വനിത സമ്പന്നരുടെ പട്ടികയിൽ ചരിത്രത്തിലാദ്യമായി ആദ്യ പത്തിൽ ഇടംപിടിച്ച് ഇന്ത്യൻ യുവതി
text_fieldsന്യൂഡൽഹി: വനിത സമ്പന്നരുടെ പട്ടികയിൽ ചരിത്രത്തിലാദ്യമായി ആദ്യ പത്തിൽ ഇടംപിടിച്ച് ഇന്ത്യയിൽ നിന്നുള്ള വനിത. എച്ച്.സി.എൽ ടെക്നോളജീസ് ചെയർപേഴ്സൺ റോഷ്നി നാടാറാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ വനിത. ഹുറുൺ ഗ്ലോബൽ റിച്ച്‍ ലിസ്റ്റിലാണ് റോഷ്ണി നാടാർ ഇടംപിടിച്ചത്. 3.5 ലക്ഷം കോടിയാണ് ഇവരുടെ ആകെ ആസ്തി.
എച്ച്.സി.എല്ലുമായി ബന്ധപ്പെട്ട 47 ശതമാനം ഓഹരികൾ ശിവ് നാടാർ മകൾക്ക് കൈമാറിയതോടെയാണ് റോഷ്നിയുടെ വരുമാനം ഉയർന്നത്. വാമ സുന്ദരി ഇൻവെസ്റ്റ്മെന്റ്(വാമ ഡൽഹി), എച്ച്.സി.എൽ കോർപറേഷൻ എന്നിവയുടെ ഓഹരികളാണ് റോഷ്നിക്ക് കൈമാറിയത്. ഇതോടെ 12 ബില്യൺ മൂല്യം വരുന്ന ടെക്നോളജി കമ്പനിയുടെ പൂർണ നിയന്ത്രണം റോഷ്നിക്ക് കൈവന്നു.
ഇതോടെ വാമ ഡൽഹിയിലെ 44.17 ശതമാനം ഓഹരിയുടേയും എച്ച്.സി.എൽ ടെക്നോളജിയിലെ 0.17 ശതമാനം ഓഹരിയുടേയും വോട്ടിങ് അവകാശം റോഷ്നിക്ക് ലഭിച്ചു.
51 ശതമാനം ഓഹരികൾ ശിവ്നാടാർ കൈമാറുന്നതിന് മുമ്പ് വാമ ഡൽഹിയിലും എച്ച്.സി.എൽ കോർപറേഷനിലും കൂടി 10.33 ശതമാനം ഓഹരിയാണ് രോഷ്നി നാടാർക്ക് ഉണ്ടായിരുന്നത്. 2020 ജൂലൈയിലാണ് റോഷ്നി എച്ച്.സി.എൽ ടെക്നോളജീസിന്റെ ചെയർപേഴ്സണായി ചുമതലയേറ്റെടുത്ത്. ശിവ് നാടാർ ഫൗണ്ടേഷനിൽ ട്രസ്റ്റിയായും അവർ പ്രവർത്തിക്കുന്നുണ്ട്.
ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം മുകേഷ് അംബാനിയാണ് ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാമത്. ഗൗതം അദാനിയാണ് രണ്ടാമത്. എന്നാൽ ലോകത്ത് ആദ്യത്തെ പത്ത് സമ്പന്നരുടെ പട്ടികയിൽ നിന്ന് മുകേഷ് അംബാനി പുറത്തായി.