ടെക്സ്റ്റൈല്‍ ഉൽപന്ന വിപണനത്തിന് സർക്കാറിന്റെ ഓണ്‍ലൈന്‍ ഫ്ലാറ്റ്ഫോം ഒരുങ്ങി
text_fieldsതിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയും ലാഭകരമാക്കുകയുമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ്. ഒരു പദ്ധതി ലാഭകരമാകുന്നില്ലെങ്കില്‍ അടുത്ത ഉൽപന്നം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലെ ടെക്സ്റ്റൈല്‍ യൂനിറ്റുകളുടെ ഉൽപന്നങ്ങള് വിപണനം ചെയ്യാനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം 21 സ്ഥാപനങ്ങള്‍ ലാഭത്തിലായി. കാലം ആവശ്യപ്പെടുന്ന മാറ്റത്തോടുകൂടി വൈവിധ്യവത്കരണം നടപ്പാക്കി കമ്പോളത്തിന്റെ അഭിരുചിക്ക് അനുസൃതമായ ഉൽപന്നങ്ങളാണ് പൊതുമേഖല സ്ഥാപനങ്ങള്‍ വിപണിയിലിറക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്റെ (ബി.പി.ടി) നേതൃത്വത്തില്‍ സി-ഡിറ്റിന്റെ സഹായത്തോടെയാണ് ടെക്സ്റ്റൈല്‍ യൂനിറ്റുകളുടെ ഉല്പന്നങ്ങള് ഇ-ബിഡ്ഡിങ്, ഇ-ലേലം എന്നിവയിലൂടെ വില്‍ക്കാനുള്ള ഓണ്‍ലൈന്‍ വില്പന പ്ലാറ്റ്ഫോം (http://www.bpt.cditproject.org) വികസിപ്പിച്ചത്. ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആനി ജൂല തോമസ്, ബി.പി.ടി എക്സിക്യൂട്ടീവ് ചെയര്മാന് അജിത്കുമാര്‍ കെ, മെമ്പര്‍ സെക്രട്ടറി സതീഷ് കുമാര്‍ പി തുടങ്ങിയവർ പങ്കെടുത്തു.
പൊതുമേഖല സ്ഥാപനങ്ങള്‍ നിര്‍മിച്ച മൂല്യവര്‍ധിത ഉല്പന്നങ്ങള് വിപണിയില്‍ അവതരിപ്പിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു. കെല്‍ട്രോണ്‍, കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്, ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോര്പറേഷന്, കാപെക്സ്, കേരള സ്റ്റേറ്റ് കയര്‍ കോർപറേഷന്, ഫോമാറ്റിങ്സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് കയര്‍ മെഷിനറി കോർപറേഷന്, ഹാന്‍വീവ് എന്നീ സ്ഥാപനങ്ങളാണ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിവിധ മൂല്യവര്‍ധിത ഉല്പന്നങ്ങള് നിര്‍മിച്ചത്.