ജെൻ സി തലമുറക്ക് മുന്നറിയിപ്പുമായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്
text_fieldsജെൻ സി തലമുറക്ക് മുന്നറിയിപ്പുമായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. കോളജ് പാതിവഴിയിൽ നിർത്തി ബിസിനസിലേക്ക് ഇറങ്ങുന്ന തലമുറക്കാണ് ബെസോസിന്റെ മുന്നറിയിപ്പ്. പഠനം നിർത്തി വ്യവസായം തുടങ്ങി വിജയിപ്പിച്ചതിന് ബിൽഗേറ്റ്സ്, മാർക്ക് സൂക്കർബർഗ്, എന്നിങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാൽ, എല്ലാവരും ഇങ്ങനെയാവണമെന്നില്ലെന്ന് ബെസോസ് പറഞ്ഞു.
പഠനത്തിന് ശേഷം ഒരു കമ്പനിയിൽ ജോലിക്ക് കയറുന്നത് ഒരുപാട് പ്രായോഗികകാര്യങ്ങൾ പഠിക്കാൻ സഹായകമാവുമെന്ന് ബെസോസ് പറഞ്ഞു. ഇതെല്ലാം പഠിച്ചതിന് ശേഷം പുതിയ കമ്പനി തുടങ്ങിയാൽ വിജയസാധ്യത കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ആമസോൺ തുടങ്ങുന്നത് 30ാം വയസിലാണ്. 20ാം വയസിലല്ല. പത്ത് വർഷത്തെ എന്റെ ജോലി പരിചയം ആമസോണിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കോളജ് പഠനം പൂർത്തിയാക്കിയത് ബിസിനസ് വിജയത്തിന് തന്നെ സഹായിച്ചുവെന്ന് ജെഫ് ബെസോസ് പറഞ്ഞു. കോളജ് ഡിഗ്രി പോലുമില്ലാത്തവർക്ക് ഇന്ന് ജോലി കിട്ടാൻ പ്രയാസമാണ്.
എൻട്രി ലെവൽ ജോലികളിൽ എ.ഐ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതുമൂലം ജോലി കിട്ടാത്ത സാഹചര്യവുമുണ്ട്. ഇതിനൊപ്പം നിങ്ങൾക്ക് ഒരു കോളജ് ഡിഗ്രികൂടി ഇല്ലെങ്കിൽ ജോലി കണ്ടെത്തുകയെന്നത് പ്രയാസകരമായ ഒന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു. മക്ഡോണാൾഡ്സ് പോലുളള കമ്പനികളിൽ ജോലി ചെയ്യുന്നത് പ്രായോഗികമായുളള പല പാഠങ്ങളും പഠിക്കാൻ നമ്മെ സഹായിക്കുമെന്നും ജെഫ് ബെസോസ് പറഞ്ഞു.


