വിപണി അപകട മുനമ്പിൽ
text_fieldsഇന്ത്യൻ ഓഹരി വിപണിയിൽ ഇത് ഏറെ കരുതലും ജാഗ്രതയും ആവശ്യമുള്ള സമയം. നിഫ്റ്റി 23,000 എന്ന സൈക്കളോജിക്കൽ സപ്പോർട്ടിന് അരികെയാണ്. 23,000ത്തിന് താഴെ പോയാൽ സാധാരണ നിക്ഷേപകർ ആശങ്കയിൽ കൂട്ട വിൽപന നടത്തിയേക്കും. ഇന്ത്യയിലെ കമ്പനികൾ മൂന്നാം പാദഫലങ്ങൾ പുറത്തുവിട്ടുതുടങ്ങി. ആദ്യം വന്ന ഫലങ്ങൾ അത്ര ആശാവഹമല്ല. രണ്ടുവർഷമായി കുതിച്ച ഇന്ത്യൻ വിപണി അമിത മൂല്യത്തിലെത്തി ഒരു തിരുത്തലിന് കാരണം നോക്കിയിരിക്കുകയാണ്. ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് കുറഞ്ഞുവരുന്നുവെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് നിക്ഷേപകരുടെ ആവേശം കെടുത്തിയിട്ടുണ്ട്.
യു.എസ് ട്രഷറി ബോണ്ട് യീൽഡ് (ബോണ്ടിന് ലഭിക്കുന്ന പലിശ നിരക്ക്) ഉയർന്നുനിൽക്കുന്നതിനാൽ വിദേശ നിക്ഷേപകർ ഇന്ത്യയിൽ കൂട്ട വിൽപന തുടരുകയാണ്. ട്രംപിന്റെ വരവ് യു.എസ് സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകരുമെന്ന വിശ്വാസവും മൂലധനത്തിന്റെ തിരിച്ചൊഴുക്കിന് കാരണമാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ശക്തമായ പിന്തുണയുള്ളതിനാൽ വിപണിയൊന്നാകെ ഇടിഞ്ഞുപൊളിഞ്ഞ് വീഴും എന്ന ആശങ്കയില്ല. അതേസമയം, ഓരോ ഉയർച്ചയിലും ലാഭമെടുക്കുക എന്ന തന്ത്രമാണ് വൻകിട നിക്ഷേപകർ ഇത്തരം അവസ്ഥയിൽ ചെയ്യാറുള്ളത്.
ഒന്നോ രണ്ടോ ദിവസത്തെ മുന്നേറ്റം കണ്ട് ഇതാ തിരിച്ചുകയറുന്നു എന്ന് ഉറപ്പിക്കേണ്ടതില്ല. പുതിയ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഒരു ദിശ ലഭിക്കുന്നതുവരെ കാത്തിരിക്കുന്നതാണ് നല്ലത്. നിലവിൽ നിക്ഷേപിച്ച് ഇരിക്കുന്നവർ നല്ല അവസരങ്ങളിൽ വിറ്റ് ലാഭമെടുക്കുക. ദീർഘകാല നിക്ഷേപകർക്കും എസ്.ഐ.പി നിക്ഷേപകർക്കും ഇതൊന്നും ബാധകമേയല്ല. അവർക്കിത് നിക്ഷേപത്തിനുള്ള അവസരമാണ്. ഈ മോശം കാലം പിന്നിട്ട് ഓഹരി വിപണി മുകളിലേക്ക് കുതിക്കുക തന്നെ ചെയ്യും. കൈയിലിരിക്കുന്ന ഓഹരിയുടെ കമ്പനി പാദഫലം ശ്രദ്ധിക്കുക. മോശം പ്രകടനം നടത്തുന്ന കമ്പനികളെ വിപണി അടിച്ചുതാഴ്ത്തും. പ്രത്യേകിച്ച് ഇപ്പോഴത്തെ അവസ്ഥയിൽ.