‘പഹലിഷാ, നിങ്ങൾക്കിനി നടക്കാൻ സാധിക്കില്ല’ ഡോക്ടർ പറഞ്ഞു. ‘അങ്ങനെയാണോ? എങ്കിൽ ഞാൻ പറന്നുകൊള്ളാം...’
text_fields1. പഹലിഷാ കള്ളിയത്ത് , 2. ദുബൈയിൽ സ്കൈ ഡൈവിങ്ങിനിടെ
ടേക്ക് ഓഫ് ചെയ്ത് 13000 അടി മുകളിലെത്തിയ ആ ഫ്ലൈറ്റിൽ നിന്ന് അയാൾ താഴേക്ക് നോക്കി... താഴെ മണലാരണ്യത്തിന് നടുവിൽ പരന്നുകിടക്കുന്ന ദുബൈ നഗരം... സ്വപ്നങ്ങൾക്ക് ചിറകുമുളക്കുന്നതായി അവനുതോന്നി. തുറന്നു കിടക്കുന്ന ഡൈവിങ് വിൻഡോയിൽനിന്ന് താഴേക്ക് ഒരു പക്ഷിയെപ്പോലെ പറന്നിറങ്ങി. മേഘക്കീറുകളും കടന്ന്, പറന്ന് പാരച്ച്യൂട്ടിൽ നിലത്തിറങ്ങുമ്പോൾ വിധി മുട്ടുകുത്തിനിന്നിരിക്കണം. അതങ്ങനെയാണ്, ചിലർക്ക് ജീവിതത്തിനും മുകളിൽ പറന്നുയരാൻ നിശ്ചയദാർഢ്യവും മനസ്സുറപ്പും മാത്രം മതിയാകും. വിധി കവർന്ന കാലുകൾക്ക് പകരം അവിടെ ചിലർക്ക് ചിറകുകൾ പൊട്ടി മുളച്ചേക്കും...
കൈരളി ടി.എം.ടി ഡയറക്ടർ പഹലിഷാ കള്ളിയത്തിന്റെ ജീവിതം ആത്മവിശ്വാസത്തിന്റെ ഒരധ്യായമാണ്. 2009ൽ കാറപകടത്തിൽ അരക്കുതാഴെ പൂർണമായും തളർന്ന് ഒന്നരവർഷത്തോളം ആശുപത്രിക്കിടക്കയിൽ ജീവിച്ചുതീർത്ത നാളുകൾ ഓരോന്നും ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ചങ്കുറപ്പോടെ പഹലിഷ തിരിച്ചുപിടിക്കുകയാണ്. ആ വഴിയിൽ ഒന്നും തടസ്സമാകുന്നില്ല. ആഗ്രഹങ്ങളോരോന്നും പടിപടിയായി പറന്ന് കീഴടക്കുകയാണയാൾ.
ജീവിതത്തിന്റെ ബോക്സിങ് റിങ്
പ്ലസ് ടു പഠനത്തിനുശേഷം സഹോദരൻ ഹുമയൂൺ കള്ളിയത്തിനൊപ്പം ജിം പതിവാക്കിയ പഹലിഷാ പതിയെ പവർലിഫ്റ്റിങ് കൂടെക്കൂട്ടി. നിരവധി ചാമ്പ്യൻഷിപ്പുകളിൽ വിജയിച്ച അദ്ദേഹം 2008ൽ രാജസ്ഥാനിൽനടന്ന ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. എന്നാൽ പതിയെ തന്റെ ആഗ്രഹം പിന്നീട് ബോക്സിങ് റിങ്ങിലേക്ക് മാറ്റി. കോളജ് പഠനത്തിനിടെ യൂനിവേഴ്സിറ്റി ബോക്സിങ് കോമ്പറ്റീഷനുകളിൽ പലതവണ ജേതാവായി. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ഇടുക്കിയിൽനിന്ന് തിരികെ മടങ്ങുമ്പോൾ പുലർച്ചെ കോഴിക്കോട് തൊണ്ടയാടുവെച്ചാണ് പെഹലിഷയുടെ കാർ അപകടത്തിൽപെടുന്നത്. അവിടെവെച്ചാണ് ജീവിതം മാറിമറിയുന്നതും.
കുടുംബത്തോടൊപ്പം, കൈരളി ടി.എം.ടി എക്സിക്യൂട്ടിവ് ഡയറക്ടറും സഹോദരനുമായ ഹുമയൂൺ കള്ളിയത്തിനൊപ്പം
മൂന്ന് ജീവിതങ്ങൾ
അപകടശേഷമുള്ള കാലത്തെ മൂന്ന് ജീവിതഘട്ടമായാണ് പഹലിഷാ കാണുന്നത്. ‘‘ഏറെ സമയമെടുത്താണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ആരായാലും ആകെ തളർന്നുപോകുന്ന സമയം. ആശുപത്രികളിൽ തന്നെയുള്ള ജീവിതമായിരുന്നു പിന്നീട്. കോമ സ്റ്റേജിൽ 15 ദിവസത്തോളം. ഒന്നരവർഷം വെല്ലൂരിൽ ചികിത്സ. ആ സമയത്തെ മൂന്ന് ഘട്ടമായാണ് കാണുന്നത്. ഒന്ന്, ആക്സിഡന്റിനുശേഷം മുഴുവനായി ഡിപ്രഷനിലായ സമയം. ആശുപത്രിയിൽതന്നെ കഴിഞ്ഞ നാളുകൾ. ഇനിയെന്തെന്ന ചോദ്യത്തിൽ ഒതുങ്ങിയ സമയം. ഷർട്ടിന്റെ ബട്ടനിടാനും എഴുതാൻപോലും കഴിയാത്ത അവസ്ഥ. അതിൽനിന്ന് ഏറേ സമയമെടുത്താണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. ഏഴെട്ടുമാസത്തിനുശേഷം വീൽ ചെയറിലേക്ക് ഇരിക്കാൻ തുടങ്ങി. അതായിരുന്നു രണ്ടാം ഘട്ടം. അപ്പോഴാണ് കുറച്ചെങ്കിലും ആശ്വാസം വന്നുതുടങ്ങിയത്. ആക്സിഡന്റ് നടന്നുകഴിഞ്ഞു എന്നത് ആക്സപറ്റ് ചെയ്യുന്ന ആ സ്റ്റേജ്. മൂന്നാമത്തെത് എങ്ങനെയും ആ അവസ്ഥയോട് ഫൈറ്റ് ചെയ്ത് മുന്നോട്ടുപോവുക എന്ന ഘട്ടം. ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമം. ഉമ്മ ആസ്യ ഒരു കുഞ്ഞിനെപ്പോലെ എന്നെ പിന്നെയും ലാളിച്ചു. ഉപ്പ അബ്ദുൽ ഗഫൂറും ജേൃഷ്ഠൻ ഹുമയൂണും സഹോദരിമാരായ ഫരീദയും മറിയം റിനുവും കൂട്ടുകാരും കൂടെനിന്നു. കോളജിലെ പഠനം തീർക്കുക എന്നതായിരുന്നു ആദ്യം മുന്നിലുണ്ടായിരുന്നത്. ഫാറൂഖ് കോളജിൽ ബി.കോം പഠിക്കുകയായിരുന്നു. വീണ്ടും കോളജിൽ പോകാൻ തുടങ്ങി, വീൽചെയറിൽ. കോളജിലേക്ക് കൊണ്ടുപോയിരുന്നത് കൂട്ടുകാർതന്നെ. ശേഷം ഡിസ്റ്റന്റായി എം.ബി.എ പൂർത്തിയാക്കി ബിസിനസിലേക്ക് കടന്നു. ഓൾ ഇൻ ഓൾ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഞാനാണ് നോക്കുന്നത്. ഇപ്പോൾ കൈരളി ടി.എം.ടി ഡയറക്ടറാണ്’’ -പഹലിഷാാ പറയുന്നു.
ബക്കറ്റ്ലിസ്റ്റിലെ സ്കൈ ഡൈവ്
മനസിലെവിടെയെങ്കിലും അൽപമെങ്കിലും ഭയം കിടക്കുന്നുണ്ടെങ്കിൽ അത് മാറ്റിയെടുക്കുക എന്നതായായിരുന്നു സ്കൈ ഡൈവിങ് ബക്കറ്റ്ലിസ്റ്റിൽ ഉൾപ്പെടാനുള്ള ഒരു കാരണം. സ്കൈഡൈവിങ് പോലൊരു ചലഞ്ചിങ്, അഡ്വഞ്ചറസ് ആക്ടിവിറ്റി ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യംതന്നെയായിരുന്നു. 2019ൽ ദുബൈയിൽവെച്ചാണ് സ്കൈ ഡൈവിങ് ചെയ്യുന്നത്. 2015ൽ അന്വേഷിച്ചിരുന്നെങ്കിലും അന്ന് ഭാരക്കൂടുതൽ കാരണം സാധിച്ചില്ല. പിന്നീട് വ്യായാമം തുടർന്ന് ഭാരം കുറച്ച ശേഷമാണ് 2019ൽ വീണ്ടും സ്കൈ ഡൈവിങ്ങിനെത്തിയത്. താഴ്ഭാഗം തളർന്നുകിടക്കുന്നതുകൊണ്ട് നാട്ടിൽനിന്ന് ഡോക്ടറുടെ സർട്ടിഫിക്കറ്റ് അടക്കം ഇതിനായി തയാറാക്കേണ്ടിവന്നു. ഒരുദിവസം മുഴുവൻ ട്രെയിനിങ് ആയിരുന്നു. എന്ത് പ്രതിബന്ധങ്ങളുണ്ടെങ്കിലും അതെല്ലാം മറികടന്ന് സ്കൈഡൈവിങ് ചെയ്തേ നാട്ടിലേക്ക് മടങ്ങൂ എന്ന് ഉറപ്പിച്ചിരുന്നു. ഞാൻ എന്നെത്തന്നെ, തോൽപ്പിക്കുന്ന നിമിഷമായിരുന്നു അത്. അത് ആത്മവിശ്വാസം എത്രയോ മടങ്ങ് വർധിപ്പിച്ചു. 13000 അടി മുകളിൽനിന്നായിരുന്നു സ്കൈ ഡൈവ് ചെയ്തത്. പിന്നീട് സ്കൂബാ ഡൈവ് അടക്കം വേറെയും അഡ്വഞ്ചറസ് ആക്ടിവിറ്റികൾ. ഡ്രൈവിങ് ഏറെ ഇഷ്ടമാണ്. എന്നാൽ അപകടത്തിൽനിന്ന് തിരിച്ചുവന്ന ആദ്യസമയത്തൊക്കെ ദീർഘദൂരയാത്രകൾ ആകെ തളർത്തിയിരുന്നു. രോഗപ്രതിരോധശേഷി കുറവായതുകൊണ്ട് അസുഖങ്ങളും പതിവായി. പിന്നീട് ചിട്ടയായ വ്യായാമവും ഫിസിയോ തെറപ്പിയും എല്ലാംകൊണ്ട് അതൊക്കെ മാറ്റിയെടുത്തു. ഇപ്പോൾ സ്വന്തമായാണ് ഡ്രൈവിങ്. അതിനനുസരിച്ച് കാറിൽ മോഡിഫിക്കേഷൻ വരുത്തിയിട്ടുണ്ട്. ദീഘദൂരയാത്രകളിലും സെൽഫ് ഡ്രൈവ് തന്നെ. വീൽചെയറിലിരുന്ന് ഇപ്പോഴും പഞ്ചിങ് പ്രാക്ടീസ് ചെയ്യാറുമുണ്ട്.
കൂടെനിർത്തണം
ആളുകളുടെ സഹതാപത്തോടെയുള്ള നോട്ടവും ചോദ്യങ്ങളുമാണ് ഭിന്നശേഷിക്കാരിൽ ഏറ്റവുംകൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. അത് തിരിച്ചറിഞ്ഞ ആളാണ് ഞാൻ. ആദ്യമൊക്കെ പുറത്തിറങ്ങാൻതന്നെ മടിയായിരുന്നു. എന്നാൽ പിന്നീട് സഹതാപനോട്ടങ്ങൾ അവഗണിക്കാൻ പഠിച്ചു. ഇന്ന് എവിടെയും ഒറ്റക്ക് കയറിച്ചെല്ലാനുള്ള ധൈര്യമുണ്ട്. 2023ൽ ഭിന്നശേഷിക്കാരായവർക്ക് കൈരളി ടി.എം.ടിയിൽ ജോലി നൽകുക എന്ന ഒരു ചലഞ്ച് മുന്നോട്ടുവെച്ചിരുന്നു. അതുപ്രകാരം പലരും ഇന്ന് കമ്പനിയിൽ ജോലിചെയ്യുന്നുണ്ട്. ശാരീരിക പരിമിതി കാരണം ആരും ജോലി കിട്ടാതെ കഷ്ടപ്പെടാൻ പാടില്ല എന്ന ചിന്തതന്നെയാണ് ഈയൊരു ഉദ്യമത്തിന്റെ പിന്നിൽ. തികച്ചും ഭിന്നശേഷി സൗഹൃദമായ ഒരിടമാക്കി കമ്പനിയെ മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പുതിയ ഒരു പദ്ധതികൂടിയുണ്ട്. പൊതു ഇടങ്ങളിൽ ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ ഒരുക്കാനൊരുങ്ങുകയാണ് കൈരളി ടി.എം.ടി. ഇതിന്റെ ആദ്യ ഘട്ടമായി 20 ഇടങ്ങളിൽ വീൽചെയർ റാമ്പുകൾ തയാറാക്കുന്നുണ്ട്.
ചോയ്സ് ഓഫ് എ ലൈഫ്ടൈം