റിലയൻസിന്റെ പുതിയ എ.ഐ സംരംഭത്തിൽ ഫേസ്ബുക്കും
text_fieldsന്യൂഡൽഹി: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങുന്ന പുതിയ എ.ഐ സംരംഭത്തിന് ഓഹരി പങ്കാളിത്തവുമായി ഫേസ്ബുക്ക്. റിലയന്‍സ് എന്റര്‍പ്രൈസ് ഇന്റലിജന്‍സ് ലിമിറ്റഡ് (ആര്‍.ഇ.ഐ.എല്‍) എന്നു പേരിട്ട കമ്പനിയില്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ഓവര്‍സീസിന് 30 ശതമാനം ഓഹരികളുണ്ടാകും. 70 ശതമാനം ഓഹരി റിലയന്‍സ് ഇന്‍ഡസ്ട്രീസിനായിരിക്കും.
ഇരുകമ്പനികളും ചേര്‍ന്ന് 855 കോടി രൂപ പുതിയ സംരംഭത്തില്‍ നിക്ഷേപിക്കും. നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന കമ്പനി മെറ്റയുടെ മോഡലുകള്‍ ഉപയോഗിച്ച് എന്റര്‍പ്രൈസ് എ.ഐ സൊല്യൂഷനുകള്‍ വികസിപ്പിച്ച് വിപണനം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ലക്ഷ്യമിടുന്നു.
റിലയന്‍സിന്റെ വിപണി സാന്നിധ്യവും ഫേസ്ബുക്കിന്റെ സാങ്കേതിക ശേഷികളും സംയോജിപ്പിക്കുന്നതിലൂടെ വലിയ നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന് ഇരുകമ്പനികളും കരുതുന്നു.


