ജി.എസ്.ടി ഇളവ്: 10 ദിവസം കഴിഞ്ഞും വിപണി കണ്ടില്ല; പുതിയ മോഡലുകൾ ചൂണ്ടി വൻകിട ബ്രാൻഡുകളുടെ തട്ടിപ്പ്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ജി.എസ്.ടി പരിഷ്കാരം പ്രാബല്യത്തിൽ വന്ന് പത്ത് ദിവസം പിന്നിടുമ്പോഴും നിരക്കിളവിന്റെ ഗുണഫലം കാര്യമായി വിപണിയിലെത്തിയില്ല. 450ലധികം ഇനങ്ങൾക്കാണ് നിരക്കുമാറ്റം വരേണ്ടതെങ്കിലും ഇതിൽ ഭൂരിഭാഗവും പഴയ വിലയിൽ തന്നെയാണ് വിപണിയിലുള്ളത്. എന്താണ് സംഭവിച്ചതെന്നതിൽ അധികൃതർക്ക് കൃത്യമായ വിശദീകരണമില്ല. റിപ്പോർട്ട് സമർപ്പിക്കാനാണ് തങ്ങളോട് ആവശ്യപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വലിയ ബ്രാൻഡുകൾ പുതിയ മോഡലുകളുടെ പേരിലാണ് നിരക്കിളവിനെ മറികടക്കുന്നത്. ചെറുകിട വിപണിയിൽ സ്ഥിതി മറ്റൊന്നാണ്. ജി.എസ്.ടി പരിഷ്കാരത്തിന് മുമ്പ് കൂടിയ വില കൊടുത്ത് വാങ്ങിയ സ്റ്റോക്ക് കുറഞ്ഞ വിലയിൽ വിൽക്കുന്നത് നഷ്ടത്തിനിടയാക്കുമെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്.
28 ശതമാനം നികുതിയുള്ളപ്പോൾ വാങ്ങിയ സാധനം 18 ശതമാനത്തിന് വിൽക്കാനാണ് വ്യാപാരികളോട് ആവശ്യപ്പെട്ടത്. ഈ ഇനത്തിലെ നഷ്ടം എങ്ങനെ നികത്തും എന്നത് സംബന്ധിച്ച് കൃത്യമായ വിശദീകരണം അധികൃതരിൽ നിന്നുമുണ്ടായില്ല. ഇതോടെ ചെറുകിട വിപണിയിലും ഉദ്ദേശിച്ച ഫലം പ്രകടമായില്ല. സംസ്ഥാനത്ത് ഏതാണ്ട് 14 ലക്ഷത്തോളം വ്യാപാരികളിൽ 3.5 ലക്ഷം പേരൊഴികെ ബാക്കിയെല്ലാം ചെറുകിട കച്ചവടക്കാരാണ്. സാധാരണക്കാർ ആശ്രയിക്കുന്നത് ഇവരെയും.
വില കുറക്കാതെ ലാഭമെടുക്കുന്ന കമ്പനികളെയും ഇടനിലക്കാരെയും നേരിടാനുള്ള ജി.എസ്.ടി വ്യവസ്ഥകളുടെ ചിറകരിഞ്ഞ ശേഷമാണ് നിരക്കിളവ് കൊണ്ടുവന്നത് എന്നത് കമ്പനികൾക്ക് കൂടുതൽ സൗകര്യമായി. 2017ലെ ജി.എസ്.ടി ആക്ടിലെ സെക്ഷൻ 171 ലാണ് (ആന്റി-പ്രോഫിറ്റിയറിങ്) നികുതിയിളവ് ഗുണഭോക്താക്കൾക്ക് നൽകാതെ ലാഭം കൊയ്യുന്നവർക്കെതിരെ കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിരുന്നത്.
എന്നാൽ, ജി.എസ്.ടി കൗൺസിലിന്റെ ശിപാർശ പ്രകാരം 2025 ഏപ്രിൽ ഒന്നിന് സെക്ഷൻ 171 മരവിപ്പിച്ചു. മാത്രമല്ല, വിതരണക്കാർ ലാഭമുണ്ടാക്കുന്നുണ്ടോ എന്ന് നിർണയിക്കാനും അവർക്കെതിരെ നടപടിയെടുക്കാനുമുള്ള നാഷനൽ ആന്റി-പ്രോഫിറ്റിയറിങ് അതോറിറ്റി (എ.എ.എ), ഡയറക്ടറേറ്റ് ജനറൽ ഓഫ് ആന്റി-പ്രോഫിറ്റിയറിങ് (ഡി.ജി.എ.പി), ഉപഭോക്താക്കൾക്ക് പരാതി കൈമാറാനുള്ള സ്റ്റാൻഡിങ് ആൻഡ് സ്ക്രീനിങ് കമ്മിറ്റികൾ എന്നിവക്കും ഏപ്രിൽ ഒന്നിന് താഴുവീണു. നാല് മാസശേഷം നിരക്കിളവ് വന്നെങ്കിലും നിർദേശം പാലിക്കാത്തവർക്കെതിരെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്.
28 ശതമാനമായിരുന്ന നികുതി 18 ശതമാനത്തിലേക്ക് കുറയുന്നത് സാധാരണക്കാർക്കും മധ്യവർഗത്തിനും വലിയ ആശ്വാസമാകുമെന്നായിരുന്നു പ്രതീക്ഷ. അതേസമയം, വിജ്ഞാപനമിറക്കി ഇളവുകൾ രേഖകളിൽ യാഥാർഥ്യമാകുമ്പോഴും വിപണിയിൽ പ്രതിഫലിക്കുന്നുണ്ടോ എന്നത് പ്രായോഗികമായി ഉറപ്പുവരുത്താൻ സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഇൻഷുറൻസ് പ്രീമിയത്തിലെ നികുതി ഒഴിവാക്കലിന്റെ പ്രയോജനം ഗുണഭോക്താക്കളിലേക്ക് എത്തുമോ എന്നതിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.


