ശംഖ് എയർലൈൻസ് പുതുവർഷത്തിൽ പറന്നുയരും
text_fieldsന്യൂഡൽഹി: ഇന്ത്യൻ ആകാശത്ത് പുതിയൊരു വിമാനക്കമ്പനി കൂടി പുതുവർഷത്തിൽ പറന്നുയരും. ശംഖ് എയർലൈൻസാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ, ജനുവരി ആദ്യ പകുതിയോടെ പ്രവർത്തനം തുടങ്ങുന്നത്. ഇതോടൊപ്പം കോഴിക്കോട് കേന്ദ്രമായുള്ള അൽഹിന്ദ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അൽ ഹിന്ദ് എയർ , ഫ്ലൈ എക്സ്പ്രസ് എന്നീ രണ്ട് കമ്പനികൾക്കും സർവിസ് തുടങ്ങാൻ എൻ.ഒ.സി ലഭിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ലഖ്‌നോവിൽനിന്ന് ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലേക്കായിരിക്കും ശംഖ് എയർലൈൻസിന്റെ സർവിസ്. കൂടാതെ, യു.പിയിലെ വിവിധ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. തുടക്കത്തിൽ മൂന്ന് എയർബസ് വിമാനങ്ങളാണ് ഉണ്ടാവുക. ഒന്നര മാസത്തിനുള്ളിൽ രണ്ടു വിമാനങ്ങൾ കൂടി എത്തും.
2028-2029 ഓടെ അന്താരാഷ്ട്ര സർവിസുകൾ ആരംഭിക്കാനും രാജ്യത്തുടനീളം നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നതായി ചെയർമാൻ ശ്രാവൺ കുമാർ വിശ്വകർമ പറഞ്ഞു.
ഉത്സവ സീസണുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് കമ്പനി ഉറപ്പുനൽകുന്നു. എന്നാൽ, ബിസിനസ് ക്ലാസ് നിരക്കുകൾ മറ്റ് കമ്പനികളെ അപേക്ഷിച്ച് അൽപം കൂടുതലായിരിക്കും.


