പിതാവ് രാത്രി രണ്ട് മണി വരെയിരുന്ന് മെയിലുകൾക്ക് മറുപടി നൽകാറുണ്ട്; താൻ 12 മണിക്കൂലേറെ ജോലി ചെയ്യുമെന്ന് ആകാശ് അംബാനി
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ ജോലിയോടുള്ള പ്രതിബദ്ധതയെ കുറിച്ച് വാചാലനായി മകനും ജിയോ ഇൻഫോകോം ചെയർമാനുമായ ആകാശ് അംബാനി. മുംബൈ ടെക് വീക്കിൽ നടന്ന പരിപാടിക്കിടെയാണ് ആകാശ് അംബാനിയുടെ പരാമർശം. ഡ്രീം സ്പോർട്സ് സി.ഇ.ഒ ഹർഷ് ജെയിനുമായുള്ള ചർച്ചക്കിടെയായിരുന്നു പ്രതികരണം.
പിതാവ് തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്ന് ആകാശ് അംബാനി പറഞ്ഞു. ഇമെയിലുകൾക്ക് പുലർച്ചെ രണ്ട് മണി വരെ ഇരുന്ന് പിതാവ് മറുപടി നൽകാറുണ്ട്. അദ്ദേഹം ജോലി തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇൗ പതിവിൽ മാറ്റം വന്നിട്ടില്ലെന്നും ആകാശ് അംബാനി പറഞ്ഞു.
അമ്മ നിത അംബാനിയുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെ കുറിച്ചും ആകാശ് അംബാനി സംസാരിച്ചു. ഒരേ ടി.വിയിൽ ഞാനും അമ്മയും കൂടി ക്രിക്കറ്റ് കളി കാണാറുണ്ട്. ക്രിക്കറ്റിലെ അമ്മ ശ്രദ്ധിക്കുന്ന ചില കാര്യങ്ങൾ തന്നെ അദ്ഭുതപ്പെടുത്താറുണ്ടെന്നും ആകാശ് അംബാനി കൂട്ടിച്ചേർത്തു.
വർക്ക് ലൈഫ് ബാലൻസിനോടുള്ള ചോദ്യത്തിന് 12 മണിക്കൂർ സമയം താൻ ജോലി ചെയ്യാറുണ്ടെന്നായിരുന്നു ആകാശ് അംബാനിയുടെ മറുപടി. ഇതിന്റെ മുഴുവൻ ക്രെഡിറ്റ് ഭാര്യ ശ്ലോക മേത്തക്ക് അവകാശപ്പെട്ടതാണ്. തന്റെ പ്രൊഫഷണൽ ലൈഫിന് വലിയ പിന്തുണയാണ് ശ്ലോക നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.