ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഗോൾഡൻ വിസയില്ല; നിർണായക തീരുമാനവുമായി യു.എ.ഇ
text_fieldsഅബൂദബി: ക്രിപ്റ്റോ ഉൾപ്പെടെ ഡിജിറ്റൽ കറൻസി നിക്ഷേപകർക്ക് ഗോൾഡൻ വിസ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി അധികൃതർ. സമൂഹ മാധ്യമങ്ങളിലും ചില വെബ്സൈറ്റുകളിലും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രചരിച്ച സാഹചര്യത്തിലാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി), വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റി (വി.എ.ആർ.എ), സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ) എന്നിവർ വിഷയത്തിൽ വ്യക്തത വരുത്തിയത്.
സർക്കാർ അംഗീകരിച്ച ചട്ടക്കൂടുകളും മാനദണ്ഡങ്ങളും അനുസരിച്ച് മാത്രമാണ് ഗോൾഡൻ വിസകൾ നൽകുന്നതെന്ന് ഐ.സി.പി വ്യക്തമാക്കി. ഇതിൽ ഡിജിറ്റൽ കറൻസി നിക്ഷേപകരെ ഉൾപ്പെടുത്തിയിട്ടില്ല. റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, അസാധാരണ പ്രതിഭകൾ, ശാസ്ത്രജ്ഞർ, വിദഗ്ധർ, മിടുക്കരായ വിദ്യാർഥികൾ, ബിരുദധാരികൾ, ജീവകാരുണ്യ രംഗത്തെ പ്രഗത്ഭർ, സാമൂഹിക പ്രവർത്തകൾ എന്നിവരാണ് ഗോൾഡൻ വിസക്ക് യോഗ്യതയുള്ളവർ.
യു.എ.ഇയിൽ ലൈസൻസില്ലാത്ത ഒരു സ്ഥാപനത്തിന്റെ സി.ഇ.ഒയുടെ ട്വീറ്റാണ് ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഗോൾഡൻ വിസയെന്ന വ്യാപക പ്രചരണത്തിന് കാരണമായത്. മാക്സ് ക്രൗൺ എന്നയാളുടെ അക്കൗണ്ടിലൂടെയാണ് ഇതു പ്രചരിച്ചത്. ടോൺ കോയിൻ എന്ന ഡിജിറ്റൽ കറൻസി നിക്ഷേപമുള്ളവർക്ക് യു.എ.ഇയിൽ ഗോൾഡൻ വിസ നേടാൻ അവസരമെന്ന തരത്തിലായിരുന്നു ട്വീറ്റ്. എന്നാൽ, യു.എ.ഇയിലെ സാമ്പത്തിക മേഖലയെയും സെക്യൂരിറ്റിസ് സേവനങ്ങളെയും നിയന്ത്രിക്കുന്നതിൽ അന്തരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് എസ്.സി.എ വ്യക്തമാക്കി.
ആഭ്യന്തരമായും രാജ്യാന്തര തലത്തിലും നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനുമായി രൂപകൽപന ചെയ്ത നടപടികളാണ് യു.എ.ഇയിലുള്ളതെന്നും എസ്.സി.എ അറിയിച്ചു. സർക്കാറിന്റെ ചില പ്രത്യേക മാർഗനിർദേശങ്ങൾ അനുസരിച്ചാണ് രാജ്യത്ത് ഡിജിറ്റൽ കറൻസി നിക്ഷേപങ്ങൾ അനുവദിക്കുന്നത്. ഡിജിറ്റൽ കറൻസി ഇടപാടുകൾ ലൈസൻസുള്ള കമ്പനികളുമായി മാത്രം നടത്തണം. കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾക്കായി സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റുകളെയും കമ്യൂണിക്കേഷൻ ചാനലുകളെയും മാത്രം ആശ്രയിക്കണം. ഇത്തരം വിഷയങ്ങളിൽ വ്യാജ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വഞ്ചിതരാകരുതെന്നും അധികൃതർ ഓർമിപ്പിച്ചു.