17,000 കോടിയുടെ പോരാട്ടത്തിൽ അദാനിക്ക് തോൽവി; അവസാനം ചിരിച്ചത് വേദാന്ത
text_fieldsമുംബൈ: കടക്കെണിയിലായ ജയ്പ്രകാശ് അസോസിയേറ്റ്സിനെ ഏറ്റെടുക്കാനുള്ള പോരാട്ടത്തിൽ വേദാന്തക്ക് അന്തിമ ജയം. പാപ്പരത്തിലേക്ക് വീണ കമ്പനിയെ സ്വന്തമാക്കാനുള്ള പോരിൽ അദാനിയും വേദാന്തയുമാണ് അവസാന റൗണ്ടിലുണ്ടായിരുന്നത്. ഒടുവിൽ അദാനിയെ മറികടന്ന് വേദാന്തക്ക് നറുക്ക് വീഴുകയായിരുന്നു.
17,000 കോടി രൂപക്കാണ് ജയ്പ്രകാശ് അസോസിയേറ്റ്സിനെ വേദാന്ത ഏറ്റെടുക്കുന്നത്. എന്നാൽ, കമ്പനിയുടെ നിലവിലുള്ള ആസ്തിമൂല്യം 12,505 കോടി രൂപ മാത്രമാണ്. ജയ്പ്രകാശ് അസോസിയേറ്റ്സിന് കടം നൽകിയ കമ്പനികൾ ലേലനടപടികളെ എതിർത്തിരുന്നു. നാല് കമ്പനികൾ ലേലത്തിനായി ഉണ്ടായിരുന്നുവെങ്കിലും അന്തിമമായി അദാനിയും വേദാന്തയും മാത്രമാണ് ഉണ്ടായിരുന്നത്.റിയൽ എസ്റ്റേറ്റ്, സിമന്റ്, പവർ, ഹോട്ടൽ തുടങ്ങിയ വ്യത്യസ്തമേഖലകളിൽ സാന്നിധ്യമുള്ള കമ്പനിയാണ് വേദാന്ത. വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് കമ്പനിക്കെതിരെ പാപ്പരത്ത നടപടികൾ തുടങ്ങിയത്.
57,185 കോടി രൂപയാണ് ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ കടബാധ്യത. എസ്.ബി.ഐ നേതൃത്വം നൽകുന്ന ബാങ്കിങ് കൺസോർഷ്യത്തിൽ നിന്ന് അസ്റ്റ് റീകൺസ്ട്രക്ഷൻ കമ്പനി കിട്ടാക്കടം ഏറ്റെടുത്തിരുന്നു. അദാനിക്ക് പുറമേ ഡാൽമിയ സിമന്റ്, ജിൻഡാൽപവർ, പി.എൻ.സി ഇൻഫ്രാടെക് എന്നിവയും ജയ്പ്രകാശിനെ ഏറ്റെടുക്കാനുള്ള ടെൻഡർ നടപടികളിൽ പങ്കെടുത്തിരുന്നു.
അദാനി കമ്പനി ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അവസാന ലാപ്പിൽ അവർ പിന്നിലാവുകയായിരുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സിമന്റ് പ്ലാന്റുകളുള്ള സ്ഥാപനമാണ് ജയപ്രകാശ്. റിയൽ എസ്റ്റേറ്റ് രംഗത്ത് ജേയ്പീ ഗ്രീൻസ്, ജേയ്പീ ഗ്രീൻസ് വിഷ്ടൗൺ, ജേയ്പീ ഇന്റർനാഷനൽ സ്പോർട്സ് സിറ്റി, ഊർജരംഗത്ത് ജയപ്രകാശ് പവർ വെഞ്ച്വേഴ്സ്, അടിസ്ഥാന സൗകര്യ രംഗത്ത് യമുന എക്സ്പ്രസ് വേ ടോളിങ്, ജേയ്പീ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് തുടങ്ങിയ ഉപകമ്പനികളുമുണ്ട്.