വിറ്റുവരവ് 1000 കോടി കവിഞ്ഞു; ചരിത്രനേട്ടത്തിൽ കെൽട്രോൺ
text_fieldsഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ നിർമാണരംഗത്ത് പൊതുമേഖലയിൽ രാജ്യത്ത് ആദ്യമായി നിലവിൽവന്ന സ്ഥാപനമായ കെൽട്രോൺ (കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) രൂപവത്കരണത്തിന്റെ 50 വർഷം പിന്നിടുമ്പോൾ 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്.
തുടക്കത്തിൽ ശ്രദ്ധയൂന്നിയ ഇലക്ട്രോണിക്സ് മേഖലക്ക് പുറമേ സിസ്റ്റം ഇൻറഗ്രേഷൻ, ഹാർഡ് വെയർ വിൽപന, സോഫ്റ്റ് വെയർ ഡെവലപ്മെന്റ്, നെറ്റ് വർക്കിങ്, നൈപുണ്യ വികസനം, എന്നിങ്ങനെ വിവിധ തലത്തിലുള്ളതും വൈവിധ്യപൂർണവുമായ ബിസിനസ് ആണ് കെൽട്രോൺ ഇപ്പോൾ നടത്തിവരുന്നത്.
കൃത്യസമയത്തുള്ള ബിസിനസ് ചുവടുമാറ്റവും പ്ലാൻ ഫണ്ടുകളിലൂടെയും ബഡ്ജറ്റിലൂടെയും സംസ്ഥാന സർക്കാർ അനുവദിച്ചുതന്ന സാമ്പത്തിക സഹായങ്ങളും കെൽട്രോണിന്റെ മുഖം മാറ്റി. പല പദ്ധതികളിലും ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടത് പുതിയ മേഖലകളിലേക്ക് കടന്നുകയറാൻ സഹായകമായി.
പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയാണ് കെൽട്രോണിന്റെ മുഖ്യ കരുത്ത്. നാവികസേനക്കുവേണ്ടി ഒട്ടനവധി ഉൽപന്നങ്ങൾ കെൽട്രോൺ നിർമിച്ചു നൽകിവരുന്നുണ്ട്. കെൽട്രോണിന്റെ സ്വന്തം സാങ്കേതികവിദ്യയും കൂടാതെ സി-ഡാക്കിന്റെയും എൻ.പി.ഒ.എൽ-ന്റെയും സാങ്കേതികവിദ്യയും ഉപയോഗിച്ച് നിരവധി ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ - ടോവ്ഡ് അറെ സിസ്റ്റം, ട്രാൻസർ, സോണോബൈ, സോണാർ പവർ ആംപ്ലിഫൈർ, സോനാർ അരെ, എക്കോ സൗണ്ടർ, ഇ.എം ലോഗ്, അണ്ടർ വാട്ടർ ടെലിഫോണി തുടങ്ങിയവ കെൽട്രോൺ തദ്ദേശീയമായി നിർമിച്ച് ഇന്ത്യൻ നേവിക്ക് നൽകുന്നുണ്ട്.
ഐ.എസ്.ആർ.ഒ സ്ഥാപനങ്ങളുമായി സഹകരിച്ച് അവരുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്പേസ് ഇലക്ട്രോണിക്സിന് വേണ്ട ഉപകരണങ്ങൾ നിർമിച്ചുനൽകുന്നു. ഒട്ടുമിക്ക ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിലും മൊത്തമായുള്ള 300 ഓളം ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഏകദേശം 40 എണ്ണം കെൽട്രോൺ നൽകിവരുന്നതാണ്.
നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ട്രാഫിക് എൻഫോഴ്സ്മെൻറ് സിസ്റ്റം രാജ്യത്ത് ആദ്യമായി നടപ്പാക്കി ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റത്തിൽ ഒരു വിപ്ലകാത്മക മാറ്റത്തിന് കെൽടോൺ തുടക്കമിട്ടു. കെൽട്രോൺ നടപ്പാക്കിയ ഈ അത്യാധുനിക പദ്ധതിയുടെ ഫലപ്രാപ്തിയും വിജയവും മനസ്സിലാക്കി ഇതര സംസ്ഥാന സർക്കാറുകളും ഏജൻസികളും കെൽട്രോണിനെ സമീപിക്കുകയും പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ നടത്തിവരുകയുമാണ്.
ഐ.ടി അധിഷ്ഠിത ഇ-ഗവേണൻസ് നടപ്പാക്കി കെൽട്രോൺ പുതുമാതൃക സൃഷ്ടിച്ചു. കോവിഡ് കാലത്ത് ഏറ്റവും പ്രശംസ പിടിച്ചുപറ്റിയ ജയിൽ, കോടതി എന്നിവയെ ബന്ധിപ്പിക്കുന്ന വിഡിയോ കോൺഫറൻസിങ് സിസ്റ്റം, ഡാറ്റ സെൻററുകൾ, ക്ലൗഡ് ഡാറ്റ സെർവറുകൾ തുടങ്ങിയ ഐ.ടി ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ, വിവിധതരം സോഫ്റ്റ് വെയർ സൊല്യൂഷനുകൾ സ്മാർട്ട് ക്ലാസ് റൂം/ഹൈ ടെക് ലാബ് പദ്ധതികൾ തുടങ്ങിയവ കെൽടോണിന്റെ ഐ.ടി ബിസിനസ് യൂനിറ്റ് നൽകിവരുന്നുണ്ട്.
രാജ്യത്തെ മിക്ക നഗരങ്ങളും സ്മാർട്ട് സിറ്റി ആകുന്നതിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങൾ കെൽട്രോൺ സ്ഥാപിക്കുന്നുണ്ട്. അഹ്മദാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊച്ചി, തിരുപ്പതി എന്നിവിടങ്ങളിൽനിന്ന് അതിനുള്ള ഓർഡറുകൾ നേടിയെടുക്കുകയും ചെയ്തു.
ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കുന്നതിന് കെൽട്രോണിനെ സഹായിച്ച മറ്റൊരു ഘടകം അതിന്റെ പ്രൊഫഷണൽ നേതൃത്വമാണ്. ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിരുന്ന എൻ. നാരായണ മൂർത്തിയാണ് കെൽട്രോൺ ചെയർമാൻ. റിട്ട.വൈസ് അഡ്മിറൽ ശ്രീകുമാർ നായർ എം.ഡി യും. ടെക്നിക്കൽ ഡയറക്ടറായി എൻ.പി.ഒ.എൽ മുൻ ഡയറക്ടർ ഡോ എസ്. വിജയൻ പിള്ളയും എക്സിക്യൂട്ടിവ് ഡയറക്ടറായി മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ഹേമ ചന്ദ്രനും പ്രവർത്തിക്കുന്നു. വിദഗ്ധരുടെ നേതൃത്വം പുതിയ ഉയരങ്ങൾ കീഴടക്കാൻ സഹായകമായി. ജീവനക്കാരുടെ സുതാര്യമായ നിയമനവും സ്ഥാപനത്തിൻന്റെ മികവ് വർധിപ്പിക്കാൻ സഹായകമായി. സർക്കാറിന്റെ പുതിയ വ്യവസായ നയത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിൽനിന്നുള്ള നയപരമായ പിന്തുണയും കെൽടോൺ ജീവനക്കാരുടെ കൂട്ടായ പ്രവർത്തനങ്ങളും വഴി കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാനാണ് മാസ്റ്റർ പ്ലാനിലൂടെ ശ്രമിക്കുന്നത്. 1400 കോടി രൂപയുടെ ഓർഡർ ബുക്കിങ് നേടാനും നടപ്പുവർഷം 1000 കോടി രൂപക്ക് മുകളിൽ വിറ്റുവരവ് ഉയർത്താനുമാണ് ഈ സന്ദർഭത്തിൽ ലക്ഷ്യമിടുന്നത്.