1000 കോടിക്ക് പുതിയ ബിസിനസ് ജെറ്റ് സ്വന്തമാക്കി ഗൗതം അദാനി; വിമാനത്തിന്റെ ഇന്റീരിയർ പൂർത്തിയാക്കിയത് രണ്ട് വർഷമെടുത്ത്
text_fieldsഗൗതം അദാനി
ന്യൂഡൽഹി: 1000 കോടിക്ക് പുതിയ ബിസിനസ് ജെറ്റ് സ്വന്തമാക്കി വ്യവസായ ഭീമൻ ഗൗതം അദാനി. ബോയിങ്ങിന്റെ 737-മാക്സ് 8 വിമാനമാണ് അദാനി വാങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും നിർത്താതെ ലണ്ടൻ വരെ പറക്കാൻ വിമാനത്തിന് കഴിയും. യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പറക്കാൻ ഒരു തവണ ഇന്ധനം നിറച്ചാൽ മതിയാവും.
സ്വിറ്റ്സർലാൻഡിൽ നിന്നും 6300 കിലോ മീറ്റർ പറന്നാണ് വിമാനം ഇന്ത്യയിലെത്തിയത്. പരമ്പരാഗതമായുള്ള വാട്ടർ സല്യൂട്ടോടെയാണ് അദാനി കുടുംബം വിമാനത്തെ വരവേറ്റത്. നേരത്തെ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയും പുതിയ വിമാനം സ്വന്തമാക്കിയിരുന്നു. ബോയിങ്ങിന്റെ 737 മാക്സ് സീരിസ് വിമാനമാണ് അംബാനിയും സ്വന്തമാക്കിയത്.
ഇന്ത്യയിലെ വിമാന കമ്പനികളായ ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ്ജെറ്റ് എന്നിവ ഈ വിമാനം സർവീസിനായി നിലവിൽ ഉപയോഗിക്കുന്നുണ്ട്. വ്യവസായികൾ ഈ വിമാനം സ്വന്തമാക്കി ഇന്റീരിയറിൽ മാറ്റം വരുത്തി അത്യാഡംബര ബിസിനസ് ജെറ്റുകളാക്കി മാറ്റുന്ന പ്രവണത ഇപ്പോൾ വർധിക്കുകയാണ്.
35 കോടി രൂപ മുടക്കി രണ്ട് വർഷമെടുത്താണ് അദാനി വിമാനത്തിന്റെ ഇന്റീരിയർ പൂർത്തിയാക്കിയത്. സ്യൂട്ട് ബെഡ്റൂം, ബാത്ത്റൂം, പ്രീമിയം ലോഞ്ച്, കോൺഫറൻസ് റൂം എന്നീ സൗകര്യങ്ങൾ വിമാനത്തിലുണ്ട്. രണ്ട് വർഷമെടുത്താണ് വിമാനത്തിന്റെ ഇന്റീരിയർ പൂർത്തിയാക്കിയത്. പുതിയ വിമാനം കൂടി എത്തിയതോടെ അദാനിയുടെ ഉടമസ്ഥതയിലുള്ള കർണാവതി ഏവിയേഷന് പത്ത് വിമാനങ്ങളായി. കാനഡ, ബ്രസീൽ, സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ അദാനിക്കുണ്ട്.
നേരത്തെ പഴയ വിമാനങ്ങളായി ബി-300, ഹവാക്കർ, ചാലഞ്ചർ സീരിസ് വിമാനങ്ങൾ അദാനി വിറ്റിരുന്നു.