ജി.എസ്.ടി വന്നിട്ടും എന്തേ വില കുറഞ്ഞില്ല
text_fieldsവ്യത്യസ്തങ്ങളായ നികുതികളെ ഏകോപിപ്പിച്ച് ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയപ്പോൾ അതിന് മുമ്പ് എക്സൈസ് തീരുവയും സേവനനികുതിയും കേന്ദ്ര വിൽപന നികുതിയും സംസ്ഥാന നികുതിയുമെല്ലാം കൊടുത്തിരുന്ന ഉൽപന്നങ്ങൾക്ക് ഒറ്റ നികുതിയാകുമെന്നും അതോടെ നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ വില കുറയുമെന്നുമായിരുന്നു അധികാരികളുടെ പ്രഖ്യാപനം. എന്നാൽ, ഇപ്പോൾ എട്ടുവർഷം പിന്നിടുമ്പോൾ ഒരു കാര്യം വ്യക്തമായി. പ്രഖ്യാപനത്തിന്റെ നേർവിപരീതമാണ് സംഭവിച്ചത്. ഒരു ഉൽപന്നത്തിനും വില കുറഞ്ഞില്ല എന്ന് മാത്രമല്ല പലതിനും വില കൂടുകയും ചെയ്തു.
ജി.എസ്.ടി വന്നതുമൂലമുണ്ടായ നേട്ടങ്ങൾ മുഴുവനും കോർപറേറ്റ് കമ്പനികൾ ലാഭമുണ്ടാക്കാനായി വിനിയോഗിച്ചു എന്നതാണ് യാഥാർഥ്യം. അതിന് അവർ പറഞ്ഞ ന്യായീകരണം തങ്ങൾ വില നിശ്ചയിച്ചിരുന്നപ്പോൾ പലസംസ്ഥാനങ്ങളിലും ഉയർന്ന നികുതി നിരക്ക് ഉണ്ടായിരുന്നു എന്നും ആ നഷ്ടം സഹിച്ചാണ് ജി.എസ്.ടിക്ക് മുമ്പ് വിറ്റിരുന്നത് എന്നുമാണ്. രാജ്യം മുഴുവൻ ഒറ്റനികുതി നിരക്ക് നടപ്പായപ്പോഴാണ് യഥാർഥ ലാഭത്തിലേക്ക് എത്തിയതെന്നാണ് അവരുടെ വാദം. ഇത് സത്യവിരുദ്ധമാണ്. വ്യത്യസ്ത നികുതികൾ ഏകോപിപ്പിക്കപ്പെട്ടപ്പോൾ ഈ കമ്പനികൾക്കല്ലാം നേട്ടമുണ്ടായി. പുതിയ നികുതി നിരക്ക് കൊണ്ടുണ്ടായ നേട്ടം ഉപഭോക്താക്കൾക്കോ വ്യാപാരികൾക്കുപോലുമോ നൽകാൻ അവർ തയാറായില്ല. കോർപറേറ്റുകളുടെ ഈ കള്ളക്കളി പരിശോധിക്കുന്നതിനും വില കുറക്കുന്നതിനും സർക്കാർ ഒരിടപെടലും നടത്തുന്നുമില്ല.
ഇപ്പോൾ കാര്യങ്ങൾ പിന്നെയും മാറി. പലരിലൂടെ കൈമാറി അവസാന ഉപഭോക്താവിൽ എത്തിയിരുന്ന പല ഉൽപന്നങ്ങളും ഇപ്പോൾ ഓൺലൈൻ വ്യാപാരത്തിലൂടെ ഉൽപാദകർ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. അപ്പോഴും വലിയ വിലക്കുറവില്ല. അതോടെ നേരത്തേ ഉണ്ടായിരുന്ന ചെലവുകളുടെ നല്ലൊരു ഭാഗവും ലാഭത്തിലേക്ക് മാറ്റാൻ കോർപറേറ്റുകൾക്ക് കഴിയുന്നു.
ഇൻപുട്ട് ടാക്സ് ക്രഡിറ്റിലും പോരായ്മകൾ
ജി.എസ്.ടിയിലെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐ.ടി.സി) വ്യാപാരികളുടെ നികുതി ബാധ്യത കുറയ്ക്കാൻ അനുവദിക്കുന്നതാണ്. അതുവഴി ബിസിനസുമായി ബന്ധപ്പെട്ട വാങ്ങലുകൾക്ക് അടച്ച നികുതിയിൽ ക്രെഡിറ്റുകൾ ക്ലെയിം ചെയ്യാം. ഒരു വ്യാപാരി ഉൽപന്നം വാങ്ങുമ്പോൾ 15,000 രൂപ ജി.എസ്.ടി നൽകുകയും വിൽപനയിൽനിന്ന് 20,000 രൂപ ജി.എസ്.ടി ശേഖരിക്കുകയും ചെയ്താൽ അതിൽ 15,000 രൂപ ഐ.ടി.സി ആയി ക്ലെയിം ചെയ്യാം. 5,000 രൂപ മാത്രം സർക്കാറിന് നൽകിയാൽ മതി. എന്നാൽ, ഇതിൽ പോരായ്മകളുണ്ട്. ഫാക്ടറിക്കുവേണ്ടി കെട്ടിടം പണിതാൽ അതിനായി വാങ്ങുന്ന അസംസ്കൃത വസ്തുക്കളുടെയും യന്ത്രങ്ങളുടെയുമൊന്നും ഇൻപുട് ടാക്സ് ഫാക്ടറി ഉടമക്ക് ലഭിക്കില്ല. സമാനമായ വേറെയും ഒട്ടേറെ മേഖലകളുണ്ട്. ഇത് പുനഃപരിശോധിച്ച് 100 ശതമാനവും ഇൻപുട്ട് ക്രഡിറ്റ് അവർക്ക് ലഭിക്കുന്ന രീതിയിലാക്കിയാൽ ഉപഭോക്താവിന് വില കുറച്ച് നൽകാൻ സാധിക്കും.
കെട്ടിട വാടകക്ക് ജി.എസ്.ടി
മറ്റൊരു പ്രശ്നമാണ് വ്യാപാര ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെ വാടകക്ക് 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയത്. നികുതിരഹിത ഇനത്തിൽപെടുന്ന പച്ചക്കറി, മുട്ടപോലുള്ള ഉൽപന്നങ്ങൾ വിൽക്കുന്ന വ്യാപാരിയാണെങ്കിൽ കെട്ടിട വാടകയുടെ നികുതി കൈയിൽനിന്ന് കൊടുക്കേണ്ടിവരും. ഒരു സൂപ്പർമാർക്കറ്റിന്റെ ശരാശരി കണക്കെടുത്താൽ 30 ശതമാനം നികുതിരഹിത ഉൽപന്നങ്ങളാകും വിൽക്കുന്നത്. അപ്പോൾ വാടകയിന്മേലുള്ള 18 ശതമാനം തുകയുടെ 30 ശതമാനം അവർക്ക് നഷ്ടമാകുന്നു. വ്യാപാരമേഖല നന്നായി പോകുന്നതിന് വാടകയുടെ നികുതി 100 ശതമാനവും വ്യാപാരികൾക്ക് ഇൻപുട്ടായി തിരികെ ലഭിക്കത്തക്ക വിധത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്.
എച്ച്.എസ്.എൻ കോഡും പൊല്ലാപ്പായി
ജി.എസ്.ടി നടപ്പാക്കിയപ്പോൾ ഉൽപന്നങ്ങളുടെ നികുതി കണക്കാക്കുന്നതിന് നാമകരണത്തിന്റെ സമന്വയ സംവിധാനം എന്ന നിലയിൽ (ഹാർമൊണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലാച്ചർ) എച്ച്.എസ്.എൻ കോഡ് 5,000-ത്തിലധികം ചരക്ക് ഗ്രൂപ്പുകൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് നികുതി നിർണയം എളുപ്പമാക്കുംവിധം വ്യവസ്ഥാപിതമായ രീതിയിൽ സാധനങ്ങളെ കാര്യക്ഷമമായി തരംതിരിക്കുന്നു. ഉദാഹരണത്തിന്, കാസ്റ്റ് ഇരുമ്പ് പൈപ്പുകൾക്കുള്ള എച്ച്.എസ്.എൻ കോഡ് 7303.0010 ആണ്.
എന്നാൽ നേരത്തേ കേന്ദ്ര എക്സൈസിന് ബാധകമാക്കിയിരുന്ന എച്ച്.എസ്.എൻ കോഡിന്റെ അടിസ്ഥാനത്തിൽ ഉൽപന്നങ്ങൾക്ക് നികുതി നിശ്ചയിക്കുന്ന രീതിയിലാണ് ജി.എസ്.ടി നടപ്പാക്കിയത്. അതിന് മുമ്പ് എച്ച്.എസ്.എൻ കോഡ് ബാധകമല്ലാതിരുന്ന എല്ലാ ഉൽപന്നങ്ങൾക്കും നികുതി നിരക്ക് കണ്ടെത്തുക, അത് യഥാക്രമം നടപ്പാക്കുക എന്നത് വ്യാപാര സമൂഹം വളരെ ബുദ്ധിമുട്ട് അനുഭവിച്ച കാര്യമാണ്. അതുകൊണ്ട് 2017-18 കാലത്ത് വലിയ നഷ്ടമുണ്ടായി, വ്യാപാരത്തിൽ കുറവുണ്ടായി, തെറ്റുകൾ സംഭവിച്ചു. ഇതിനെല്ലാം വ്യാപാരി സമൂഹം പീഡിപ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടായി.
ജി.എസ്.ടി സ്ലാബുകളുടെ എണ്ണം കുറക്കണം
സർക്കാർ ലക്ഷ്യം വെച്ച വരുമാനത്തിലേക്ക് അടുക്കാൻ കഴിഞ്ഞതിനാൽ സ്ലാബുകളുടെ എണ്ണം കുറക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതാണ്. പൂജ്യം മുതൽ 28 ശതമാനംവരെ നീണ്ട പട്ടികയാണ് ഇപ്പോഴുള്ളത്. കൂടാതെ 12 ശതമാനം സർ ചാർജും. ഇത്രയും നീണ്ട പട്ടികയിൽ പെടുന്ന ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് തെറ്റ് കൂടാതെ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട്. അത് പരിഹരിക്കുന്നതിനായി 12 ന്റെയും 18 ന്റെയും ഇടയിൽപെടുന്ന ഉൽപന്നങ്ങൾ ഒരു സ്ലാബിൽ ഉൾപ്പെടുത്തണം. കൂടാതെ 28 ശതമാനം നികുതിയുള്ള ഉൽപന്നങ്ങളുടെ പട്ടിക പുനർനിർണയിക്കേണ്ടതുണ്ട്.
നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ള ഉൽപന്നങ്ങൾക്ക് 12 മുതൽ 18 വരെയുള്ള പട്ടികയിലാണ്. കമ്പോളത്തിൽ വിലക്കുറവ് അനുഭവപ്പെടാൻ ജി.എസ്.ടി സ്ലാബിൽ മാറ്റങ്ങൾ അനിവാര്യമാണ്.
വാർഷിക വിറ്റുവരവ് പരിധി ഉയർത്തണം
വ്യാപാരി ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കുന്നതിനുള്ള വാർഷിക വിറ്റുവരവ് പരിധി 40 ലക്ഷത്തിന് മുകളിലാണ്. സർവിസ് മേഖലയാണെങ്കിൽ 20 ലക്ഷവും. 40 ലക്ഷം എന്നത് ഒരു കോടിയും 20 ലക്ഷം എന്നത് 50 ലക്ഷവുമാക്കി മാറ്റിയാൽ ചെറിയ വ്യാപാരികൾക്കും സേവന മേഖലക്കും ആശ്വാസം ലഭിക്കും. നിലവിൽ കോമ്പോസിഷൻ സ്കീമിന്റെ പരിധി 1.50 കോടിയാണ്. അതിനെ മൂന്നു കോടിയായി ഉയർത്തണമെന്നും വ്യാപാര സമൂഹം ആവശ്യപ്പെട്ടു വരികയാണ്. നികുതികൾ പിരിച്ചാൽ അടക്കുന്നതിനുള്ള ചട്ടങ്ങൾ ലഘൂകരിക്കപ്പെട്ടാൽ അതും അവർക്ക് തുണയായിരിക്കും.
ഭക്ഷ്യസാധനങ്ങളുടെ നികുതി അഞ്ച് ശതമാനമാക്കണം
കാർഷിക ഉൽപന്നങ്ങൾ, സംസ്കരിച്ച് സൂക്ഷിക്കുന്ന ഉൽപന്നങ്ങൾ, അത് ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന ബ്രാൻഡഡ് ഭക്ഷണസാധനങ്ങൾ എന്നിവക്ക് നികുതി നിരക്ക് കുറക്കേണ്ടതാണ്. അങ്ങനെ കുറച്ചാൽ ആ കാർഷിക ഉൽപന്നങ്ങളുടെ ഉപയോഗം കൂടുകയും കർഷകർക്ക് വില സ്ഥിരത ഉറപ്പാക്കാനും സാധിക്കും. സംസ്കരിച്ച് വരുന്ന ഭക്ഷണസാധനങ്ങളുടെ നികുതി അഞ്ച് ശതമാനമായി പുനർ നിർണയിക്കപ്പെടേണ്ടതാണ്.
ദുർഗ്രാഹ്യമായ നിയമം
2017 ജൂലൈ ഒന്നിനാണ് ജി.എസ്.ടി നടപ്പാക്കിയത്. ജി.എസ്.ടിക്ക് മുമ്പ് നികുതി നിരക്കുകളും മറ്റു മാറ്റങ്ങളും ബജറ്റിൽ അവതരിപ്പിച്ചിരുന്നതിനാൽ ഒരു സാമ്പത്തിക വർഷം മുഴുവൻ ഒറ്റനികുതി നിരക്കും ഒരേ നിയമവുമായിരുന്നു. ഇപ്പോൾ ജി.എസ്.ടി കൗൺസിൽ തീരുമാനിക്കുന്നതിനനുസരിച്ച് നികുതി നിരക്കിലും നിയമത്തിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഓരോ മാറ്റത്തിനനുസരിച്ചും സോഫ്റ്റ് വെയറുകൾ പരിഷ്കരിക്കേണ്ടി വരുന്നതിനാൽ ചെലവ് പിന്നെയും കൂടി.
നൂറുശതമാനവും സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജി.എസ്.ടി നടപ്പാക്കിയപ്പോൾ ഇതിലെ പ്രധാനഘടകമായ വ്യാപാരികൾക്ക് മതിയായ പരിശീലനം നൽകിയില്ല. അതുകൊണ്ട് എങ്ങനെ ഇൻവോയ്സ് ചെയ്യണം, കണക്കുകൾ സൂക്ഷിക്കണം തുടങ്ങിയ കാര്യങ്ങളിൽ ഭൂരിഭാഗം വ്യാപാരികൾക്കും മതിയായ അറിവില്ല.