ടെസ്‍ല ഇലോൺ മസ്കിന് നൽകുന്ന ശമ്പള വിവരങ്ങൾ പുറത്ത്; പ്രതികരിച്ച് ശതകോടീശ്വരൻ
text_fieldsടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന് നൽകുന്ന ശമ്പളത്തിന്റെ വിവരങ്ങൾ പുറത്ത്. വാൾട്ട് സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ടെസ്‍ല മസ്കിന് ശമ്പളമായി പണമൊന്നും നൽകുന്നില്ലെന്നാണ് വാൾട്ട് സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.
2018ൽ മസ്കിന് ഓഹരികൾ നൽകിയതുമായി ബന്ധപ്പെട്ട് ഇപ്പോഴും കേസ് നിലനിൽക്കുന്നുണ്ട്. ഇതിനാൽ രണ്ട് തവണ മസ്കിന്റെ ശമ്പളപാക്കേജ് കോടതി നിരസിച്ചിരുന്നു. ഇതോടെയാണ് മസ്കിന് ശമ്പളം കിട്ടാത്ത സാഹചര്യമുണ്ടായത്. എസ്&പി 500ൽ ഏറ്റവും കുറവ് ശമ്പളം വാങ്ങുന്നയാൾ മസ്കാണെന്നായിരുന്നു വാൾട്ട് സ്ട്രീറ്റ് ജേണലിന്റെ എക്സ് പോസ്റ്റ്. പൂജ്യം ഡോളറാണ് മസ്ക് ശമ്പളമായി വാങ്ങുന്നതെന്നായിരുന്നു വാൾട്ട് സ്ട്രീറ്റ് ജേണൽ ചൂണ്ടിക്കാട്ടിയത്.
വാൾട്ട് സ്ട്രീറ്റ് ജേണലിന്റെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി മസ്കും രംഗത്തെത്തി. കഴിഞ്ഞ ഏഴ് വർഷമായി പൂജ്യം ഡോളറാണ് താൻ പ്രതിഫലമായി വാങ്ങുന്നത്. കമ്പനിയുടെ മൂല്യം 2000 ശതമാനം ഉയർന്നിട്ടും ഇത് തന്നെയാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. മസ്കിന്റെ ശമ്പളത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
യു.എസിലെ നികുതി സമ്പ്രദായത്തെ കുറിച്ച് അറിയുന്നവർക്ക് എന്തുകൊണ്ടാണ് മസ്കിന് പൂജ്യം ഡോളർ ശമ്പളമായി ലഭിക്കുന്നതെന്ന് അറിയാമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ കമന്റുകളിലൊന്ന്. ഈ വർഷം തന്നെ ശമ്പളപ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് മറ്റൊരാളും പ്രതികരിച്ചു.