വായ്പയും ക്രെഡിറ്റ് സ്കോറും: ശ്രദ്ധിക്കാനേറെ
text_fieldsസിബിൽ സ്കോർ കുറവുമൂലം വായ്പ കിട്ടുന്നില്ല എന്നത് ഇപ്പോൾ ഉപഭോക്താക്കളിൽനിന്ന് സ്ഥിരമായി കേട്ടുവരുന്ന പരാതികളിലൊന്നാണ്. ബാങ്കിൽനിന്ന് വായ്പ ലഭിക്കണമെങ്കിൽ നിശ്ചിത പരിധിക്ക് മുകളിൽ സിബിൽ സ്കോർ വേണം. അതില്ലെങ്കിൽ പലപ്പോഴും വായ്പ അപേക്ഷ നിരസിക്കുന്ന സ്ഥിതിയാണ്. നമ്മുടെ ക്രെഡിറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന റിസർവ് ബാങ്കിന്റെ അനുമതിയുള്ള ഇന്ത്യയിലെ നാല് ബ്യൂറോകളിൽ ഒന്നാണ് സിബിൽ.
സാധാരണക്കാർക്ക് കൂടുതൽ പരിചയമുള്ള ബ്യൂറോ സിബിൽ ആയതിനാലാണ് എപ്പോഴും സിബിൽ സ്കോർ എന്ന് പറയുന്നത്. സി.ആർ.ഐ.എഫ് ഹെെമാർക്, എക്സ്പെരിയൻ, ഇക്വിഫാക്സ് എന്നിവയാണ് മറ്റു മൂന്ന് ബ്യൂറോകൾ. പലയിടത്തും വാടക കരാറിനുപോലും സിബിൽ/ക്രെഡിറ്റ് സ്കോർ പരിഗണിക്കാറുണ്ട്. വായ്പ, ക്രെഡിറ്റ് സ്കോർ, അവയുടെ പ്രാധാന്യം, ആശങ്കകൾ എന്നിവ സംബന്ധിച്ച് ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയും പാലക്കാട് ജില്ല പഞ്ചായത്ത് ഫിനാൻസ് ഓഫിസറുമായ പി. അനിൽകുമാർ വിശദീകരിക്കുന്നു.
എന്താണ് ക്രെഡിറ്റ് സ്കോർ?
ക്രെഡിറ്റ് സ്കോർ എന്നത് 300നും 900ത്തിനും ഇടക്കുള്ള ഒരു മൂന്നക്ക നമ്പർ ആണ്. അത് ക്രെഡിറ്റ് ബിഹേവിയറിന്‍റെ തോത് നിശ്ചയിക്കുന്ന മൂല്യം ആണ്. ഇക്കാര്യമാണ് വായ്പ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ പ്രധാനമായി പരിശോധിക്കുന്നത്. ഉപഭോക്താക്കളുടെ/അപേക്ഷകരുടെ ക്രെഡിറ്റ് പ്രൊഫൈലിൽ അപേക്ഷകരെ പറ്റിയുള്ള മൊത്തം ചരിത്രം ഉണ്ടാവും. നാളിതുവരെ എടുത്ത വായ്പ, അതിന്‍റെ തിരിച്ചടവ് തുടങ്ങിയ കാര്യങ്ങൾ വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും.
ഇവ പരിശോധിച്ചാണ് ബാങ്കിങ് സ്ഥാപനങ്ങൾ അപേക്ഷകൻ വായ്പക്ക് അർഹനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. വായ്പ എടുത്ത ശേഷം കൃത്യമായി തിരിച്ചടവ് മുടങ്ങിയാൽ ക്രെഡിറ്റ് സ്കോ റിനെ പ്രതികൂലമായി ബാധിക്കും. ധനകാര്യ സ്ഥാപനങ്ങൾ വായ്പക്ക് അംഗീകാരം നൽകുന്നതും ചുരുങ്ങിയ പലിശക്ക് അനുവദിക്കുന്നതും ക്രെഡിറ്റ് സ്കോർ അനുസരിച്ചാണ്. ഒരാളുടെ അവസാന 36 മാസത്തെ വായ്പ ഇടപാടുകളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്. അത് മാറിക്കൊണ്ടേയിരിക്കും. 750-900 സ്കോർ ഉണ്ടെങ്കിൽ വായ്പ ലഭിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാൽ സ്കോർ 650ൽ താഴെയാണെങ്കിൽ വായ്പ ലഭിക്കില്ല.
ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്ന ഘടകങ്ങൾ
- സമയത്തിന് വായ്പ തിരിച്ചടക്കാതിരിക്കുക
- കാലതാമസം വരുക/ പേയ്മെന്റ് മിസ്സാവുക
- ഒരുപാട് വായ്പ അപേക്ഷകൾ നൽകുക
ക്രെഡിറ്റ് സ്കോർ ഉയർത്താനുള്ള മാർഗങ്ങൾ
- മാസ അടവുകളും ക്രെഡിറ്റ് കാർഡ്
- ബില്ലും കൃത്യമായി അടക്കുക.
- അടക്കാൻ പറ്റിയില്ലെങ്കിൽ അത്
- ആ സ്ഥാപനത്തെ മുൻകൂട്ടി അറിയിക്കുക.
- ഒരേസമയം ഒരുപാട് വായ്പകൾക്ക്
- അപേക്ഷിക്കാതിരിക്കുക.
- ഒരേ തരം വായ്പ മാത്രം എടുക്കാതെ
- വ്യത്യസ്ത വായ്പകളെടുക്കുക.
- ക്രെഡിറ്റ് റിപ്പോർട്ട് സ്ഥിരമായി പരിശോധിക്കുക (മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും), തെറ്റുകൾ കണ്ടാൽ റിപ്പോർട്ട് ചെയ്യുക.
- ഒരു വായ്പ തിരിച്ചടച്ച് തീർത്താൽ ഉടൻ ആ സ്ഥാപനത്തിൽനിന്ന് എൻ.ഒ.സി വാങ്ങുക. പിന്നീട് ക്രെഡിറ്റ് റിപ്പോർട്ടിൽ അത് ‘ക്ലോസ്ഡ് വിത്ത് നിൽ ഔട്ട്സ്റ്റാൻഡിങ്’ എന്ന് രേഖപ്പെടുത്തിയിട്ടില്ലേ എന്ന് പരിശോധിക്കുക.
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടത്
- ക്രെഡിറ്റ് കാർഡിന്റെ പരിധി ബാങ്കുകൾ വാഗ്ദാനം ചെയ്യുമ്പോൾ നിരസിക്കരുത്. ആ പരിധി ഉയർന്നിരിക്കുന്നത് നല്ലതാണ് (അഞ്ച് ലക്ഷത്തിന്റെ കാർഡ് പരിധി, 10-15 ലക്ഷം ആവുന്നത് നല്ലത്).
- ക്രെഡിറ്റ് കാർഡ് പരിധിയുടെ 30 ശതമാനത്തിനകത്ത് ഉപയോഗം നിർത്താൻ ശ്രമിക്കുക.
- ഒന്നോ രണ്ടോ ക്രെഡിറ്റ് കാർഡുകൾ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
- വാർഷിക ഫീ ഇല്ലാത്ത കാർഡുകൾ മാത്രം എടുക്കുക.
- അടവ് തെറ്റിക്കാതിരിക്കുക.
- ക്രെഡിറ്റ് കാർഡിൽനിന്ന് നേരിട്ട് തുക പിൻവലിക്കാതിരിക്കുക.
- ക്രെഡിറ്റ് കാർഡ് ബിൽ എപ്പോഴും മുഴുവൻ അടക്കുക.
ക്രെഡിറ്റ് റിപ്പോർട്ട് ലഭിക്കാൻ
തുടക്കത്തിൽ പറഞ്ഞ നാല് ബ്യൂറോകളിൽ നിന്നും ക്രെഡിറ്റ് റിപ്പോർട്ട് വർഷത്തിൽ ഒരു തവണ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഒന്നിൽ കൂടുതൽ തവണ വേണമെങ്കിൽ 500 രൂപയും ജി.എസ്.ടിയും ഫീസുണ്ട്. മൂന്ന് മാസം കൂടുമ്പോൾ ഓരോ ബ്യൂറോകളിൽ നിന്നും റിപ്പോർട്ട് എടുത്ത് പരിശോധിച്ച് ഇടപാടുകൾ റിപ്പോർട്ട് ചെയ്തതിൽ തെറ്റുണ്ടെങ്കിൽ അത് അറിയിക്കണം.
ക്രെഡിറ്റ് റിപ്പോർട്ടിന്‍റെ ആദ്യ ഭാഗത്ത് വ്യക്തിയുടെ സ്കോർ കാണാം, തുടർന്ന് പേര്, വിലാസം, കെ.വൈ.സി വിവരങ്ങൾ, അവസാന 36 മാസത്തെ വായ്പ ഇടപാടുകൾ (ക്രെഡിറ്റ് കാർഡ് ഉൾപ്പെടെ), ഏറ്റവും പ്രധാന വിവരമായ ക്രെഡിറ്റ് എൻക്വയറി എന്നിവയുണ്ടാകും. ഈ ഭാഗത്ത് നിങ്ങൾ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കാൻ ഏതെല്ലാം ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയെന്നും ഏതെല്ലാം വായ്പകൾക്ക് വേണ്ടിയാണ് അന്വേഷണം നടത്തിയതെന്നും ഉണ്ടാകും. എന്നാൽ, അത് അംഗീകരിച്ചോ നിരസിച്ചോ എന്നറിയാൻ കഴിയില്ല. ഇക്കാര്യത്തിൽ ഉപഭോക്താക്കൾ വളരെ ശ്രദ്ധിക്കണം. ഒരാൾ ഒരുപാട് സ്ഥാപനങ്ങളിൽ വായ്പക്കായി അന്വേഷണം നടത്തിയിട്ടുണ്ടോ എന്നു മാത്രമാണ് കാണാൻ കഴിയുക. ഇങ്ങനെ അലയുന്നവരെ പൊതുവെ 'ക്രെഡിറ്റ് ഹംഗ്റി ബിഹേവിയർ' ഉള്ളവരായാണ് കണക്കാക്കുന്നത്.
ചില ബാങ്കുകളിൽ നിന്ന് പ്രീ അപ്രൂവ്ഡ് ലോൺ പാസായിട്ടുണ്ട്, ക്രെഡിറ്റ് കാർഡിന് അർഹതയുണ്ട് എന്നെല്ലാം പറഞ്ഞ് വിളി വരുമ്പോൾ ആവശ്യമില്ലാതെ യെസ് മൂളിയാൽ അവർ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുകയും അത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രതിഫലിക്കുകയും ചെയ്യും. അനുമതിയില്ലാതെ ഒരു ധനകാര്യ സ്ഥാപനവും ആരുടെയും ക്രെഡിറ്റ് സ്കോർ പരിശോധിക്കില്ല.