ആദായ നികുതി സ്ലാബുകൾ; രണ്ടിലൊന്ന് തീരുമാനിക്കാം
text_fieldsആദായ നികുതിദായകരെ സംബന്ധിച്ചിടത്തോളം മാർച്ച് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഈ മാസമാണ് നികുതി ആനുകൂല്യത്തിനുള്ള നിക്ഷേപങ്ങൾ നടത്താനുള്ള അവസാന സമയം.
ആദായ നികുതി ബാധ്യത നിർണയിക്കാൻ രണ്ടു സമ്പ്രദായങ്ങളാണ് നിലവിലുള്ളത്- പഴയതും പുതിയതും. പ്രഫഷനിൽനിന്നോ ബിസിനസിൽനിന്നോ വരുമാനം ഇല്ലാത്ത വ്യക്തിഗത നികുതിദായകർ റിട്ടേൺ കൊടുക്കുമ്പോൾ അവരുടെ ഇഷ്ടാനുസരണം കൂടുതൽ ഗുണകരം എന്ന് തോന്നുന്നത് തിരഞ്ഞെടുക്കാം. ഓരോരുത്തരുടെയും ആദായ നികുതി ബാധ്യത വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ പുതിയതാണോ പഴയതാണോ മെച്ചമെന്ന് കൂട്ടി നോക്കണം. കിഴിവുകളെ ആശ്രയിച്ചാണ് ഏത് സമ്പ്രദായം വേണം എന്ന് തീരുമാനിക്കാൻ.
80സി പ്രകാരമുള്ള ലൈഫ് ഇൻഷുറൻസ് പ്രീമിയം, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്, ഭവന വായ്പയുടെ മുതലിന്റെ തിരിച്ചടവ്, പ്രൊവിഡന്റ് ഫണ്ട്, നാഷനൽ സേവിങ്സ് സ്‌കീം, ദേശീയ പെൻഷൻ പദ്ധതി തുടങ്ങിയവയിലുള്ള നിക്ഷേപം (ഇവയെല്ലാം കൂടി 1.50 ലക്ഷം രൂപയാണ് പരമാവധി കിഴിവ് ലഭിക്കുക) വീട്ടുവാടക അലവൻസ്, ഭവന വായ്പയുടെ പലിശ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ വായ്പയുടെ പലിശ, ജീവകാരുണ്യ സ്ഥാപനങ്ങൾക്കുള്ള സംഭാവന എന്നിവയുള്ളവർക്ക് പഴയ രീതിയായിരിക്കും കൂടുതൽ മെച്ചം. കാരണം ഈ ഇളവുകൾ ഇനി പഴയ സ്ലാബിലെ ലഭിക്കൂ. അതുകൊണ്ട്തന്നെ നിക്ഷേപങ്ങൾ കുറവുള്ള ഒരാൾക്ക് പുതിയ രീതിയായിരിക്കും ഗുണം ചെയ്യുക. പുതിയ സ്കീമിൽ സ്റ്റാൻഡേഡ് ഡിഡക്ഷൻ ഒഴിച്ച് മറ്റു ഇളവുകളൊന്നും ലഭിക്കില്ല.
പഴയ സ്കീമിൽ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം രണ്ടര ലക്ഷത്തിന് മുകളിലാണെങ്കിൽ നികുതി ബാധ്യതയുണ്ടെങ്കിലും 87എ പ്രകാരം റിബേറ്റുള്ളതിനാൽ അഞ്ചു ലക്ഷം വരെ നികുതിയടക്കേണ്ടതില്ല. അഞ്ചു ലക്ഷത്തിനു മുകളിലാണ് വരുമാനമെങ്കിൽ രണ്ടര ലക്ഷം രൂപ മുതലുള്ള നിരക്കിൽ നികുതിയടക്കണം. അതായത് അഞ്ചു ലക്ഷത്തിനേക്കാൾ ഒരു രൂപ മാത്രമാണ് കൂടുന്നതെങ്കിലും 12,500 രൂപയായിരിക്കും നികുതി. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ അഞ്ചു ശതമാനമാണ് നികുതി (ചാർട്ട് ഒന്ന് നോക്കുക). പക്ഷെ നിരവധി കിഴിവുകൾ ലഭ്യമാണ്. ഇതിന് ശേഷമുള്ള തുകയാണ് നികുതിക്ക് പരിഗണിക്കുക.
പുതിയ സ്കീമിൽ 87 എ വകുപ്പുപ്രകാരം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. അതിനു മുകളിലാണെങ്കിൽ മൂന്നു ലക്ഷം രൂപക്ക് മുകളിലുള്ള തുകക്ക് പുതിയ സ്ലാബ് നിരക്കിൽ നികുതി നൽകണം.എന്നാൽ ധനമന്ത്രി വരുത്തിയ ഭേദഗതി അനുസരിച്ച് ഏഴു ലക്ഷം രൂപക്ക് മുകളിലുള്ള വരുമാനം, ആ വരുമാനത്തിനുള്ള നികുതി, ഇതിൽ ഏതാണ് കുറവ് അത് അടച്ചാൽ മതി.
സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം ഏഴര ലക്ഷം രൂപ വരെയാണെങ്കിൽ പുതിയ സ്ലാബ് ഉറപ്പായും തെരഞ്ഞെടുക്കാം. 50,000 രൂപ സ്റ്റാൻഡേഡ് ഡിഡക്ഷൻ ലഭിക്കുന്നതിനാലാണിത്. തൊഴിലുടമ നിങ്ങളുടെ പേരിൽ എൻ.പി.എസ് വിഹിതം അടക്കുന്നുണ്ടെങ്കിൽ 50,000 രൂപ വരെ വീണ്ടും കുറക്കാം. ഫലത്തിൽ എട്ടുലക്ഷം രൂപ വരെ പുതിയ സ്കീമിൽ നികുതിയുണ്ടാകില്ല.
ഏഴര ലക്ഷത്തിനുമേൽ വരുമാനമുള്ളവർക്ക് മൊത്തം ഇളവുകൾ ഒന്നര ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പുതിയ സ്കീമാണ് നല്ലത്. എന്നാൽ ഇവർക്ക് മൊത്തം മൂന്നു ലക്ഷത്തിന് മുകളിൽ കിഴിവ് അവകാശപ്പെടാനാവുമെങ്കിൽ പഴയ സ്കീമായിരിക്കും ലാഭം. വിവിധ വരുമാനക്കാരുടെ നികുതി ബാധ്യത പുതിയ രീതിയിലും പഴയ രീതിയിലും താരതമ്യം ചെയ്യുന്ന ചാർട്ടുകൾ ലേഖനത്തോടൊപ്പമുള്ളത് നോക്കുക.
സ്റ്റാൻഡേഡ് ഡിഡക്ഷൻ
ശമ്പള വരുമാനക്കാർക്ക് മാത്രം ബാധകമായ കിഴിവാണ് സ്റ്റാൻഡേഡ് ഡിഡക്ഷൻ. 50,000 രൂപയാണ് കിഴിവ്. ഈ സാമ്പത്തിക വർഷം മുതൽ പുതിയ സ്കീമിലും പഴയ സ്കീമിലും ഈ ഇളവ് ശമ്പളക്കാർക്ക് അവകാശപ്പെടാം.
സ്കീം മാറ്റാം
ശമ്പള വരുമാനക്കാർക്ക് തിരഞ്ഞെടുത്ത സ്കീം ഒാരോ വർഷവും മാറ്റാം. ശമ്പളത്തിൽനിന്ന് മുൻകൂർ നികുതി (ടി.ഡി.എസ്) പിടിച്ചത് ഏതു സ്കീം അടിസ്ഥാനമാക്കിയാണോ എന്നത് പ്രശ്നമല്ല. മറ്റേ സ്കീമാണ് നല്ലതെന്ന് തോന്നുന്നതെങ്കിൽ ആ സ്ലാബിൽ റിട്ടേൺ സമർപ്പിച്ചാൽ മതി. അധികമായി പിടിച്ച മുൻകൂർ നികുതി റീഫണ്ടായി ലഭിക്കും. എന്നാൽ, പഴയ നികുതി സ്ലാബാണ് തിരഞ്ഞെടുത്തതെങ്കിൽ അതിൽ ഇളവ് ലഭിക്കാനുള്ള നിക്ഷേപങ്ങളും രേഖകളുമെല്ലാം മാർച്ച് 31ന് മുമ്പ് ചെയ്തു തീർക്കണം. പുതിയ സ്ലാബാണെങ്കിൽ പ്രത്യേകിച്ച് ഇളവുകളൊന്നും ലഭിക്കാത്തതിനാൽ ആ ടെൻഷനില്ല.
എന്നാൽ, ബിസിനസ്/പ്രഫഷനൽ വരുമാനമുള്ളവർ ഒരിക്കൽ പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുത്താൽ ആ രീതി തുടരണം. പക്ഷേ, ഇവർക്ക് ജീവിതകാലത്തിലൊരിക്കൽ പുതിയ സമ്പ്രദായം വേണ്ടെന്നു വെക്കാനാകും.
ആദായ നികുതി നിരക്കുകൾ
എട്ടു ലക്ഷം രൂപ വരുമാനവും മൂന്നു ലക്ഷം രൂപ വിവിധ ഇളവുകളും (80 സി -1.50 ലക്ഷം, 80 സി.സി.ഡി -നാഷനൽ പെൻഷൻ സിസ്റ്റം 50,000, ആരോഗ്യ ഇൻഷുറൻസ്- 25,000, വീട്ടുവാടക-75,000) ലഭിക്കുന്ന വ്യക്തിക്ക് പഴയ രീതിയാണ് നല്ലത്. ചാർട്ട് കാണുക.
ഒമ്പത് ലക്ഷം രൂപ വരുമാനവും മൂന്നു ലക്ഷം രൂപ വിവിധ ഇളവുകളും (80 സി -1.50 ലക്ഷം, 80 സി.സി.ഡി -നാഷനൽ പെൻഷൻ സിസ്റ്റം 50,000, ആരോഗ്യ ഇൻഷുറൻസ് - 25,000, വീട്ടുവാടക -75,000) ലഭിക്കുന്ന വ്യക്തിക്ക് പഴയ രീതിയാണ് അനുയോജ്യം. ചാർട്ട് കാണുക.
12 ലക്ഷം രൂപ വരുമാനവും മൂന്നു ലക്ഷം രൂപ വിവിധ ഇളവുകളും (80 സി -1.50 ലക്ഷം, 80 സി.സി.ഡി-നാഷനൽ പെൻഷൻ സിസ്റ്റം 50,000, ആരോഗ്യ ഇൻഷുറൻസ് - 25,000, വീട്ടുവാടക- 75,000) ലഭിക്കുന്ന വ്യക്തിക്ക് പുതിയ രീതിയിലാണ് നികുതി കുറവ്. ചാർട്ട് കാണുക.
15 ലക്ഷം രൂപ വരുമാനവും മൂന്നു ലക്ഷം രൂപ വിവിധ ഇളവുകളും (80 സി -1.50 ലക്ഷം, 80 സി.സി.ഡി-നാഷനൽ പെൻഷൻ സിസ്റ്റം 50,000, ആരോഗ്യ ഇൻഷുറൻസ് - 25,000, വീട്ടുവാടക- 75,000) ലഭിക്കുന്ന വ്യക്തിക്ക് പുതിയ രീതിയാണ് നല്ലത്. ചാർട്ട് കാണുക.