Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightരൂപയുടെ വീഴ്ച ...

രൂപയുടെ വീഴ്ച നേട്ടമാക്കി പ്രവാസികൾ

text_fields
bookmark_border
രൂപയുടെ വീഴ്ച  നേട്ടമാക്കി പ്രവാസികൾ
cancel

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്​ കൂപ്പുകുത്തിയതോടെ കോളടിച്ചത് പ്രവാസികൾക്കാണ്. നിരക്ക്​ കുറഞ്ഞതോടെ കൂടുതൽ പണം നാട്ടിൽ ലഭിക്കുമെന്നതാണ്​ വലിയ ആശ്വാസം. ശനിയാഴ്ച യു.എ.ഇ ദിർഹമിന്‍റെ വിനിമയ നിരക്ക്​ 23.90 രൂപയും കടന്ന്​ മുന്നേറി​. കുവൈത്ത്​ ദീനാറിന്​​ 284.50 രൂപ, ബഹ്​റൈൻ ദീനാറിന്​​ 233.07 രൂപ, ഒമാൻ റിയാലിന്​ 228.20 രൂപ, സൗദി ​റിയാലിന്​ 23.95, ഖത്തർ റിയാലിന്​ 23.41 രൂപ എന്നിങ്ങനെയാണ് മറ്റു​ ജി.സി.സി രാജ്യങ്ങളിലെ​ വിനിമയ നിരക്ക്​.

ഇതുകൂടാതെ അതത്​ രാജ്യങ്ങളിലെ ബാങ്കുകൾ ഡിജിറ്റൽ ആപ്​ വഴിയുള്ള പണമിടപാട്​ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ നിരക്കുകളും ഓഫർ ചെയ്യുന്നുണ്ട്​. സ്വകാര്യ എക്സ്​ചേഞ്ചുകൾ വഴിയുള്ള പണമയക്കലും വർധിച്ചിരിക്കുകയാണ്​. മാസാന്ത ശമ്പളം ലഭിക്കുന്ന സമയത്തുതന്നെ നിരക്ക്​ കുറഞ്ഞതാണ്​ പ്രവാസികൾക്ക്​​ നേട്ടമായത്​. പലരും പരമാവധി തുക നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്​. നേരത്തേ യു.എ.ഇ ദിർഹമിന്​ 22 രൂപയായിരുന്ന സമയത്ത്​ 5000 ദിർഹം ശമ്പളമുള്ളയാൾക്ക്​ 1,10,000 രൂപയാണ്​ ലഭിച്ചിരുന്നതെങ്കിൽ നിരക്ക്​ 23.90ലെത്തിയതോടെ 1,19,500 രൂപ ലഭിക്കും. ശമ്പളം വർധിക്കാതെത്തന്നെ ​ 9500 രൂപ അധികം! മറ്റു ജി.സി.സി രാജ്യങ്ങളിലെ കറൻസികളിലും സമാനമായ മാറ്റമുണ്ടാകും.

രൂപയുടെ മൂല്യം കുറഞ്ഞത്​ നാട്ടിൽ വിലക്കയറ്റത്തിന്​ കാരണമാകുമെന്ന ആശങ്ക ഒരുഭാഗത്ത്​ ചിലർ പങ്കുവെക്കു​ന്നുണ്ട്​. എങ്കിലും നാട്ടിൽ ബാങ്ക് വായ്പയും മറ്റും അടച്ചുവീട്ടാനുള്ള പ്രവാസികൾക്ക് നിരക്കിലെ വിത്യാസം നിലവിൽ ആശ്വാസകരമാണ്. അതേസമയം, ഇനിയും വർധനക്ക്​ സാധ്യതയു​ണ്ടെന്ന കണക്കുകൂട്ടലിൽ പണമയക്കാതെ കാത്തിരിക്കുന്നവരും ഏറെയാണ്​. രൂപയുടെ ഇടിവ് തുടരുമെന്നാണ് ​ സാമ്പത്തിക വിദഗ്​ധർ വിലയിരുത്തുന്നത്​. അങ്ങനെയെങ്കിൽ വിനിമയ നിരക്ക്​ വീണ്ടും കൂടും.

ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ നീക്കമാണ് രൂപയുടെ തകർച്ചക്ക് പ്രധാനമായും കാരണമായത്. ഓഹരി വിപണികളിലും ഇതിന്‍റെ പ്രതിഫലനങ്ങൾ ദൃശ്യമായി. സാധാരണ രൂപയുടെ മൂല്യം കുറയുമ്പോൾ പിടിച്ചുനിർത്താനായി റിസർവ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ ചില ​നടപടികൾ കൈക്കൊള്ളാറുണ്ട്​. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സ്വാഭാവികമായ നിലയിൽ മുന്നോട്ടുപോകട്ടെയെന്ന നിലപാടിലാണ്​ ആർ.ബി.ഐ.

Show Full Article
TAGS:Finance News 
News Summary - Emigrants utilising the down fall of Indian Rupee
Next Story