എ.ഐ മൂലം സ്വന്തം പണി പോകുമോ; ഉത്തരം നൽകി സുന്ദർ പിച്ചെ
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവ് തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ, കമ്പനികളുടെ സി.ഇ.ഒമാരുടെ തൊഴിൽ തെറിപ്പിക്കാൻ എ.ഐക്ക് കഴിയുമോയെന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചെ. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
എ.ഐ എല്ലാതരം തൊഴിലുകൾക്കും ഭീഷണിയാണ്. തന്റെ ജോലിയായ സി.ഇ.ഒക്കും അത് ഭീഷണി സൃഷ്ടിക്കും. എ.ഐക്ക് ഏറ്റവും എളുപ്പത്തിൽ മാറ്റാൻ കഴിയുന്ന ഒരാളാണ് കമ്പനി സി.ഇ.ഒയെന്ന് സുന്ദർ പിച്ചെ പറഞ്ഞു. മനുഷ്യരാശി ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ സാങ്കേതികവിദ്യയാണ് എ.ഐ. അതിന് അസാധാരണമായ നേട്ടങ്ങൾ കൈവരിക്കാനുള്ള കഴിവുണ്ടെന്നും സുന്ദർ പിച്ചെ പറഞ്ഞു.
എ.ഐ മൂലം തൊഴിൽ നഷ്ടമുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ, ചില സാധ്യതകളും ഇത് തുറന്നിടുന്നുണ്ട്. ജനങ്ങൾ അത് സ്വീകരിക്കണം. എ.ഐയുടെ സഹായത്തോടെ യുട്യൂബർമാരെ പോലെ ആർക്കും കണ്ടന്റ് ഉണ്ടാക്കാൻ കഴിയുന്ന സാഹചര്യമുണ്ട്. അത് ഒരു മാറ്റമാണ്. ഇത്തരം മാറ്റങ്ങൾ എല്ലാവരും ഉൾക്കൊള്ളണമെന്ന് സുന്ദർ പിച്ചെ പറഞ്ഞു.
എ.ഐ സ്വീകരിക്കുന്നവർക്ക് കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. നിങ്ങളൊരു ഡോക്ടറോ ടീച്ചറോ ആകട്ടെ. എ.ഐയെ ഉപയോഗിച്ച് പ്രവർത്തിക്കുകയാണെങ്കിൽ നിങ്ങളുടെ തൊഴിൽ കൂടുതൽ മികച്ച രീതിയിൽ ചെയ്യാൻ എ.ഐ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്റെ ജോലി തന്നേക്കാൾ മികച്ച രീതിയിൽ ചെയ്യാൻ എ.ഐക്ക് കഴിയുമെന്ന് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ പറഞ്ഞിരുന്നു.


