Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightനിക്ഷേപത്തിൽ ഓഹരി...

നിക്ഷേപത്തിൽ ഓഹരി ഫണ്ടുകളെ മറികടന്ന് ഗോൾഡ്, സിൽവർ ഇ.ടി.എഫുകൾ

text_fields
bookmark_border
നിക്ഷേപത്തിൽ ഓഹരി ഫണ്ടുകളെ മറികടന്ന് ഗോൾഡ്, സിൽവർ ഇ.ടി.എഫുകൾ
cancel

മുംബൈ: നിക്ഷേപത്തിൽ ഓഹരി ഫണ്ടുകളെ മറികടന്ന് ഗോൾഡ്, സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് (ഇ.ടി.എഫ്) ഫണ്ടുകൾ. ആദ്യമായാണ് ഓഹരി ഫണ്ടുകളേക്കാൾ അധികം നിക്ഷേപം ഇ.ടി.എഫുകളിൽ ലഭിക്കുന്നത്. കഴിഞ്ഞ മാസം സ്വർണം, വെള്ളി വിലയിൽ ചരിത്രം കുറിച്ച മുന്നേറ്റമുണ്ടായതിന് പിന്നാലെയാണ് പുതിയ നേട്ടം കൈവരിച്ചത്. ജനുവരിയിൽ മാത്രം 33000 കോടി രൂപയുടെ നിക്ഷേപമാണ് ഗോൾഡ്, സിൽവർ ഇ.ടി.എഫുകളിലേക്ക് ഒഴുകിയത്. അതേസമയം, ഓഹരി വിപണിയിലെ ഫണ്ടുകൾക്ക് ലഭിച്ചത് 24,029 കോടി രൂപയുടെ നിക്ഷേപം. രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ഓഹരി വിപണി ചാഞ്ചാട്ടം തുടരുകയും ചെയ്ത സാഹര്യത്തിലാണ് ഗോൾഡ്, സിൽവർ ഇ.ടി.എഫുകളിൽ നിക്ഷേപകരുടെ താൽപര്യം വർധിച്ചത്. മികച്ച വളർച്ച നേടുന്ന ആസ്തികളിൽ നിക്ഷേപിക്കാനുള്ള താൽപര്യം വർധിച്ചതിന്റെ തെളിവാണിതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തി.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിൽ (എസ്.ഐ.പി) 31,002​ കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. കഴിഞ്ഞ ഡിസംബറിൽ ലഭിച്ചതിനേക്കാൾ വലിയ വ്യത്യാസമൊന്നും എസ്.ഐ.പിയിലുണ്ടായില്ലെങ്കിലും സർവകാല റെക്കോഡാണിത്. ജനുവരിയിൽ രാജ്യത്തെ ഓഹരി, ഗോൾഡ്, സിൽവർ ഇ.ടി.എഫുകൾ എന്നിവയുൾപ്പെടെ മൊത്തം ഫണ്ടുകളിലെ നിക്ഷേപം 81 ലക്ഷം കോടി രൂപ കടന്നു. രാജ്യത്തെ മ്യൂച്ച്വൽ ഫണ്ടുകളുടെ അസോസിയേഷൻ (എ.എം.എഫ്.ഐ) പുറത്തുവിട്ടതാണ് ഈ കണക്ക്.

കഴിഞ്ഞ ഡിസംബർ 31 മുതൽ ഈ വർഷം ജനുവരി 29 വരെ ന്യൂയോർക്ക് കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണ വില 29 ശതമാനം ഉയർന്നു. അതായത് 1000 ഡോളറിന്റെ വർധനവുണ്ടായി. ഇതോടെ ഒരു ഔൺസ്​ ഗോൾഡിന് 5586 ഡോളർ എന്ന സർവകാല റെക്കോഡിലെത്തി. അതേസമയം, ജനുവരി അവസാന ദിവസം സ്വർണ വിലയിൽ 12 ശതമാനത്തിന്റെ ശക്തമായ ഇടിവ് രേഖപ്പെടുത്തി. ഇതേകാലയളവിൽ ആഭ്യന്തര വിപണിയിലെ 10 ഗ്രാം സ്വർണത്തിന്റെ വില രണ്ട് ലക്ഷത്തോളം ഉയർന്നു. വെള്ളി വില ഒരു കിലോഗ്രാമിന് നാല് ലക്ഷത്തിലുമെത്തി.

കഴിഞ്ഞ 12 മാസത്തെ ശരാശരി നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്വർണ്ണം, വെള്ളി ഇ.ടി.എഫുകളിലേക്ക് ജനുവരിയിൽ റെക്കോർഡ് ഒഴുക്കുണ്ടായതായി സാംകോ മ്യൂച്വൽ ഫണ്ട് സി.ഇ.ഒ വിരാജ് ഗാന്ധി പറഞ്ഞു. രാജ്യത്തെ ഗോൾഡ് ഇ.ടി.എഫുകളിലെ മൊത്തം ആസ്തി 1.63 ലക്ഷം കോടി രൂപയും വെള്ളി ഇ.ടി.എഫുകളിലെ ആസ്തി 1.13 ലക്ഷം കോടി രൂപയുമാണെന്ന് നിപ്പോൺ ലൈഫ് എം.എഫ് കഴിഞ്ഞ മാസം അവസാനം പുറത്തുവിട്ട ഡാറ്റ പറയുന്നു.

Show Full Article
TAGS:gold etf silver price Gold Price Gold Rate etf mutual funds Equity investment 
News Summary - Gold, silver ETFs outshine equity funds
Next Story