ജീവശ്വാസം നിലനിർത്തണമെങ്കിൽ 10,000 കോടി വേണം; അഭ്യർഥനയുമായി എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: ജീവശ്വാസം നിലനിർത്തണമെങ്കിൽ 10,000 കോടി രൂപ വേണമെന്ന അഭ്യർഥനയുമായി എയർ ഇന്ത്യ. ഉടമകളായ ടാറ്റ സൺസിനോടും സിംഗപ്പൂർ എയർലൈൻസിനോടുമാണ് എയർ ഇന്ത്യ പണമാവശ്യപ്പെട്ടിരിക്കുന്നത്. ബ്ലുംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ജൂണിൽ അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തെ തുടർന്ന് വലിയ നഷ്ടം എയർ ഇന്ത്യക്കുണ്ടായി. ഇതിന് നഷ്ടപരിഹാരം നൽകാനും നഷ്ടമായ പ്രതിഛായ തിരിച്ചുപിടിക്കാനും വൻ തുക വേണമെന്നാണ് എയർ ഇന്ത്യയുടെ വിലയിരുത്തൽ. ഇതിനൊപ്പം പുതിയ വിമാനങ്ങൾ വാങ്ങാനും പണം വേണമെന്നും എയർ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
പലിശരഹിത വായ്പയിലൂടെയും ഓഹരി പങ്കാളിത്തത്തിലൂടെയും ഇത് എയർ ഇന്ത്യക്ക് നൽകാനാണ് കമ്പനികളുടെ നീക്കം. എയർ ഇന്ത്യയിൽ 74.9 ശതമാനം ഓഹരിയും ടാറ്റയുടെ കൈവശമാണ്. ബാക്കിയുള്ള ഓഹരിയാണ് സിമഗപ്പൂർ എയർലൈൻസിനുള്ളത്. എയർ ഇന്ത്യയുടെ മാറ്റത്തിൽ ടാറ്റക്കൊപ്പം നിന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധത സിംഗപ്പൂർ എയർലൈൻസ് അറിയിച്ചിരുന്നു.
അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ എയർ ഇന്ത്യയോ സിംഗപ്പൂർ എയർലൈൻസോ ഇതുവരെയായിട്ടും തയാറായിട്ടില്ല.


