ട്രംപിന്റെ തീരുവ ഏഷ്യക്ക് പണിയാകും; വരാനിരിക്കുന്ന നാളുകൾ അത്ര സുഖകരമാവില്ലെന്ന് വിദഗ്ധർ
text_fieldsന്യൂഡൽഹി: വിവിധ രാജ്യങ്ങൾക്കുമേൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകരംതീരുവ ഏഷ്യൻ രാജ്യങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് സാമ്പത്തികവിദഗ്ധർ. ഇതുമൂലം ഏഷ്യയിലെ ബിസിനസ് നിക്ഷേപത്തിൽ ഇടിവുണ്ടാകുമെന്നും കേന്ദ്രബാങ്കുകൾ കൂടുതൽ തവണ പലിശനിരക്കുകൾ കുറക്കാൻ നിർബന്ധിതമാവുമെന്നും സാമ്പത്തികവിദഗ്ധർ വ്യക്തമാക്കുന്നു.
യു.എസ് ചൈനക്കും തായ്‍ലാൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കും ചുമത്തിയിട്ടുള്ള തീരുവ തമ്മിൽ വലിയ മാറ്റമില്ല. അതുകൊണ്ട് മറ്റ് അസിയാൻ രാജ്യങ്ങൾ വഴി കയറ്റുമതിയെന്ന ചൈനയുടെ മുൻ നയത്തിൽ കാര്യമായ മാറ്റങ്ങൾ വേണ്ടിവരുമെന്ന് ഓവർസീ-ചൈനീസ് ബാങ്കിങ് കോർപറേഷൻ മേധാവി സെലേന യങ് പറഞ്ഞു.
യു.എസ് തീരുവ പുറത്ത് വന്നതോടെ ഏഷ്യൻ രാജ്യങ്ങൾക്കുള്ള വളർച്ചാ അനുമാനം ഗോൾഡ്മാൻ സാചസ് ഗ്രൂപ്പ് കുറച്ചിരുന്നു. ഇതോടെ സമ്പദ്‍വ്യവസ്ഥയെ പിടിച്ചുനിർത്താൻ ഇന്ത്യ, ദക്ഷിണകൊറിയ മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവക്ക് കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഗോൾഡ്മാൻ സാചസ് മുന്നറിയിപ്പ് നൽകിയിരുന്നു.
വിവിധ ഏഷ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ മൂലം പലിശനിരക്കിൽ 50 മുതൽ 100 ബേസിക് പോയിന്റിന്റെ വരെ കുറവ് വരുത്താൻ നിർബന്ധിതരാകുമെന്നാണ് മോർഗൻ സ്റ്റാൻലി ചീഫ് ഇക്കണോമിസ്റ്റ് ചേതൻ അഹ്യ പറഞ്ഞു.
പുതു വ്യാപാരയുദ്ധത്തിന് തുടക്കമിട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് പകരം തീരുവ പ്രഖ്യാപിച്ചിരുന്നു. വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വാർത്താസമ്മേളത്തിന് എത്തിയത്. 10 ശതമാനം അടിസ്ഥാന തീരുവയാണ് ഉൽപന്നങ്ങൾക്കുമേൽ യു.എസ് ചുമത്തുന്നത്.
49 ശതമാനമാണ് യു.എസ് മറ്റ് രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേൽ 34 ശതമാനവും യുറോപ്യൻ യൂണിയന് 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനമാണ് തീരുവ.