മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിലെത്തുക എയർടെല്ലിലൂടെ; കരാർ ഒപ്പുവെച്ചു
text_fieldsന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് സാറ്റ്ലൈറ്റ് ഇന്റർനെറ്റ് ഇന്ത്യയിലെത്തിക്കുക എയർടെല്ലിലൂടെ. ഇതിന്റെ ഭാഗമായി സ്പേസ് എക്സും എയർടെല്ലും കരാറിൽ ഒപ്പുവെച്ചു. അനുമതി ലഭിക്കുന്ന മുറക്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എയർടെല്ലിന്റെ സ്റ്റോറുകളിലൂടെ സ്റ്റാർലിങ്ക് ഉൽപന്നങ്ങൾ വിൽക്കും. സ്റ്റാർലിങ്കുമായി ചേർന്ന് ഗ്രാമീണ മേഖലയിലെ സ്കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും എയർടെല്ലിന് ഇന്റർനെറ്റ് എത്തിക്കാൻ പദ്ധതിയുണ്ട്. എയർടെല്ലിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിലും കമ്പനിക്ക് വലിയ സംഭാവന നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ എയർടെൽ എറ്റുടെലിസാറ്റ് എന്ന വൺവെബുമായി ചേർന്ന് സാറ്റ്ലൈറ്റ് ഇന്റർനെറ്റ് സേവനം നൽകുന്നുണ്ട്. സ്റ്റാർലിങ് ഈ കവറേജ് വർധിപ്പിക്കാൻ എയർടെല്ലിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാർലിങ്കുമായി ചേർന്ന് പ്രവർത്തിക്കുക വഴി അടുത്ത തലമുറ സാറ്റ്ലൈറ്റ് കണക്ടിവിറ്റി തങ്ങളുടെ ഉപഭോക്താക്കൾക്കും നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭാരതി എയർ മാനേജിങ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ മിത്തൽ പറഞ്ഞു.
സ്പേസ് എക്സുമായുള്ള കൂട്ടുകെട്ട് ഹൈ-സ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഗ്രാമീണമേഖലയിൽ ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് എയർടെൽ അറിയിച്ചു. എയർടെല്ലുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് സ്പേസ് എക്സ് അറിയിച്ചു. സ്റ്റാർലിങ്ക് ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തിൽ വലിയ പരിവർത്തനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കി.