സ്വർണ ഇ.ടി.എഫ്; നിക്ഷേപത്തിൽ ആറുമടങ്ങ് വർധനവ്, ട്രെൻഡ് തുടരുമെന്ന് വിദഗ്ദർ
text_fieldsകുതിച്ചുയരുന്ന സ്വർണവിലക്കൊപ്പം സ്വർണത്തിൻറെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിനും (ഇ.ടി.എഫ്) പ്രിയമേറുകയാണ്. ശുദ്ധതയോ സുരക്ഷയോ പേടിക്കാതെ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള സുരക്ഷിതമാർഗമെന്ന നിലയിൽ സ്വർണ ഇ.ടി.എഫിൽ നിക്ഷേപിക്കുന്നവരും ഏറെ. സെപ്റ്റംബറിൽ മാത്രം സ്വർണ ഇ.ടി.എഫിലേക്കുള്ള പണമൊഴുക്ക് ആറിരട്ടി വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (എ.എം.എഫ്.ഐ) രേഖകൾ പ്രകാരം മുൻവർഷം ഇതേ സമയത്തെ അപേക്ഷിച്ച് 578.28 ശതമാനം വളർച്ച രേഖപ്പെടുത്തി 8,363.13 കോടി രൂപയാണ് സെപ്റ്റംബറിൽ സ്വർണ ഇ.ടി.എഫിലേക്ക് ഒഴുകിയത്. മുൻവർഷം ഇതേസമയം ഇത് 1,232.99 കോടി രൂപയായിരുന്നു. ഓഗസ്റ്റിലെ 2,189.51 കോടി നിക്ഷേപത്തിൽ നിന്ന് 281.96 ശതമാനമാണ് ഒരുമാസത്തിനിടെ വളർച്ച രേഖപ്പെടുത്തിയത്.
എളുപ്പം, സുതാര്യം
സ്വർണം അടിസ്ഥാനമാക്കി ഓഹരിവിപണിയിൽ വിപണനം ചെയ്യപ്പെടുന്ന ഫണ്ടുകളാണ് ഗോൾഡ് ഇ.ടി.എഫുകൾ. ഇത് നിക്ഷേപകർക്ക് ഇലക്ട്രോണിക് രൂപത്തിൽ സ്വർണം കൈവശം വെക്കാനുളള സൗകര്യം വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ എളുപ്പത്തിൽ വിൽക്കാമെന്നതും സുതാര്യതയും ഇതര ചാർജ്ജുകളുടെ അഭാവവും ഇ.ടി.എഫുകളുടെ പ്രിയം വർധിപ്പിക്കുന്നു.
അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതാവസ്ഥയും നിക്ഷേപകരിൽ സ്വർണ ഇ.ടി.എഫുകളോടുള്ള മമത വർധിപ്പിച്ചിക്കാൻ കാരണമായിട്ടുണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. നിക്ഷേപമാർഗം എന്ന നിലയിൽ സ്വർണത്തിന്റെ എല്ലാ നേട്ടങ്ങളും ലഭിക്കുന്നതിനൊപ്പം സുരക്ഷയടക്കം കാര്യങ്ങളിൽ ആശങ്കയില്ലാതെ നിക്ഷേപിക്കാനുള്ള ഉപായം എന്ന നിലയിലും ആളുകൾ ഇ.ടി.എഫുകളെ കാണുന്നു.
‘നിക്ഷേപക പോർട്ട്ഫോളിയോകളിൽ ഓഹരികളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണത്തിന് കാര്യമായ സ്വാധീനമുണ്ടായിരുന്നില്ല. എന്നാൽ സമീപകാല സാഹചര്യങ്ങൾ സ്വർണത്തെ ഒരുമികച്ച നിക്ഷേപമാർഗമായി കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നു. ഇത് വിപണിയിൽ ഇ.ടി.എഫിലേക്ക് കൂടുതൽ പണമൊഴുകുന്നതിലേക്ക് നയിച്ചു. ഇത് സ്വർണത്തിന് ആവശ്യകത വർധിക്കാനും കാരണമായി. കുടുതൽ നിക്ഷേപം കൂടുതൽ വാങ്ങലിന് വഴിവെക്കും, ഇത് വില വർധനവിനും,’ ക്വാണ്ടം എ.എം.സി ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ചിരാഗ് മേഹ്ത പറഞ്ഞു.
2025-2026 ബജറ്റിൽ നികുതി സംബന്ധിച്ച് വ്യക്തത കൈവന്നതും സ്വർണ ഇ.ടി.എഫുകളുടെ പ്രചാരം വർധിക്കുന്നതിന് കാരണമായി. നിക്ഷേപകരുടെ നികുതി സ്‍ലാബിന് അനുസരിച്ചാണ് സ്വർണ ഇ.ടി.എഫുകളിലെ നിക്ഷേപത്തിന് മേൽ നികുതി ഈടാക്കുകയെന്ന് ബജറ്റിൽ വ്യക്തമാക്കിയിരുന്നു.
യു.എസ്.ഡോളർ ദുർബലമായി തുടരുന്നതുകൊണ്ടുതന്നെ സ്വർണത്തിനും, സ്വർണ ഇ.ടി.എഫുകൾക്കും പ്രിയം തുടരുമെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.


