ജിയോ പരാജയപ്പെടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി; പക്ഷേ വിശാലമായ ആ ലക്ഷ്യത്തിന് വേണ്ടി താൻ പണം നോക്കിയില്ല -അംബാനി
text_fieldsമുംബൈ: റിലയൻസ് ജിയോ സാമ്പത്തികമായി പരാജയപ്പെടുമെന്ന് സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. എന്നാൽ, തനിക്ക് വിശാലമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. അതിന് വേണ്ടി പണം നോക്കേണ്ടെന്ന തീരുമാനത്തിലേക്ക് താൻ എത്തിയെന്നും മുകേഷ് അംബാനി പറഞ്ഞു.
ജിയോ സേവനം ആരംഭിക്കുന്നതിന് മുമ്പ് ബോർഡ് മീറ്റിങ്ങിൽ ഇതിൽ നിന്നും കാര്യമായ വരുമാനം പ്രതീക്ഷിക്കേണ്ടെന്ന് താൻ അംഗങ്ങളോട് പറഞ്ഞു. പക്ഷേ ഇക്കാര്യത്തിൽ പണം പ്രശ്നമാക്കേണ്ടെന്നും വിശാലമായ ലക്ഷ്യമാണ് നമുക്ക് മുന്നിലുള്ളതെന്നും ബോർഡ് അംഗങ്ങളെ ബോധ്യപ്പെടുത്തി.
ഇന്ത്യയെ ഡിജിറ്റലൈസ് ചെയ്യാനുള്ള വലിയ ജീവകാരുണ്യ പ്രവർത്തനമാണ് നടത്തുന്നതെന്ന് ബോർഡ് മീറ്റിങ്ങിൽ പറഞ്ഞുവെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു. മക്കൻസി&കോക്ക് നൽകിയ അഭിമുഖത്തിലാണ് ജിയോയുടെ പിറവി സംബന്ധിച്ച സംഭവങ്ങൾ മുകേഷ് അംബാനി കൂട്ടിച്ചേർത്തു.
ജോലി ചെയ്യുന്ന ജീവനക്കാരോട് എപ്പോഴും നന്ദി പ്രകടിപ്പിക്കണമെന്നത് തനിക്ക് നിർബന്ധമുള്ള കാര്യമാണ്. ഇത് നിർബന്ധമായും പാലിക്കണമെന്ന് റിലയൻസിലെ ഉന്നതനേതൃത്വത്തിന് നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈയൊരു തത്വത്തിൽ വിട്ടുവീഴ്ച നടത്താൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.