ഇന്ത്യ വിടാനൊരുങ്ങുന്ന ജർമ്മൻ ബാങ്കിനെ വാങ്ങാൻ ഫെഡറൽ ബാങ്ക്
text_fieldsമുംബൈ: ഇന്ത്യ വിടാനൊരുങ്ങുന്ന ജർമ്മൻ ബാങ്കിനെ വാങ്ങാനുള്ള പോരാട്ടത്തിൽ ഫെഡറൽ ബാങ്കും. ഡോയിച്ച് ബാങ്ക് ആൻഡ് റീടെയിൽ വെൽത്ത് മാനേജ്മെന്റ് ഓപ്പറേഷൻസിന്റെ ഇന്ത്യൻ ബിസിനസിനെ വാങ്ങാനാണ് ഫെഡറൽ ബാങ്ക് ഒരുങ്ങുന്നത്. എട്ട് വർഷത്തെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചാണ് ബാങ്ക് രാജ്യം വിടാൻ ഒരുങ്ങുന്നത്. ഫെഡറൽ ബാങ്കിനൊപ്പം കൊട്ടക് മഹീന്ദ്ര ബാങ്കും ജർമ്മൻ ബാങ്കിനായുള്ള പോരാട്ടത്തിലുണ്ട്.
25,000 കോടിയുടെ ആസ്തിയാണ് ഡോയിച്ച് ബാങ്കിന് ഇന്ത്യയിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബാങ്കിന്റെ വരുമാനം 2,455 കോടിയാണ്. അതിന് മുന്നിലുള്ള വർഷം 2,362 കോടിയായിരുന്നു വരുമാനം. സി.ഇ.ഒ ക്രിസ്റ്റ്യൻ സ്വിങ്ങിന്റെ നേതൃത്വത്തിൽ ബാങ്കിന്റെ ഘടനയിൽ വലിയ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ കൊട്ടക് മഹീന്ദ്രയോ ഫെഡറൽ ബാങ്കോ തയാറായിട്ടില്ല. ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിച്ച് വിദേശബാങ്കുകൾ മടങ്ങുന്നത് സാധാരണമാവുകയാണ്. 2022ൽ സിറ്റി ബാങ്ക് തങ്ങളുടെ റീടെയിൽ, ക്രെഡിറ്റ് കാർഡ് ബിസിനസുകൾ ആക്സിസ് ബാങ്കിന് വിറ്റിരുന്നു.
സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ വ്യക്തിഗത വായ്പ വിഭാഗം 3,330 കോടി നൽകി കൊട്ടക് മഹീന്ദ്ര ബാങ്ക് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ബാങ്കുകൾ ഇന്ത്യ വിടാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.


