മെയ്ഡ് ഇൻ ഇന്ത്യ; ലോകത്തിന്റെ ‘സി.ഇ.ഒ’ ഫാക്ടറി
text_fieldsഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ഐ.ബി.എം തുടങ്ങിയ സൂപ്പർ പവറുകൾ ഇന്ത്യക്കാരുടെ ബുദ്ധിയിലും കഴിവിലുമാണ് ഇപ്പോൾ മുന്നോട്ടു കുതിക്കുന്നത്. ആഗോള കമ്പനികളെ നയിക്കുന്ന ഇന്ത്യൻ വംശജരുടെ കൂട്ടത്തിലേക്ക് പുതിയ പേരുകാരനാണ് വാട്സ്ആപ്പിന്റെ അമരത്തേക്ക് എത്തിയ കുനാൽ ഷാ
ആഗോള കോർപറേറ്റ് ലോകം ഇപ്പോൾ ഭരിക്കുന്നത് ഇന്ത്യക്കാരാണെന്നു പറഞ്ഞാൽ അത്ഭുതമില്ല. അത്രക്കുണ്ട് ലോകത്തെ വൻകിട കോർപറേറ്റ് കമ്പനികളുടെ തലപ്പത്തെ ഇന്ത്യൻ സാന്നിധ്യം. വാട്സ്ആപ്പിന്റെ അമരത്തേക്ക് ഇന്ത്യക്കാരനായ കുനാൽ ഷാ നിയമിതനായത് കഴിഞ്ഞയാഴ്ചയാണ്. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സേവനം നൽകുന്ന ക്രെഡ് എന്ന ഇന്ത്യൻ ഫിൻടെക് കമ്പനിയുടെ സ്ഥാപകനാണ് കുനാൽ ഷാ.
1983 മേയ് 20ന് മുംബൈയിലെ ഒരു സാധാരണ ഗുജറാത്തി കുടുംബത്തിലാണ് ജനനം. 2018ലാണ് ക്രെഡ് ആരംഭിച്ചത്. ക്രെഡിറ്റ് കാർഡ് ബിൽ അടക്കാനും റിവാർഡുകൾ നേടാനും വായ്പകളും മറ്റ് ധനകാര്യ സേവനങ്ങളും ലഭ്യമാക്കാനും സഹായിക്കുന്നതാണ് ക്രെഡ്. ഫിൻടെക്, ഡിജിറ്റൽ പേയ്‌മന്റെ്, ഉപഭോക്തൃ സാങ്കേതികവിദ്യ എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ അനുഭവം വാട്സ്ആപ്പിന്റെ ഭാവി വളർച്ചക്ക് നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ആഗോള കമ്പനികളെ നയിക്കുന്ന പ്രമുഖ ഇന്ത്യൻ വംശജരെ പരിചയപ്പെടാം. ഇവരിൽ മലയാളികളുമുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം.
സുന്ദർ പിച്ചൈ (സി.ഇ.ഒ, ഗൂഗ്ൾ, ആൽഫബെറ്റ്)
ചെന്നൈയിൽ ജനിച്ച സുന്ദർ പിച്ചൈ, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സാങ്കേതിക നേതാക്കളിൽ ഒരാളാണ്. ഗൂഗ്ൾ ക്രോം, ആൻഡ്രോയ്ഡ് എന്നിവയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം ഇന്ന് നിർമിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതിക രംഗങ്ങളിൽ കമ്പനിയെ നയിക്കുന്നു. 2004ൽ ഗൂഗ്ളിൽ ചേർന്ന പിച്ചൈ, 2015ൽ ഗൂഗ്ളിന്റെയും 2019ൽ മാതൃകമ്പനിയായ ആൽഫബെറ്റിന്റെയും സി.ഇ.ഒ ആയി.
സത്യ നദെല്ല (ചെയർമാൻ, സി.ഇ.ഒ, മൈക്രോസോഫ്റ്റ്)
ഹൈദരാബാദ് സ്വദേശിയായ സത്യ നദെല്ല 1992ലാണ് മൈക്രോസോഫ്റ്റിൽ ചേർന്നത്. ക്ലൗഡ് കമ്പ്യൂട്ടിങ്, എന്റർപ്രൈസ് സോഫ്റ്റ്‌വെയർ മേഖലകളിൽ നിർണായക പങ്കുവഹിച്ചു. 2014ൽ കമ്പനിയുടെ സി.ഇ.ഒയായി ചുമതലയേറ്റ അദ്ദേഹം, മൈക്രോസോഫ്റ്റിനെ ക്ലൗഡ് അധിഷ്ഠിത സാങ്കേതിക രംഗത്തെ അതികായനായി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു.
അരവിന്ദ് കൃഷ്ണ (ചെയർമാൻ, സി.ഇ.ഒ, ഐ.ബി.എം)
ആന്ധ്രപ്രദേശിൽ ജനിച്ച അരവിന്ദ് കൃഷ്ണ, ഐ.ബി.എമ്മിനെ ഹൈബ്രിഡ് ക്ലൗഡ്, നിർമിത ബുദ്ധി എന്നിവയിൽ കേന്ദ്രീകരിച്ചുള്ള സ്ഥാപനമായി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1990ൽ ഐ.ബി.എമ്മിൽ ചേർന്ന അദ്ദേഹം 2020ൽ സി.ഇ.ഒ ആയി.
ശാന്തനു നാരായൺ (ചെയർമാൻ, സി.ഇ.ഒ, അഡോബി)
ഹൈദരാബാദ് സ്വദേശിയായ ശാന്തനു നാരായൺ, അഡോബിയെ ലോകത്തിലെ ഏറ്റവും പ്രമുഖ സോഫ്റ്റ് വെയർ സ്ഥാപനങ്ങളി ലൊന്നാക്കി വളർത്തി. ആപ്പിൾ, സിലിക്കോൺ ഗ്രാഫിക്സ് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷം 1998ൽ അഡോബിയിൽ ചേർന്നു. 2007ൽ സി.ഇ.ഒയായ അദ്ദേഹം, കമ്പനിയെ പരമ്പരാഗത സോഫ്റ്റ്‌വെയർ വിൽപനയിൽനിന്ന് ക്ലൗഡ് അധിഷ്ഠിത സബ്‌സ്‌ക്രിപ്ഷൻ മാതൃകയിലേക്ക് വിജയകരമായി മാറ്റി.
നികേഷ് അറോറ (സി.ഇ.ഒ, പാലോ ആൾട്ടോ നെറ്റ്‌വർക്സ്)
ഗാസിയാബാദ് സ്വദേശിയായ നികേഷ് അറോറ ഗൂഗ്ളിൽ 10 വർഷത്തിലേറെ പ്രവർത്തിച്ച് കമ്പനിയുടെ ആഗോള പരസ്യ ബിസിനസ് വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. തുടർന്ന് സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിൽ പ്രസിഡന്റായും ചീഫ് ഓപറേറ്റിങ് ഓഫിസറായും സേവനമനുഷ്ഠിച്ചു. 2018 മുതൽ അദ്ദേഹം സൈബർ സുരക്ഷാ രംഗത്തെ അതികായരായ പാലോ ആൾട്ടോ നെറ്റ്‌വർക്സിനെ നയിക്കുകയാണ്.
ലീന നായർ (സി.ഇ.ഒ, ഷനേൽ)
ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ഷനേലിനെ നയിക്കുന്ന ലീന നായർ, ആഗോള കോർപറേറ്റ് രംഗത്തെ പ്രമുഖ വനിതാ നേതാക്കളിൽ ഒരാളാണ്. മഹാരാഷ്ട്രയിലെ കോലാപൂരിൽ മലയാളി കുടുംബത്തിൽ ജനിച്ച ലീന നായർ, 1992ൽ യൂണിലിവറിൽ മാനേജ്മെന്റ് ട്രെയിനിയായി ചേർന്നു. മൂന്നു പതിറ്റാണ്ടോളം വിവിധ രാജ്യങ്ങളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചു. 2016ൽ യൂണിലിവറിന്റെ ആദ്യ വനിതയും ആദ്യ ഏഷ്യക്കാരിയുമായ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫിസറായി നിയമിതയായി. 2022ൽ ഷനേലിന്റെ ആഗോള സി.ഇ.ഒയായി ചുമതലയേറ്റ ലീന, ആഗോള ഫാഷൻ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതാ നേതാക്കളിൽ ഒരാളാണ്.
നീൽ മോഹൻ (സി.ഇ.ഒ, യൂട്യൂബ്)
ലോകത്തിലെ ഏറ്റവും വലിയ വിഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജനാണ് ലഖ്നോ സ്വദേശിയായ നീൽ മോഹൻ. 2008ൽ ഗൂഗ്ളിൽ ചേർന്ന അദ്ദേഹം ഡിജിറ്റൽ പരസ്യ ബിസിനസിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. 2015ൽ യൂട്യൂബിന്റെ ചീഫ് പ്രൊഡക്ട് ഓഫിസറും, 2023ൽ സി.ഇ.ഒയും ആയി ചുമതലയേറ്റു.
രേവതി അദ്വൈതി (സി.ഇ.ഒ, ഫ്ലെക്സ്)
ബംഗളൂരുവിൽ ജനിച്ച രേവതി അദ്വൈതി, ആഗോള നിർമാണ-വിതരണ ശൃംഖല കമ്പനിയായ ഫ്ലെക്സിന്റെ സി.ഇ.ഒയാണ്. സാങ്കേതികവിദ്യയും സുസ്ഥിര വികസനവും കേന്ദ്രീകരിച്ചുള്ള ബിസിനസ് തന്ത്രങ്ങൾക്കാണ് അവർ ഖ്യാതി നേടിയത്.
വസന്ത് നരസിംഹൻ (സി.ഇ.ഒ, നോവാർട്ടിസ്)
അമേരിക്കയിൽ ജനിച്ച ഇന്ത്യൻ വംശജനായ വസന്ത് നരസിംഹൻ ലോകത്തിലെ ഏറ്റവും വലിയ ഔഷധ കമ്പനികളിലൊന്നായ നോവാർട്ടിസിനെ നയിക്കുന്നു. മരുന്ന് ഗവേഷണം, ജീൻ തെറപ്പി, കാൻസർ ചികിത്സ തുടങ്ങിയ മേഖലകളിൽ കമ്പനിയുടെ വളർച്ചക്ക് അദ്ദേഹം നേതൃത്വം നൽകുന്നു.
അജയ് ബംഗ (പ്രസിഡന്റ്, ലോക ബാങ്ക്)
പുണെയിൽ ജനിച്ച അജയ് ബംഗ, ആഗോള ധനകാര്യ സ്ഥാപനമായ ലോക ബാങ്കിന്റെ പ്രസിഡന്റാണ്. ദാരിദ്ര്യ നിർമാർജനം, കാലാവസ്ഥ വ്യതിയാനം, വികസന പദ്ധതികൾ എന്നിവയിൽ ലോക ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു.
സഞ്ജയ് മെഹ്രോത്ര (പ്രസിഡന്റ്, സി.ഇ.ഒ, മൈക്രോൺ ടെക്നോളജി)
മെമ്മറി ചിപ്പ് നിർമാണ രംഗത്തെ മുൻനിര സ്ഥാപനമായ മൈക്രോണിനെ നയിക്കുന്ന വ്യക്തിയാണ് കാൺപൂർ സ്വദേശിയായ സഞ്ജയ് മെഹ്രോത്ര. 1988ൽ അദ്ദേഹം സാൻഡിസ്ക് എന്ന പ്രമുഖ മെമ്മറി കമ്പനിയുടെ സഹസ്ഥാപകനായി. 2017 മുതൽ മൈക്രോൺ ടെക്നോളജിയുടെ സി.ഇ.ഒയായി പ്രവർത്തിക്കുന്ന സഞ്ജയ് മെഹ്രോത്രയുടെ നേതൃത്വത്തിൽ കമ്പനി മെമ്മറി, സ്റ്റോറേജ്, എ.ഐ ആവശ്യങ്ങൾക്കായുള്ള ചിപ്പുകളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
ജയ്ശ്രീ ഉള്ളാൽ (സി.ഇ.ഒ, ചെയർപേഴ്സൻ, അരിസ്റ്റ നെറ്റ്‌വർക്സ്)
ഡേറ്റാ സെന്റർ, ക്ലൗഡ് നെറ്റ്‌വർക്കിങ് മേഖലകളിലെ പ്രമുഖ കമ്പനിയായ അരിസ്റ്റ നെറ്റ്‌വർക്സിനെ നയിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച വനിതാ സാങ്കേതിക നേതാക്കളിൽ ഒരാളായി അവർ കണക്കാക്കപ്പെടുന്നു. ലണ്ടനിൽ ഇന്ത്യൻ കുടുംബത്തിലാണ് ജനനം.
രാജ് സുബ്രഹ്മണ്യം (പ്രസിഡന്റ്, സി.ഇ.ഒ, ഫെഡ്എക്സ്)
തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്മണ്യം, ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് സ്ഥാപനങ്ങളിലൊന്നായ ഫെഡ്എക്സിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ്. 1991ൽ ഫെഡ്എക്സിൽ ചേർന്ന അദ്ദേഹം അന്താരാഷ്ട്ര ബിസിനസ് വിഭാഗങ്ങൾ ഉൾപ്പെടെ നിരവധി പ്രധാന ചുമതലകൾ വഹിച്ചു. 2022ൽ കമ്പനിയുടെ സി.ഇ.ഒയായി ചുമതലയേറ്റ അദ്ദേഹം, ആഗോള ഇ-കൊമേഴ്‌സ്, വിതരണ ശൃംഖല, ലോജിസ്റ്റിക്സ് മേഖലകളിലെ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നു.
മലയാളിക്കും അഭിമാനിക്കാം
തോമസ് കുര്യനും ജോർജ് കുര്യനും
കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശികളായ തോമസ് കുര്യനും ഇരട്ട സഹോദരൻ ജോർജ് കുര്യനും ആഗോള കോർപറേറ്റ് രംഗത്ത് അഭിമാന നേട്ടം കൈവരിച്ച മലയാളികളാണ്. ഗൂഗ്ളിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് സേവന വിഭാഗമായ ഗൂഗ്ൾ ക്ലൗഡ് സി.ഇ.ഒ ആണ് തോമസ് കുര്യൻ. 1996ൽ ഒറാക്കിൾ കോർപറേഷനിൽ ചേർന്ന അദ്ദേഹം 22 വർഷത്തിലേറെ അവിടെ പ്രവർത്തിച്ചു. കമ്പനിയുടെ ക്ലൗഡ് ബിസിനസ് വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം പിന്നീട് പ്രസിഡന്റായി. 2019ൽ ഗൂഗ്ൾ ക്ലൗഡ് സി.ഇ.ഒയായി ചുമതലയേറ്റ തോമസ് കുര്യൻ, ക്ലൗഡ് കമ്പ്യൂട്ടിങ് രംഗത്ത് കമ്പനിയുടെ വളർച്ചക്ക് നേതൃത്വം നൽകുകയാണ്.
ഡേറ്റാ സംഭരണ-മാനേജ്മെന്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ നെറ്റ്ആപ്പിന്റെ സി.ഇ.ഒ ആണ് ജോർജ് കുര്യൻ. സിസ്കോ സിസ്റ്റംസ്, ഒറാക്കിൾ കോർപറേഷൻ തുടങ്ങിയ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ചിരുന്നു. 2011ൽ നെറ്റ്ആപ്പിൽ ചേർന്ന അദ്ദേഹം 2015ൽ കമ്പനിയുടെ സി.ഇ.ഒ ആയി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നെറ്റ്ആപ്പ് പരമ്പരാഗത ഡേറ്റാ സ്റ്റോറേജ് കമ്പനി എന്ന നിലയിൽനിന്ന് ക്ലൗഡ് അധിഷ്ഠിത ഡേറ്റാ മാനേജ്മെന്റ്, ഹൈബ്രിഡ് ക്ലൗഡ് സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമായി മാറി.


