ മുഖവിലയുള്ള 27 കോടി പുതിയ ഓഹരികൾ വിറ്റഴിക്കുന്നു. ഓഹരിയൊന്നിന് 1,065 മുതൽ 1,119 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. ബിഡ്ഡിങ് ഒക്ടോബർ 21ന് ആരംഭിച്ച് 23ന് അവസാനിക്കും. റീട്ടെയിൽ നിക്ഷേപകർക്ക് 35 ശതമാനവും എച്ച്.എൻ.ഐ വിഭാഗത്തിന് 15 ശതമാനവും മാറ്റിവെച്ചിട്ടുണ്ട്. 2500 കോടി രൂപയുടെ ഓഹരി റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഉടമകൾക്കും 500 കോടിയുടെ ഓഹരി ജീവനക്കാർക്കുമാണ് നീക്കിവെച്ചിട്ടുള്ളത്.

റീട്ടെയിൽ നിക്ഷേപകർക്ക് ഒന്നുമുതൽ 14 വരെ ലോട്ടുകൾക്കാണ് അപേക്ഷിക്കാൻ കഴിയുക. ഉയർന്ന പ്രൈസ് ബാൻഡിൽ അപേക്ഷിച്ചാലേ കിട്ടാൻ സാധ്യതയുള്ളൂ. ഒരു ലോട്ടിൽ 12 ഓഹരിയാണുണ്ടാവുക. അങ്ങനെ നോക്കുമ്പോൾ ഒരു ലോട്ടിന് 13,428 രൂപ കരുതിവെക്കണം. ഷെയർഹോൾഡർ ക്വോട്ടയിൽ അപേക്ഷിക്കണമെങ്കിൽ ജിയോയുടെ പ്രമോട്ടറായ റിലയൻസ് ഇൻ‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി നിലവിൽ കൈവശമുണ്ടാകണം. ഇതിലും ഒരാൾക്ക് പരമാവധി 14 ലോട്ടുകൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

ഹൈ നെറ്റ് വർത്ത് ഇൻഡിവിജ്വൽ വിഭാഗത്തിൽ സ്മാൾ എച്ച്.എൻ.ഐ ആണെങ്കിൽ 15 മുതൽ 74 ലോട്ടുകൾ വരെ അപേക്ഷിക്കാം. ബിഗ് എച്ച്.എൻ.ഐ വിഭാഗത്തിൽ 75 ലോട്ടുകൾക്ക് മുകളിലും അപേക്ഷിക്കാം. ജിയോ പ്ലാറ്റ്‌ഫോംസിലെ യോഗ്യരായ ജീവനക്കാർക്ക് ഓഹരിയൊന്നിന് 54 രൂപയുടെ പ്രത്യേക ഇളവ് നൽകുന്നുണ്ട്. യോഗ്യരായ ഒന്നിലധികം വിഭാഗത്തിൽ ഒരേ സമയം അപേക്ഷിക്കാൻ കഴിയും. എന്നാൽ, റീട്ടെയിൽ വിഭാഗത്തിലും എച്ച്.എൻ.ഐ വിഭാഗത്തിലും ഒരേസമയം അപേക്ഷിക്കാൻ പാടില്ല.

ഒരേ വിഭാഗത്തിൽ തന്നെ ഒന്നിലധികം അപേക്ഷ നൽകാനും കഴിയില്ല. റീട്ടെയിൽ വിഭാഗത്തിൽ ഓഹരി ലഭ്യതക്കനുസരിച്ച് കുറഞ്ഞത് ഒരു ലോട്ടെങ്കിലും നൽകാനാണ് മുൻഗണന നൽകുന്നത് എന്നത് ഒരു ലോട്ടെങ്കിലും ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഒക്ടോബർ 26നാണ് അലോട്ട്മെന്റ്. അപേക്ഷിച്ചിട്ടും ഓഹരി ലഭിച്ചിട്ടില്ലെങ്കിൽ 27ന് പണം തിരികെ ബാങ്ക് അക്കൗണ്ടിൽ എത്തും. 28നാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുക.

സൂചികയിൽ ‘കൃത്രിമം’?

വലിയ ഇഷ്യൂ സൈസ് ആയതിനാൽ അപ്പർ പ്രൈസ് ബാൻഡിനേക്കാൾ ഒരുപാട് ഉയരത്തിൽ ലിസ്റ്റ് ചെയ്യാൻ സാധ്യത കുറവാണ്. നിലവിലെ ജി.എം.പി (ഗ്രേ മാർക്കറ്റ് പ്രൈസ്) പ്രകാരം 20 ശതമാനത്തിൽ താഴെ പ്രീമിയമാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിലെ ഏറ്റക്കുറച്ചിലും ശ്രദ്ധിക്കുക. സബ്സ്ക്രിപ്ഷൻ എത്രത്തോളം വരുന്നു എന്നതും വിപണി സാഹചര്യവും ഇതിൽ സ്വാധീനം ചെലുത്തും. കഴിഞ്ഞ ദിവസങ്ങളിൽ സെൻസെക്സും നിഫ്റ്റിയും കുതിച്ചത് ജിയോ ഐ.പി.ഒക്ക് പ്രയോജനം ചെയ്യാനായി സൂചികയിൽ ‘കൃത്രിമം’ നടത്തിയതാണെന്ന വിലയിരുത്തലുണ്ട്.

സൂചിക മാത്രം കുതിക്കുകയും ഓഹരികൾ പൊതുവെ നഷ്ടത്തിലാവുകയും ചെയ്യുന്ന പ്രതിഭാസമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. രൂപയുടെ മൂല്യം ഇടിഞ്ഞതും പശ്ചിമേഷ്യയിലെ സംഘർഷവും യു.എസ് ബോണ്ട് യീൽഡ് ഉയർന്നതും അടക്കമുള്ള നെഗറ്റീവ് വാർത്തകൾ നിലനിൽക്കെയാണ് ഇന്ത്യൻ ഓഹരി സൂചിക കുതിപ്പ് നടത്തിയത്. സെൻസെക്സിലെയും നിഫ്റ്റിയിലെയും നാലോ അഞ്ചോ ഹെവി വെയിറ്റേജ് ഓഹരികളിൽ വാങ്ങൽ നടത്തിയാണ് സൂചികയെ താങ്ങിനിർത്തുന്നത്. റീട്ടെയിൽ നിക്ഷേപകർ പലരും ഈ കെണിയിൽ അകപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:stock market ipo Reliance Jio Business News 
News Summary - Reliance Jio IPO: What to Expect When India's Telecom Giant Goes Public
Next Story