ബൈജൂസ് സ്ഥാപകന്റെ 84 കോടിയുടെ സ്വത്ത് സ്വന്തമാക്കി മീഷോ സഹസ്ഥാപകൻ വിദിത് ആത്രെ
text_fieldsബെംഗളൂരു: ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ കുടുംബത്തിൽ നിന്ന് 83.81 കോടി രൂപക്ക് ഭൂമി വാങ്ങി മീഷോ സഹസ്ഥാപകനും സി.ഇ.ഒയുമായ വിദിത് ആത്രെ. ബെംഗളൂരുവിലെ എപ്സിലോൺ റെസിഡൻഷ്യൽ വില്ലാസ് ടൗൺഷിപ്പിലെ തൊട്ടടുത്തുള്ള രണ്ട് പ്ലോട്ടുകളാണ് ആത്രെ വാങ്ങിയത് എന്നാണ് വിവരം. സാപ്കീയിൽ നിന്ന് ലഭിച്ച രജിസ്ട്രേഷൻ രേഖകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ നടക്കുന്ന പാപ്പരത്ത നടപടികൾ തുടരുന്നതിനിടെയാണ് ഈ ഇടപാട് എന്നതാണ് ശ്രദ്ധേയം. ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിന് (ബി.സി.സി.ഐ) 158.9 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന ആരോപണത്തിൽ 2024 ജൂലൈയിലാണ് കമ്പനിക്കെതിരെ പാപ്പരത്ത നടപടികൾ ആരംഭിച്ചത്. ആത്രെ വാങ്ങിയ സ്വത്തുക്കൾ ബി.സി.സി.ഐക്കുള്ള കുടിശിക തീർക്കാൻ സമാഹരിച്ച തുകക്ക് ഈടായി നൽകിയിരുന്നുവെന്നാണ് ബൈജൂസിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സാപ്കീ നിന്നുള്ള രേഖകൾ അനുസരിച്ച് ബൈജു രവീന്ദ്രന്റെ ഭാര്യ ദിവ്യ ഗോകുൽനാഥും, റിജു രവീന്ദ്രന്റെ ഭാര്യ ദീപ്ത അഖില രാഘവനുമാണ് വിൽപ്പന നടത്തിയത്. ദിവ്യ ഗോകുൽനാഥിൽ നിന്ന് ആദ്യ ഇടപാടിൽ ചതുരശ്ര അടിക്ക് ഏകദേശം 26,280 രൂപ നിരക്കിൽ 48.11 കോടി രൂപക്കാണ് 18,305 ചതുരശ്ര അടി ഭൂമി ആത്രെ വാങ്ങിയത്. പിന്നീട് മറ്റൊരു ഇടപാടിൽ ദീപ്ത അഖില രാഘവനിൽ നിന്ന് തൊട്ടടുത്തുള്ള 15,180 ചതുരശ്ര അടി ഭൂമിയും ആത്രെ വാങ്ങുകയായിരുന്നു. ചതുരശ്ര അടിക്ക് ഏകദേശം 23,521 രൂപ നിരക്കിൽ 35.70 കോടി രൂപക്കാണ് ഈ ഇടപാട്.
2026 ജൂലൈ 24ന് തയ്യാറാക്കിയ രണ്ട് വിൽപ്പന പത്രങ്ങളും ജൂലൈ 27ന് തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് വിവരം. ബെംഗളൂരു ഈസ്റ്റിലെ യെമലൂർ വില്ലേജിലെ എപ്സിലോൺ റെസിഡൻഷ്യൽ വില്ലാസിലാണ് ഭൂമി. ഇരു പ്ലോട്ടുകളും കൂടി ചേർത്ത് 33,485 ചതുരശ്ര അടി ഭൂമിയുണ്ട്. ചതുരശ്ര അടിക്ക് 25,029 രൂപയാണ് ശരാശരി വില. അതേസമയം, ഈ ഇടപാടിനെ കുറിച്ച് ആത്രെയും ബൈജുവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ റെസിഡൻഷ്യൽ ഇടമാണ് എപ്സിലോൺ. നിരവധി ബിസിനസ് പ്രമുഖരും
ടെക് എക്സിക്യൂട്ടീവുകളും സ്റ്റാർട്ടപ്പ് സ്ഥാപകരും താമസിക്കുന്ന ഇടം കൂടിയാണിത്. ഈ ഗേറ്റഡ് വില്ല കമ്മ്യൂണിറ്റിയിൽ വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി, ബ്രിട്ടാനിയ സി.ഇ.ഒ വരുൺ ബെറി, പേജ് ഇൻഡസ്ട്രീസിന്റെ അശോക് ജെനോമൽ, ബൈജു രവീന്ദ്രൻ, ബിഗ്ബാസ്കറ്റ് സഹസ്ഥാപകൻ അഭിനയ് ചൗധരി എന്നിവർ താമസിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പിൽ ബി.സി.സി.ഐക്ക് നൽകാനുള്ള കുടിശ്ശികയുമായി ബന്ധപ്പെട്ട് ബൈജൂസിന്റെ പാപ്പരത്ത കേസ് ഇതുവരെ തീർപ്പായിട്ടില്ല. ഇതിൽ 158 കോടി രൂപയാണ് ബി.സി.സി.ഐക്ക് നൽകാൻ ഒത്തുതീർപ്പായിട്ടുള്ളത്. എന്നാൽ, ഇതുവരെ ഈ കുടിശ്ശിക അടച്ച് തീർത്തിട്ടില്ല. വായ്പക്കാരുടെ സമിതി (Committee of Creditors) നിരവധി യോഗങ്ങൾ നടത്തിയിട്ടും തീരുമാനമാകാത്തതിനാൽ തിങ്ക് ആൻഡ് ലേണിനെ വാങ്ങാൻ സാധ്യതയുള്ളവരെ ക്ഷണിക്കുന്ന നടപടി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഈ ഇടപാട് വിവരങ്ങൾ പുറത്ത് വരുന്നത്.
ആരാണ് വിദിത് ആത്രെ?
ഐ.ഐ.ടി ഡൽഹിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് പഠിച്ച വിദിത് ആത്രെ ബാച്ച്മേറ്റ് സഞ്ജീവ് ബർൺവാളിനൊപ്പം 2015ലാണ് മീഷോ സ്ഥാപിച്ചത്. ഐ.ടി.സിയിലും ഇൻമൊബിയിലും ജോലി ചെയ്തിട്ടുള്ള അദ്ദേഹം ഫാഷൻ, വീട്ടുപകരണങ്ങൾ, സൗന്ദര്യം, ഇലക്ട്രോണിക്സ് എന്നിവ ഉപഭോക്താക്കൾക്ക് എത്തിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ മീഷോയുടെ ചെയർമാനും എം.ഡിയും സി.ഇ.ഒയുമാണ്.



