ഇലോൺ മസ്കിന് കറുത്ത തിങ്കൾ, ട്രംപിനൊപ്പം ചേർന്നതോടെ കഷ്ടകാലം; നഷ്ടം ശതകോടികൾ
text_fieldsവാഷിങ്ടൺ: വ്യവസായ ഭീമനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനുമായ ഇലോൺ മസ്കിന് തിരിച്ചടി. ടെസ്‍ല ഓഹരികളുടെ വിലയിടിഞ്ഞതും എക്സിനുണ്ടാവുന്ന സാങ്കേതിക തകരാറുകളും മസ്കിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഇതിന് പുറമേ ട്രംപിനൊപ്പം ചേർന്നുള്ള മസ്കിന്റെ പ്രവർത്തനങ്ങളും വലിയ രീതിയിൽ വിമർശന വിധേയമാകുന്നുണ്ട്.
തിങ്കളാഴ്ച മാത്രം 15 ശതമാനം നഷ്ടമാണ് ടെസ്‍ല ഓഹരികൾക്കുണ്ടായത്. ഇതിന് പുറമേ എക്സിനും ഇടക്കിടെ സാങ്കേതിക തകരാറുകൾ ഉണ്ടാവുന്നുണ്ട്. ഈ വർഷം ഇതുവരെ ടെസ്‍ല ഓഹരികൾ 45 ശതമാനം നഷ്ടം രേഖപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച വാൾസ്ട്രീറ്റിൽ ടെസ്ല ഓഹരികൾ വലിയ രീതിയിലാണ് വിറ്റഴിക്കപ്പെട്ടത്. 2020 സെപ്തംബറിന് ശേഷം ഇതാദ്യമായാണ് ടെസ്‍ല ഓഹരികൾക്ക് ഇത്രയും വലിയൊരു തിരിച്ചടിയുണ്ടാവുന്നത്.
ഓഹരികളുടെ കനത്ത വിൽപന മൂലം ടെസ്‍ലയുടെ വിപണിമൂല്യത്തിൽ 125 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. തിങ്കളാഴ്ച യു.എസ് വിപണിയായ നാസ്ഡാക്കിൽ നാല് ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത് എസ്&പി, ഡൗ ജോൺസ് തുടങ്ങിയവയെല്ലാം നഷ്ടത്തെ അഭിമുഖീകരിക്കുകയാണ്.
യുറോപ്പിൽ ടെസ്‍ല കാറുകളുടെ വിൽപനയിൽ വലിയ കുറവുണ്ടാവുന്നുണ്ട്. വിൽപ്പനകണക്കിൽ 71 ശതമാനത്തിന്റെ ഇടിവാണ് ജർമനയിൽ രേഖപ്പെടുത്തിയത്. നോർവേ 45, ഫ്രാൻസ്-സ്പെയിൻ എന്നിവിടങ്ങളിൽ 44 ശതമാനം എന്നിങ്ങനെയാണ് വിൽപനയിൽ ഉണ്ടായ ഇടിവ്. ചൈനയിൽ നിന്ന് ബി.വൈ.ഡി പോലുള്ള കമ്പനികളിൽ നിന്നുള്ള മത്സരം വർധിച്ചതും ടെസ്‍ലക്ക് തിരിച്ചടിയാവുന്നുണ്ട്. ഇതിന് പുറമേ ട്രംപിന് വേണ്ടിയുള്ള മസ്കിന്റെ പ്രവർത്തനങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടാവുന്നത്.