തീരുവ യുദ്ധം യു.എസിന് തിരിച്ചടിയാകുമോ?
text_fieldsഅമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തീരുവയും അതിനോടുള്ള മറ്റു രാജ്യങ്ങളുടെ പ്രതികരണവും അന്താരാഷ്ട്ര വ്യാപാരത്തെയും സാമ്പത്തിക വ്യവസ്ഥയെയും കാര്യമായി ബാധിക്കുന്ന പ്രത്യക്ഷ വ്യാപാര യുദ്ധത്തിലേക്ക് ലോകത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ്.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് 34 ശതമാനം അധിക തീരുവ ചുമത്തി ചൈന തിരിച്ചടിച്ചു. 11 യു.എസ് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി.സമരിയം, ഗാഡോലിനിയം, ടെർബിയം, ഡിസ്പ്രോസിയം, സ്കാൻഡിയം തുടങ്ങി അപൂർവ പ്രകൃതി വിഭവങ്ങൾക്ക് കയറ്റുമതി നിയന്ത്രിക്കുകയും കൂടി ചെയ്തു അവർ.
കാനഡ, ഫ്രാൻസ്, മെക്സികോ, ജപ്പാൻ ഉൾപ്പെടെ രാജ്യങ്ങൾ ശക്തമായി പ്രതികരിച്ചുകഴിഞ്ഞു. ട്രംപിന്റെ ഏകപക്ഷീയ സമ്മർദ്ദ തന്ത്രങ്ങൾക്ക് ലോകരാജ്യങ്ങൾ ഒറ്റക്കും കൂട്ടായും മറുതന്ത്രം മെനയുകയാണ്. വ്യാപാര യുദ്ധത്തിന്റെ വലിയ വില കൊടുക്കേണ്ടി വരിക അമേരിക്കൻ ജനതയാണ്. ഉൽപാദനച്ചെലവ് കൂടുതലായതിനാൽ ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്ന രാജ്യമാണ് അമേരിക്ക.
രാജ്യത്തിലെ ഉപഭോഗത്തിന്റെ പത്ത് ശതമാനം ഇറക്കുമതി ആശ്രയിച്ചാണ്. കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന വസ്തുക്കൾക്ക് പത്തുമുതൽ 50 ശതമാനം വരെ തീരുവ വരുമ്പോൾ വില കുത്തനെ കുതിക്കും. ഐഫോൺ വില 30 മുതൽ 40 ശതമാനം വരെ വർധിക്കും. മറ്റു പല ഉൽപന്നങ്ങളുടെയും സ്ഥിതി ഇത് തന്നെ.
പണപ്പെരുപ്പം നിലവിലെ രണ്ടുശതമാനത്തിൽനിന്ന് നാല് ശതമാനം വരെ ഉയരുമെന്നാണ് ജെ.പി മോർഗൻ ഉൾപ്പെടെ ഗവേഷണ സ്ഥാപനങ്ങൾ പറയുന്നത്. യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചുകൊണ്ടുവരാൻ കഴിയാത്ത പ്രതിസന്ധിയിലേക്ക് എത്തും. വികസന മുരടിപ്പുണ്ടാകും. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴും.
ട്രംപ് അധികാരത്തിലേറിയ ശേഷം യു.എസ് ഓഹരി വിപണിയിൽ പത്ത് ലക്ഷം കോടി ഡോളറിന്റെ മൂല്യശോഷണമാണുണ്ടായത്. അമേരിക്കൻ ഓഹരി വിപണി കോവിഡ് കാലത്തിന് ശേഷം ഒരാഴ്ചത്തെ ഏറ്റവും കനത്ത വീഴ്ചയാണ് തീരുവ പ്രഖ്യാപന ശേഷം നേരിട്ടത്. ഡൗ ജോൺസ് 7.8 ശതമാനവും എസ് ആൻഡ് പി 500 സൂചിക 9.1 ശതമാനവും നാസ്ഡാഖ് പത്ത് ശതമാനവും ഇടിഞ്ഞു. വരുംദിവസങ്ങളിലും ഇടിവ് തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. ഡോളർ മൂല്യവും ഇടിയുകയാണ്.
എന്തിന് തീരുവ ?
രൂക്ഷമായ വിലക്കയറ്റവും മറ്റു സാമ്പത്തിക പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് ട്രംപ് തീരുവ തീരുമാനവുമായി മുന്നോട്ടുപോകുന്നു?.
കുതിച്ചുയരുന്ന വ്യാപാര കമ്മി (കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം) പിടിച്ചുനിർത്താൻ ട്രംപിന് മുന്നിൽ മറ്റു വഴികളില്ല എന്നതാണ് സത്യം. 2024ൽ 918.4 ശതകോടി ഡോളറാണ് യു.എസിന്റെ വ്യാപാര കമ്മി. തൊട്ടുമുമ്പത്തെ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 17 ശതമാനത്തിന്റെ വർധന.
ഇറക്കുമതി നിയന്ത്രിക്കാതെ വ്യാപാര കമ്മി കുറക്കാൻ കഴിയില്ല. കഴിഞ്ഞ വർഷം കയറ്റുമതിയിൽ 3.9 ശതമാനം വർധനയുണ്ടായപ്പോൾ ഇറക്കുമതി 6.6 ശതമാനം വർധിച്ചു. ഇന്ത്യയുമായി യു.എസിന് 45.7 ശതകോടി ഡോളറിന്റെ വ്യാപാര കമ്മിയാണുള്ളത്. യൂറോപ്യൻ യൂനിയനുമായി 235.6 ശതകോടി ഡോളറിന്റെ കമ്മിയുണ്ട്. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനേക്കാൾ 295.4 ശതകോടി ഡോളർ അധികം തുകക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.
ട്രംപ് കാണുന്ന മെച്ചം
തീരുവ വർധിപ്പിക്കുന്നത് സർക്കാറിന്റെ വരുമാനം വർധിപ്പിക്കുമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു. 3.3 ലക്ഷം കോടി ഡോളറിന്റെ ഇറക്കുമതി അമേരിക്ക നടത്തുന്നുവെന്നാണ് കണക്ക്.
ഇതിന് ശരാശരി 25 ശതമാനം വരെ തീരുവ ഏർപ്പെടുത്തുമ്പോൾ 660 ശതകോടി ഡോളർ അധികമായി സർക്കാറിന് ലഭിക്കും. ഇത് യു.എസ് ജി.ഡി.പിയുടെ 2.2 ശതമാനമാണ്. ഇത്ര വലിയ നികുതി വർധന ലോക ചരിത്രത്തിലുണ്ടായിട്ടില്ല. തൽക്കാലം ചില ബുദ്ധിമുട്ട് ഉണ്ടായാലും ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കയിൽ ഉൽപാദന മേഖല ശക്തിപ്പെടുമെന്ന് ട്രംപ് കണക്കുകൂട്ടുന്നു.
ഐഫോൺ ഉൾപ്പെടെ പല അമേരിക്കൻ ഉൽപന്നങ്ങളും നിർമിക്കുന്നത് ചൈനയിലാണ്. ചൈനയിൽ നിർമിക്കുന്ന ഉൽപന്നങ്ങൾ 34 ശതമാനം തീരുവ കൂടി നൽകി അമേരിക്കയിൽ എത്തിക്കുമ്പോൾ യു.എസിൽ ഉൽപാദിപ്പിക്കുന്ന അതേ ചെലവ് വരും. ഇങ്ങനെ വിവിധ ഉൽപന്നങ്ങൾ പല രാജ്യങ്ങളിൽ നിർമിച്ച് അമേരിക്കയിലേക്ക് കൊണ്ടുവരുന്നു. യു.എസിൽ തന്നെ നിർമാണം നടത്താൻ കമ്പനികളെ നിർബന്ധിതരാക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.
അത് രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ഉൽപാദന മേഖല ശക്തിപ്പെടുത്തും എന്നൊക്കെയാണ് അവർ കരുതുന്നത്. മറ്റു രാജ്യങ്ങളുടെ മറുപണിയുടെ ആഘാതം എത്രയാകുമെന്ന് കാലമാണ് തെളിയിക്കേണ്ടത്.
ഇന്ത്യയിലെ ടെക്സ്റ്റൈൽ മേഖലക്ക് ഗുണം
ട്രംപിന്റെ തീരുവ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലക്ക് ഗുണം ചെയ്യും. 27 ശതമാനം തീരുവ ചുമത്തുന്നത് കയറ്റുമതി ചെലവ് വർധിപ്പിക്കുമെങ്കിലും അമേരിക്കയിലേക്ക് തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന മറ്റു പ്രധാന രാജ്യങ്ങൾക്ക് അതിനേക്കാൾ ഉയർന്ന നിരക്കിലാണ് തീരുവ. ബംഗ്ലാദേശ് 37 %, വിയറ്റ്നാം 46 %, കംബോഡിയ 49 %, പാകിസ്താൻ 29 %, ചൈന 54 %, ശ്രീലങ്ക 44 % എന്നിവയാണ് ഈ രാജ്യങ്ങൾ.
സ്വാഭാവികമായും ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിയാകും യു.എസിന് ആകർഷണം. ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് പ്രതിവർഷം 3600 കോടി ഡോളറിന്റെ തുണിത്തരങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. അതേസമയം, തീരുവ അമേരിക്കയിൽ വിലക്കയറ്റത്തിന് കാരണമാകും. കുറഞ്ഞ ലാഭമെടുത്ത് പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ കമ്പനികൾക്ക് തീരുവ പെട്ടെന്ന് ആഘാതമുണ്ടാക്കും. വില വർധിപ്പിക്കുകയല്ലാതെ അവർക്ക് മുന്നിൽ വഴിയില്ല. ഇത് മൊത്തത്തിലുള്ള ഡിമാൻഡിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്.
അല്ലെങ്കിൽ ബാധിക്കുന്ന കമ്പനികൾക്കും മേഖലകൾക്കുമായി കേന്ദ്ര സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിക്കണം. ഇന്ത്യയും അമേരിക്കയും അനുനയ ഭാഗമായി പരസ്പരം തീരുവ ഒഴിവാക്കുകയോ ഗണ്യമായി കുറക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയും ടെക്സ്റ്റൈൽ വ്യവസായ ലോകം പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാൽ വൻ കുതിപ്പിനാണ് സാഹചര്യമൊരുങ്ങുക. ചൈനക്കും വിയറ്റ്നാമിനും യു.എസ് ഉയർന്ന തീരുവ ചുമത്തുന്നത് ഇന്ത്യയിൽനിന്നുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങൾക്ക് കയറ്റുമതി സാധ്യത വർധിപ്പിക്കും.