ജി.എസ്.ടി: 12% നികുതി നിരക്ക് ഒഴിവാക്കിയേക്കും
text_fieldsന്യൂഡൽഹി: 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കി ചരക്കു സേവന നികുതി (ജി.എസ്.ടി) സ്ലാബുകള്‍ മൂന്നായി കുറക്കാനുള്ള നീക്കം പുരോഗമിക്കുന്നതായി ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ചരക്കു സേവന നികുതി യുക്തിസഹമാക്കുന്നതിന് നിലവിലെ നാല് സ്ലാബുകൾ ചുരുക്കണമെന്ന സംസ്ഥാനങ്ങളുെട ആവശ്യത്തിന് അനുകൂലമായി വിദഗ്ധ സംഘം നിലപപാട് എടുത്തതോടെയാണ് സ്ലാബുകൾ മൂന്നാക്കാനുള്ള നീക്കം.
ഈ മാസം ചേരുന്ന ജി.എസ്.ടി കൗണ്‍സിലിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും. നിലവില്‍ 5, 12, 18, 28 ശതമാനങ്ങളായി നിശ്ചയിച്ച ജി.എസ്.ടി നിരക്ക് യുക്തിസഹമാക്കുന്നത് പരിഗണിക്കുന്ന മന്ത്രിതല സമിതിക്ക് മുമ്പാകെ 12 ശതമാനം നിരക്കിന് പ്രസക്തിയില്ലെന്ന നിർദേശമാണ് ഉദ്യോഗസ്ഥ-വിദഗ്ധ സംഘം വെച്ചിട്ടുള്ളത്.
അതിനായി നിലവിൽ 12 ശതമാനം നികുതി വരുന്ന ഉൽപന്നങ്ങള് അഞ്ച് ശതമാനമാക്കി കുറക്കുയോ 18 ശതമാനമായി വർധിപ്പിക്കുകയോ ചെയ്യണം. 12 ശതമാനം നിരക്ക് ഒഴിവാക്കാനുള്ള അഭിപ്രായത്തിനൊപ്പമാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും.
12% നികുതിയുള്ള ഉല്പന്നങ്ങള്
കണ്ടൻസ്ഡ് മിൽക്ക്, 20 ലിറ്റർ കുപ്പിവെള്ളം, മാർബ്ൾ, ഗ്രാനൈറ്റ്, വാക്കി ടോക്കി, ടാങ്കുകൾ, മറ്റു കവചിത യുദ്ധ വാഹനങ്ങൾ, കോൺടാക്റ്റ് ലെൻസ്, ചീസ്, ഈത്തപ്പഴം, ഉണക്കിയ പഴങ്ങൾ, ശീതീകരിച്ച പച്ചക്കറികൾ, സോസേജുകൾ, പാസ്ത, ജാം, കറി പേസ്റ്റ്, മയോണൈസ്, ടൂത്ത് പൗഡർ, ഫീഡിങ് ബോട്ടിലുകൾ, കുടകൾ, തൊപ്പികൾ, സൈക്കിൾ, ചണം അല്ലെങ്കിൽ മരംകൊണ്ട് നിർമിച്ച ഫർണിച്ചർ, പെൻസിലുകൾ, ക്രയോണുകൾ, ഹാൻഡ്ബാഗുകൾ, ഷോപ്പിങ് ബാഗുകൾ, ആയിരം രൂപക്ക് താഴെയുള്ള പാദരക്ഷകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ.
സേവനങ്ങള്‍
ഹോട്ടല്‍ മുറി, നോണ്‍-ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റ്, 7500 രൂപ വരെ പ്രതിദിന ചെലവ് വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.