ജി.എസ്.ടി വരുമാനം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയായി
text_fieldsന്യൂഡൽഹി: ചരക്ക് സേവനനികുതി (ജി.എസ്.ടി) വരുമാനം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം ജി.എസ്.ടി വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കായ 22.08 ലക്ഷം കോടി രൂപയിലെത്തി.
2021 സാമ്പത്തിക വർഷം ഇത് 11.37 ലക്ഷം കോടി രൂപയായിരുന്നുവെന്ന് തിങ്കളാഴ്ച സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻ സാമ്പത്തിക വർഷത്തേക്കാൾ 9.4 ശതമാനം വളർച്ചയാണ് കഴിഞ്ഞവർഷം നികുതി പിരിവിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം ശരാശരി പ്രതിമാസ പിരിവ് 1.84 ലക്ഷം കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം ഇത് 1.68 ലക്ഷം കോടി രൂപയും 2022ൽ 1.51 ലക്ഷം കോടി രൂപയും ആയിരുന്നു. എട്ട് വർഷത്തിനുള്ളിൽ, ജി.എസ്.ടി പ്രകാരം രജിസ്റ്റർ ചെയ്ത നികുതിദായകരുടെ എണ്ണം 2017ലെ 65 ലക്ഷത്തിൽനിന്ന് 1.51 കോടിയിലധികമായി ഉയർന്നു.
ചരക്ക് സേവനനികുതി നടപ്പാക്കിയശേഷം, വരുമാനശേഖരത്തിൽ ശക്തമായ വളർച്ച കൈവരിച്ചതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഇത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും പരോക്ഷ നികുതി കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുകയും ചെയ്തതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.