ജി.എസ്.ടി പരിഷ്‍കാരം: ആദ്യ ദിവസം മുതൽ തന്നെ ഇളവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് നൽകും -മുകേഷ് അംബാനി
text_fieldsമുകേഷ് അംബാനി
മുംബൈ: ജി.എസ്.ടി പരിഷ്‍കാരം കൊണ്ട് ഉണ്ടാവുന്ന വിലക്കുറവിന്റെ നേട്ടം മുഴുവൻ ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസ് റീടെയിലിന്റെ ഭാഗമായുള്ള മുഴുവൻ സ്റ്റോറുകൾ വഴി ആനുകൂല്യം മുഴുവൻ ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആളുകളുടെ സമ്പാദ്യം ഉയർത്തുമെന്നും നികുതി സംവിധാനത്തെ ലളിതമാക്കുമെന്നും അംബാനി പറഞ്ഞു.
മാറ്റം മൂലം സാധനങ്ങളും സേവനങ്ങളും കൂടുതൽ വില കുറഞ്ഞ് ലഭിക്കുന്നതിന് ഇടയാക്കും. ബിസിനസ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ പുതിയ നികുതി സംവിധാനം മൂലം ലഘൂകരിക്കും. ഇത് പണപ്പെരുപ്പം കുറയാനും ആളുകൾ കൂടുതൽ പണം ചിലവഴിക്കുന്നതിനും കാരണമാകുമെന്നും അംബാനി പറഞ്ഞു.
കുടുംബ ബജറ്റിന്റെ സമ്മർദം കുറക്കുന്നതിന് പുതിയ പരിഷ്‍കാരം മൂലം സാധിക്കുമെന്ന് റിലയൻസ് റീടെയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു. ബിസിനസിനെ ഇത് കൂടുതൽ ലളിതമാക്കും. ഉപഭോക്താക്കൾക്കും റീടെയിൽ സെക്ടറിനും ഒരുപോലെ ഗുണകരമാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും ഇഷ അംബാനി പറഞ്ഞു.
ജി.എസ്.ടിയിൽ സമഗ്രമാറ്റം, ഇനി രണ്ട് സ്ലാബുകൾ മാത്രം; നിരവധി ഉൽപന്നങ്ങളുടെ വില കുറയും
ന്യൂഡൽഹി: ജി.എസ്.ടിയിൽ സമഗ്രമാറ്റം വരുത്തി കേന്ദ്രസർക്കാർ. ഇനി മുതൽ ജി.എസ്.ടിയിൽ അഞ്ച് ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകൾ മാത്രമാവും ഉണ്ടാവുക. 12, 28 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകൾ കേന്ദ്രസർക്കാർ ഒഴിവാക്കി. ഇതിനൊപ്പം ചുരുക്കം ചില ഉൽപന്നങ്ങൾക്കായി 40 ശതമാനം എന്ന നികുതിയും കൊണ്ടു വന്നിട്ടുണ്ട്. ഇന്ന് ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് ഇളവുകൾക്ക് അംഗീകാരം നൽകിയത്.
175 ഉൽപന്നങ്ങളുടെ വിലയാവും ജി.എസ്.,ടി മാറ്റത്തിലൂടെ കുറയുക. ടൂത്ത്പേസ്റ്റ്, സോപ്പ്, സോപ്പ് ബാർ, ഷാംപു, ടൂത്ത്ബ്രഷ്, സൈക്കിൾ, ടേബിൾമാറ്റ്, കിച്ചൺവെയർ തുടങ്ങി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങളുടെയെല്ലാം ജി.എസ്.ടി അഞ്ച് ശതമാനമാക്കി.എ.സി, 32 ഇഞ്ചിന് മുകളിലുള്ള ടിവി, ഡിഷ വാഷിങ് മെഷ്യൽ, ചെറിയ കാറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പാൻമസാല, പുകയില ഉൽപന്നങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, 350 സി.സിക്ക് മുകളിലുള്ള മോട്ടോർ ബൈക്കുകൾ എന്നിവക്ക് 40 ശതമാനം നികുതി ചുമത്തിയിട്ടുണ്ട്.
ഇതിനൊപ്പം ചില ഉൽപന്നങ്ങളുടെ നികുതി പൂജ്യം ശതമാനമായി കുറച്ചിട്ടുണ്ട്. പനീർ, വെണ്ണ, ചപ്പാത്തി, കടല, ലൈഫ് ഇൻഷൂറൻസ്, ഹെൽത്ത് ഇൻഷൂറൻസ് എന്നിവക്കും ഇനി നികുതിയുണ്ടാവില്ല.സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പരിഷ്കാരം മൂലം വലിയ നഷ്ടമുണ്ടാകുമെന്ന് 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗ ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ ധനമന്ത്രിമാർ ചൂണ്ടിക്കാട്ടി.