റിലയൻസിന്റേത് ഫ്രോഡ് അക്കൗണ്ടാക്കി എസ്.ബി.ഐ
text_fieldsമുംബൈ: റിലയൻസ് കമ്യൂണിക്കേഷൻസിന്റെ അക്കൗണ്ട് ഫ്രോഡ് അക്കൗണ്ടാക്കി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബി.ഐ. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വായ്പ അക്കൗണ്ടാണ് ഫ്രോഡെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2025 ജൂൺ 23നാണ് റിലയൻസിന് എസ്.ബി.ഐ വായ്പ അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
കമ്പനി ഓഹരി വിപണിയിലാണ് വായ്പ അക്കൗണ്ട് ഫ്രോഡായി പ്രഖ്യാപിച്ച വിവരം അറിയിച്ചത്. ആർ.ബി.ഐ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടിനെ ഫ്രോഡായി പ്രഖ്യാപിച്ചതെന്നും എസ്.ബി.ഐ അറിയിച്ചതായി റിലയൻസ് കമ്യൂണിക്കേഷൻ വ്യക്തമാക്കി.
സംഭവത്തിൽ 2023 ഡിസംബറിലും 2024 മാർച്ചിലും എസ്.ബി.ഐ റിലയൻസിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വായ്പചട്ടങ്ങൾ ലംഘിച്ചതിന് തൃപ്തികരമായ ഒരു വിശദീകരണം നൽകുന്നതിൽ റിലയൻസ് പരാജയപ്പെട്ടതോടെയാണ് റിലയൻസിനെതിരെ കർശന നടപടിയുമായി ബാങ്ക് രംഗത്തെത്തുകയായിരുന്നു.
തുടർനടപടിയുടെ ഭാഗമായി റിലയൻസ് കമ്യൂണിക്കേഷൻസിന്റേയും അനിൽ അംബാനിയുടേയും പേരുകൾ റിസർവ് ബാങ്കിന് അയക്കും. അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ അനിൽ അംബാനിയോ എസ്.ബി.ഐയോ തയാറായിട്ടില്ല. റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ സഹോദരനാണ് അനിൽ അംബാനി.
റിലയൻസ് കമ്യൂണിക്കേഷനെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന് മുമ്പാകെ പുരോഗമിക്കുകയാണ് . വൈകാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് ഡിഫന്‍സ് പുതിയ ആയുധ കരാറിൽ ഏർപ്പെട്ടിരുന്നു. 20,000 കോടി രൂപയുടെ മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍ വിപണി ലക്ഷ്യമിട്ട് യുഎസ് ആസ്ഥാനമായുള്ള കോസ്റ്റല്‍ മെക്കാനിക്‌സുമായി റിലയന്‍സ് ഡിഫന്‍സ് കരാറില്‍ ഒപ്പുവച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മള്‍ട്ടി-മോഡല്‍ ഇന്റര്‍നാഷണല്‍ കാര്‍ഗോ ഹബ് ആന്‍ഡ് എയര്‍പോര്‍ട്ടില്‍ സ്ഥാപിക്കുന്ന ഈ സംയുക്ത സംരംഭം ഇന്ത്യന്‍ വ്യോമസേനയുടെയും കരസേനയുടെയും 200-ലധികം വിമാനങ്ങള്‍ നവീകരിക്കുന്നതിലും പരിപാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.