സോപ്പിന് മുതൽ ജാമിന് വരെ വില കുറയും; ജി.എസ്.ടി ഇളവിന് പിന്നാലെ ഉൽപന്ന വില കുറച്ച് ഹിന്ദുസ്ഥാൻ യുണിലിവർ
text_fieldsന്യൂഡൽഹി: ജി.എസ്.ടി ഇളവിന് പിന്നാലെ നിരവധി ഉൽപന്നങ്ങളുടെ വില കുറച്ച് ഹിന്ദുസ്ഥാൻ യുണിലിവർ. ഡോവ് ഷാംപു, ഹോർലിക്സ്, കിസാൻ ജാം, ലൈവ്ബോയ് സോപ്പ് എന്നിവ ഹിന്ദുസ്ഥാൻ യുണിലിവർ വില കുറച്ചതിൽ ചിലത് മാത്രമാണ്. സെപ്തംബർ 22 മുതൽ ഉൽപന്നങ്ങളുടെ പുതിയ വില നിലവിൽ വരും. ജി.എസ്.ടി ഇളവ് നിലവിൽ വരുമ്പോൾ ഉൽപന്നങ്ങളുടെ വില എത്രത്തോളം കുറഞ്ഞുവെന്നത് പത്രപരസ്യത്തിലൂടെ അറിയിക്കണമെന്ന് കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു.
സെപ്തംബർ 22 മുതൽ 340 മില്ലി.ലിറ്റർ ഡോവ് ഷാംപുവിന്റെ ബോട്ടലിന്റെ വില 490 രൂപയിൽ നിന്ന് 435 ആയി കുറയും. 200 ഗ്രാം ഹോർലിക്സ് ജാറിന്റെ വില 130ന് പകരം 110 ആയിരിക്കും. 200 ഗ്രാം കിസാൻ ജാമിന്റെ വില 90ൽ നിന്നും 80 ആയി കുറയും. 75 ഗ്രാം ലൈഫ്ബോയ് സോപ്പിന്റെ പാക്കിന്റെ വില 68ൽ നിന്നും 60 രൂപയായും കുറയും. കുറഞ്ഞ വില രേഖപ്പെടുത്തിയ സാധനങ്ങളുടെ സ്റ്റോക്ക് എത്രയും പെട്ടെന്ന് മാർക്കറ്റിൽ എത്തിക്കാനാണ് ശ്രമമെന്നും ഹിന്ദുസ്ഥാൻ യുണിലിവർ അറിയിച്ചു.
ജി.എസ്.ടിയിൽ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളാണ് ഉണ്ടായിരുന്നത്. പരിഷ്‍കരണത്തിന്റെ ഭാഗമായി അതിപ്പോൾ രണ്ടായി ചുരുക്കിയിരിക്കുകയാണ്.സ്ലാബുകൾ അഞ്ചുശതമാനവും 18 ശതമാനവുമായി പരിമിതപ്പെടുത്തിയാണ് ജി.എസ്.ടി കൗൺസിൽ നിരക്ക് പരിഷ്‍കരണത്തിന് അംഗീകാരം നൽകിയത്. 12 ശതമാനത്തില്‍ ഉള്‍പ്പെട്ടിരുന്ന 99 ശതമാനം ഉൽപ്പന്നങ്ങളും അഞ്ച് ശതമാനത്തിലായി. 28 ശതമാനമുണ്ടായിരുന്ന 90 ശതമാനവും 18 ശതമാനത്തിലും ഉള്‍പ്പെടുത്തി.കൗൺസിൽ നിലവിലുള്ള നാല് സ്ലാബുകൾ (5, 12, 18, 28 ) 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് നിരക്കുകളാക്കി കുറച്ചു. സെപ്റ്റംബർ 22നാണ് ഇത് പ്രാബല്യത്തിൽ വരിക.
നേരത്തെ കവറിലാക്കിയ ഭക്ഷ്യ വസ്തുക്കൾക്കെല്ലാം വിലകുറയ്ക്കാൻ തയ്യാറാണെന്ന് വൻകിട വ്യാപാരികൾ ഭക്ഷ്യമന്ത്രി ചിരാഗ് പസ്വാനുമായുള്ള കൂടിക്കാഴ്ചയിൽ സമ്മതിച്ചിരുന്നു. വളരെയധികം ഭക്ഷ്യ വസ്തുക്കളുടെ ജി.എസ്.ടി ഗവൺമെൻറ് അഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപയുടെ ചെറിയ പാക്കറ്റുകൾക്ക് വില കുറയ്ക്കാൻ കഴിയാത്തതിനാൽ അതിന്റെ അളവ് വർധിപ്പിക്കാമെന്നും വ്യാപാരികൾ സമ്മതിച്ചു. നാണയങ്ങളുടെ ലഭ്യതയെ ബാധിക്കുമെന്നതിനാലാണ് ഇവയുടെ വില വർധിപ്പിക്കാൻ കഴിയാത്തത്.