ഹെലികോപ്ടറിൽ കുംഭമേളക്കെത്തി ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി മടങ്ങി ഇഷ അംബാനിയും ഭർത്താവും
text_fieldsലഖ്നോ: ഹെലികോപ്ടറിൽ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി വ്യവസായി മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും. പ്രയാഗ്രാജിലേക്ക് ഹെലികോപ്ടറിൽ എത്തിയ ശേഷം റോഡ് മാർഗം അവർ കുംഭമേള സ്ഥലത്തേക്ക് പോവുകയായിരുന്നു.
തുടർന്ന് പുരോഹിതരുടെ നേതൃത്വത്തിൽ പുണ്യസ്നാനം നടത്തി മടങ്ങി. നേരത്തെ മുകേഷ് അംബാനിയും കുംഭമേളക്കെത്തി സ്നാനം നടത്തിയിരുന്നു. മുകേഷ് അംബാനിയും അമ്മ കൊകിലാബെനും മക്കളായ ആകാശും അനന്തും മരുമക്കളായ ശ്ലോകയും രാധികയും കൊച്ചുമക്കളായ പൃഥ്വിയും വേദയും സഹോദരിമാരായ ദീപ്തി സല്‍ഗോക്കറും നീന കോത്താരിയും ഒരുമിച്ചെത്തിയാണ് സ്നാനം നടത്തി മടങ്ങിയത്.
നിരഞ്ജനി അഖാഡയിലെ സ്വാമി കൈലാസാനന്ദ് ഗിരിജി മഹാരാജ് ഗംഗാപൂജ നടത്തി. അതിനുശേഷം, അംബാനി പര്‍മാര്‍ഥ് നികേതന്‍ ആശ്രമത്തിലെ സ്വാമി ചിദ്ദാനന്ദ് സരസ്വതി മഹാരാജിനെ കണ്ടു. ആശ്രമത്തില്‍ അംബാനി കുടുംബം മധുരപലഹാരങ്ങളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു.
അതേസമയം, കുംഭമേളയിലെ വി.വി.ഐ.പി സംസ്കാരത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. കുംഭമേളക്കെത്തുന്ന സാധാരണക്കാരായ ഭക്തർ തിക്കിലും തിരക്കിലും മരിക്കുമ്പോൾ വി.വി.ഐ.പികൾക്ക് സുഗമമായ സ്നാനത്തിനായി പ്രത്യേക സ്ഥലം ത്രിവേണി സംഗമത്തിന് ഒരുക്കിയതിലും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.