ഉറക്കമുണർന്നപ്പോൾ ഫോണിൽ പിരിച്ചുവിട്ടുവെന്ന സന്ദേശം; അടുത്തിടെ 14,000 ജീവനക്കാരെയും ആമസോൺ പിരിച്ചുവിട്ടത് ഈ രീതിയിൽ
text_fieldsകമ്പനികൾ പല രീതിയിലും ജീവനക്കാരെ പിരിച്ചുവിടാം. പിരിച്ചു വിടുന്നതിന് ആഴ്ചകൾക്കു മുമ്പ് അക്കാര്യം മാന്യമായി അവതരിപ്പിച്ച് സെറ്റിൽ ചെയ്യുന്നതാണ് ഒരു രീതി. എന്നാൽ ആമസോൺ ജീവനക്കാരെ പിരിച്ചുവിടുന്ന രീതിയാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. പലരും ഉറക്കമുണർന്ന് ഫോൺ നോക്കിയപ്പോഴാണ് പിരിച്ചുവിട്ടിരിക്കുന്ന ടെക്സ്റ്റ് മെസേജ് കാണുന്നത്. ഈ രീതിയിൽ 14000 ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കിയത്.
പ്രധാനമായും രണ്ടു തരത്തിലുള്ള ടെക്സ്റ്റ് മെസേജുകളാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ ആമസോണിൽ നിന്ന് ജീവനക്കാർക്ക് ലഭിച്ചത്. ഓഫിസിൽ പോകുന്നതിന് മുമ്പ് ഇ-മെയിൽ പരിശോധിക്കാൻ ആവശ്യപ്പെട്ടുള്ളതായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഇ-മെയിൽ സന്ദേശം ലഭിച്ചില്ലെങ്കിൽ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടണമെന്നുള്ളതും. ഹെൽപ് ഡെസ്കിന്റെ നമ്പറും നൽകിയിരുന്നു. ഇ-മെയിൽ അയച്ചതിനു ശേഷമായിരുന്നു ജീവനക്കാർക്ക് രണ്ട് ടെക്സ്റ്റ് മെസേജുകളും ലഭിച്ചത്. പിരിച്ചുവിട്ട ജീവനക്കാർ വീണ്ടും ജോലിസ്ഥലത്തേക്ക് എത്തില്ലെന്ന് ഉറപ്പാക്കാൻ കൂടിയുള്ളതായിരുന്നു അത്.
ടെക്സ്റ്റ് വഴി പിരിച്ചുവിടലുകൾ അറിയിക്കുന്നതിനുള്ള ഈ പുതിയ രീതി, കമ്പനിക്കുള്ളിലും പുറത്തും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഗൂഗിൾ, ടെസ്‌ല തുടങ്ങിയ പ്രമുഖ ടെക് സ്ഥാപനങ്ങളിൽ വളർന്നു വരുന്ന ഒരു രീതിയാണിത്. ഒരു മുന്നറിയിപ്പു പോലും ലഭിക്കാതെയാണ് അവിടെ നിന്ന് ജീവനക്കാർ ഒരു സുപ്രഭാതത്തിൽ പുറത്തു പോകുന്നത്.
റീട്ടെയ്ൽ മാനേജ്മെന്റ് ടീമുകളെ ലക്ഷ്യം വെച്ചുള്ളതാണ് ആമസോണിന്റെ ഇപ്പോഴത്തെ പിരിച്ചുവിടൽ. ബിസിനസിനെ നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് ആമസോണിന്റെ വാദം.
പിരിച്ചുവിടുന്ന ജീവനക്കാർക്ക് 90 ദിവസത്തേക്ക് മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. അതോടൊപ്പം പിരിച്ചുവിടൽ ആനുകൂല്യങ്ങളുമുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവാണ് ആമസോണിൽ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള പ്രധാന കാരണം. എ.ഐ കമ്പനികളെ മുമ്പത്തേതിനേക്കാൾ നവീകരിക്കുമെന്നാണ് ആമസോൺ എച്ച്.ആർ മേധാവി ബെയ്യ് ഗലെറ്റി പറയുന്നത്.
പിരിച്ചുവിട്ട ജീവനക്കാർ ഇനി എന്തുചെയ്യണമെന്നും ഘട്ടംഘട്ടമായി മെയിലിൽ നിർദേശം നൽകിയിട്ടുണ്ട്. ഉടൻ ആരംഭിക്കുന്ന നോൺ വർക്കിങ് പീരിഡിൽ പൂർണ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്നാണ് ഒരു നിർദേശം. ഇവർക്ക് എച്ച്.ആർ ടീമിന്റെ സഹായവും ലഭിക്കും. കമ്പനിയിലെ ഉപകരണങ്ങൾ തിരികെ നൽകാനും സമയം അനുവദിച്ചിട്ടുണ്ട്.
അതിനിടെ, ആമസോണിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക, അച്ചടക്കം ഉണ്ടാക്കുക, കമ്പനിക്കുള്ളിലെ ബ്യൂറോകസി ഒഴിവാക്കുക എന്നതിനെല്ലാം പ്രാധാന്യം നൽകിയാണ് പിരിച്ചുവിടലെന്നാണ് ആമസോൺ സി.ഇ.ഒ ആൻഡി ജാസി പറയുന്നത്.
യു.എസിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴിൽദാതാവാണ് ആമസോൺ. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തിൽ കമ്പനിക്ക് ആഗോളതലത്തിൽ 1.54 ദശലക്ഷത്തിലധികം ജീവനക്കാരുണ്ടെന്നാണ് കണക്കുകൾ. ഇതിൽ ഭൂരിഭാഗവും വെയർഹൗസ് ജീവനക്കാരാണ്. ഇവർക്ക് പുറമെ കമ്പനിയിൽ 350,000-ത്തിലധികം കോർപ്പറേറ്റ് ജീവനക്കാരുണ്ടെന്നാണ് കണക്ക്. നിലവിൽ ഇവരിൽ നാലുശതമാനത്തെയാണ് പിരിച്ചുവിടുന്നത്.


