എച്ച്.യു.എൽ മേധാവിയായി പ്രിയ നായർ; ഓഹരി വിലയിൽ കുതിപ്പ്
text_fieldsമുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഉൽപന്ന കമ്പനിയായ ഹിന്ദുസ്ഥാൻ യൂനിലിവറിന്റെ (എച്ച്.യു.എൽ) ആദ്യ വനിത സി.ഇ.ഒയും എം.ഡിയുമായി പാലക്കാട്ടുകാരിയായ പ്രിയ നായരെ നിയമിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരിവിലയിൽ വൻ മുന്നേറ്റം.
ആഗസ്റ്റ് ഒന്നിനാണ് പ്രിയ നായർ ചുമതലയേൽക്കുന്നതെങ്കിലും ഇന്നലെ ബോംബെ ഓഹരി വിപണിയിൽ എച്ച്.യു.എൽ വില അഞ്ചു ശതമാനം ഉയർന്നു. 2529 രൂപയാണ് ഇന്നലത്തെ വില. പ്രിയ നായർ നിലവിൽ യൂനിലിവർ ബ്യൂട്ടി ആൻഡ് വെൽബീയിങ് വിഭാഗം പ്രസിഡന്റ് ആണ്. പ്രിയ ഹോം കെയർ വിഭാഗത്തിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായിരിക്കെ കമ്പനിയുടെ ലാഭം കുതിച്ചുയർന്നിരുന്നു. പുണെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ബിസിനസ് മാനേജ്മെന്റിൽനിന്ന് മാർക്കറ്റിങ്ങിൽ എം.ബി.എ നേടിയ പ്രിയ നായർ 1995ലാണ് യൂനിലിവറിൽ ജോലിയിൽ പ്രവേശിച്ചത്. കൺസ്യൂമർ ഇൻസൈറ്റ്സ് മാനേജറായി കരിയർ ആരംഭിച്ച പ്രിയ 11 തസ്തികകളിൽ ജോലി ചെയ്തശേഷമാണ് സി.ഇ.ഒ ആകുന്നത്.
അഞ്ചു വർഷത്തേക്കാണ് നിയമനം. പ്രിയ ഇനി കമ്പനി ഡയറക്ടർ ബോർഡിലും അംഗമാകും. ഇന്ത്യൻ വിപണിയെക്കുറിച്ച് വ്യക്തമായ ധാരണയും മികച്ച പ്രവർത്തന പാരമ്പര്യവുമുള്ള പ്രിയ, കമ്പനിയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് എച്ച്.യു.എൽ ചെയർമാൻ നിതിൻ പരഞ്ജ്പെ പറഞ്ഞു.