മുംബൈയിൽ പൊന്നുംവിലക്ക് ഭൂമി വാങ്ങി അദാനി; സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിലും മുടക്കിയത് വൻ തുക
text_fieldsമുംബൈ: നഗരത്തിൽ പൊന്നുംവിലക്ക് ഭൂമി വാങ്ങി ഗൗതം അദാനി. വ്യവസായ ഭീമന്റെ ഉടമസ്ഥതയിലുള്ള മാഹ്-ഹിൽ പ്രൊപ്പർട്ടീസാണ് 48,000 സ്ക്വയർ ഫീറ്റ് ഭൂമി ദക്ഷിണ മുംബൈയിലെ മലബാർ ഹിൽസിൽ വാങ്ങിയത്. 170 കോടി രൂപക്കാണ് ഭൂമി അദാനി കമ്പനി സ്വന്തമാക്കിയത്. ഭൂമിയുടെ രജിസ്ട്രേഷൻ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
ബെഹ്റാം നോവ്റോസ്ജി ഗമാഡിയയെന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയും 257 സ്ക്വയർ ഫീറ്റർ കെട്ടിടവുമാണ് അദാനി സ്വന്തമാക്കിയത്. സ്വാതന്ത്യത്തിന് മുമ്പ് തന്നെ ഗമാഡിയ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നഗരത്തിലെ ഏറ്റവും പ്രീമിയം ഭൂമിയായാണ് കണക്കാക്കുന്നത്. 48,491 സ്ക്വയർഫീറ്റ് ഭൂമിയാണ് അദാനി സ്വന്തമാക്കിയത്.
ഭൂമി സ്വന്തമാക്കാൻ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 10.46 കോടി രൂപയാണ് അദാനി മുടക്കിയത്. രജിസ്ട്രേഷൻ ഫീസിനത്തിൽ 30,000 രൂപയും മുടക്കി. മലബാർ ഹിൽസ് മേഖലയിൽ ഇത്തരമൊരു ഭൂമി ലഭിക്കാൻ ബുദ്ധിമുട്ടാണെന്നാണ് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ പറയുന്നത്. പ്രദേശത്തെ അപ്പാർട്ട്മെന്റുകൾക്ക് സ്ക്വയർഫീറ്റിന് ഒരു ലക്ഷം രൂപ വരെ വിലയുണ്ട്.
അതേസമയം, ഭൂമി വിൽപനയെ കുറിച്ച് പ്രതികരിക്കാൻ അദാനി കമ്പനിയായ മാഹ്-ഹിൽ പ്രൊപ്പർട്ടീസ് തയാറായിട്ടില്ല. ഭൂമി വിറ്റയാളെ പ്രതികരണത്തിനായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസവും ഇത്തരത്തിൽ മുംബൈയിൽ വൻ ഭൂമി ഇടപാട് നടന്നിരുന്നു.
ദക്ഷിണ മുംബൈയിലെ ലക്ഷ്മിവിലാസ് ബംഗ്ലാവാണ് വിറ്റത്. നേപ്പിയൻ സീ റോഡിലായിരുന്നു ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് സ്വാതന്ത്ര്യസമരസേനാനികൾ ഒളിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. 19,891 സ്ക്വയർഫീറ്റ് ബംഗ്ലാവ് 276 കോടിക്കാണ് വിറ്റത്.