മിനിമം ബാലൻസ് പിഴയായി ബാങ്കുകൾ ഈടാക്കിയത് 7,086 കോടി; ഏറ്റവും കൂടുതൽ പിരിച്ചെടുത്തത് എച്ച്.ഡി.എഫ്.സി
text_fieldsപ്രതീകാത്മക ചിത്രം
സേവിങ്സ്, കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് (MAB) നിലനിർത്താത്തതിന് 2025-26 സാമ്പത്തിക വർഷത്തിൽ (FY26) സ്വകാര്യ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയത് 4,948.71 കോടി രൂപയാണെന്ന് പാർലമെന്റിൽ അറിയിച്ചു. ഇതേ കാലയളവിൽ പൊതുമേഖലാ ബാങ്കുകൾ പിഴയായി ഈടാക്കിയത് 2,137.92 കോടി രൂപയാണ്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ രാജ്യത്തെ ബാങ്കുകൾ ഒന്നാകെ 7,086 കോടിയിലധികം രൂപ ഈടാക്കിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിൽ വ്യക്തമാക്കി.
ധനമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ (FY26) ഈടാക്കിയ മൊത്തം മിനിമം ബാലൻസ് പിഴയുടെ ഏകദേശം 70 ശതമാനവും സ്വകാര്യ ബാങ്കുകളാണ് ഈടാക്കിയത്. സ്വകാര്യ ബാങ്കുകളിൽ എച്ച്.ഡി.എഫ്.സി ബാങ്കാണ് ഏറ്റവും കൂടുതൽ തുക ഈടാക്കിയത്. 1,798.14 കോടി രൂപ. 1,081.33 കോടി രൂപയുമായി ആക്സിസ് ബാങ്കാണ് തൊട്ടുപിന്നിൽ. ഈ സാമ്പത്തിക വർഷത്തിൽ സ്വകാര്യ ബാങ്കുകൾ ആകെ ഈടാക്കിയ തുകയുടെ 58 ശതമാനത്തോളവും ഈ രണ്ട് ബാങ്കുകൾ ചേർന്നാണ് പിരിച്ചെടുത്തത്.
ഐ.സി.ഐ.സി.ഐ ബാങ്ക്: 353.50 കോടി, കൊട്ടക് മഹീന്ദ്ര ബാങ്ക്: 290.65 കോടി, യെസ് ബാങ്ക്: 195.05 കോടി, ഐ.ഡി.ബി.ഐ (IDBI) ബാങ്ക്: 175.15 കോടി എന്നിങ്ങനെയാണ് മറ്റ് ബാങ്കുകൾ ഈടാക്കിയ പിഴ തുക. 2022-23 സാമ്പത്തിക വർഷത്തിന് (FY23) മുൻപുള്ള സ്വകാര്യ ബാങ്കുകളുടെ വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നും, നിലവിലെ FY26ലെ കണക്കുകൾ താൽക്കാലികമാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.
പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ തുക പിഴയായി ഈടാക്കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് - 477.27 കോടി രൂപ. ബാങ്ക് ഓഫ് ബറോഡ (394.10 കോടി രൂപ), ഇന്ത്യൻ ബാങ്ക് (299.17 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നിൽ. എന്നാൽ, എസ്.ബി.ഐ ഈ തുക കറന്റ് അക്കൗണ്ടുകളിൽ നിന്ന് മാത്രമാണ് ഈടാക്കിയതെന്ന് സർക്കാർ വ്യക്തമാക്കി. 2020 മാർച്ച് മുതൽ സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പിഴ എസ്.ബി.ഐ പൂർണ്ണമായും ഒഴിവാക്കിയിരുന്നു.
പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY) പദ്ധതി പ്രകാരം ആരംഭിച്ചവ ഉൾപ്പെടെയുള്ള ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ (BSBDA) ഉപഭോക്താക്കൾ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ലെന്ന് മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
പണം നിക്ഷേപിക്കാനും പിൻവലിക്കാനും എ.ടി.എം ഉപയോഗിക്കാനുമുള്ള അടിസ്ഥാന ബാങ്കിങ് സേവനങ്ങൾ ഇത്തരം സീറോ-ബാലൻസ് അക്കൗണ്ടുകളിലൂടെ യാതൊരു പിഴയുമില്ലാതെ ലഭ്യമാണ്. സർക്കാർ കണക്കുകൾ പ്രകാരം, ജൻ ധൻ അക്കൗണ്ടുകൾ ഉൾപ്പെടെ രാജ്യത്തെ ഏകദേശം 73 കോടിയോളം (730 ദശലക്ഷം) ബേസിക് സേവിങ്സ് അക്കൗണ്ടുകളെ നിലവിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിലുള്ള പിഴകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ധനമന്ത്രാലയത്തിന്റെ വിവരങ്ങൾ അനുസരിച്ച്, സേവിങ്സ്, കറന്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് പിഴ ഈടാക്കാൻ റിസർവ് ബാങ്ക് ബാങ്കുകൾക്ക് അനുമതി നൽകുന്നുണ്ട്. ബാങ്കുകളുടെ ബോർഡ് അംഗീകരിച്ച നയങ്ങൾക്ക് വിധേയമായിട്ടായിരിക്കണം ഇത്. എന്നാൽ ഇത്തരം പിഴകൾ ന്യായവും സുതാര്യവും ബാങ്കിങ് സേവനങ്ങൾ നൽകുന്നതിനുള്ള ചിലവിന് ആനുപാതികവുമായിരിക്കണം.
കൂടാതെ, പിഴ ഈടാക്കുന്നതിന് മുൻപായി അക്കൗണ്ടിൽ ആവശ്യമായ മിനിമം ബാലൻസ് തികക്കാൻ ഉപഭോക്താക്കൾക്ക് മതിയായ സമയം നൽകണമെന്നും നിർദേശമുണ്ട്. എസ്.എം.എസ്, ഇമെയിൽ, കത്തുകൾ അല്ലെങ്കിൽ അനുയോജ്യമായ മറ്റ് മാർഗങ്ങളിലൂടെ ബാങ്കുകൾ ഇക്കാര്യം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിച്ചിരിക്കണം.


