നോര്‍ക്ക ആരോഗ്യ സുരക്ഷ പദ്ധതി;അരലക്ഷത്തിൽപരം അംഗങ്ങൾ
text_fieldsറാസല്‍ഖൈമ: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന അവതരിപ്പിച്ച നോര്‍ക്ക കെയര്‍ പ്രവാസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഗള്‍ഫ് പ്രവാസികളില്‍നിന്ന് മികച്ച പ്രതികരണം. പദ്ധതിയില്‍ ചേരാനുള്ള സമയപരിധി നവംബര്‍ ഒന്ന് വരെയാണ്. ഗള്‍ഫ് പ്രവാസികളുടെ കാലങ്ങളായുള്ള സ്വപ്നപദ്ധതിയില്‍ ഇതുവരെ 60,000ലേറെ പേര് അംഗങ്ങളായതായി നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായുള്ള കേരള സര്‍ക്കാറിന്റെ സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയെ ഗള്‍ഫ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പദ്ധതി പരിചയപ്പെടുത്തുന്നതിനും സംശയദുരീകരണത്തിനും ഗള്‍ഫ് നാടുകളില്‍ നോര്‍ക്ക നടത്തിയ പ്രചാരണ പരിപാടികള്‍ ഫലം കണ്ടു. പുതിയ പദ്ധതിയെന്ന നിലയില്‍ നടപടിക്രമങ്ങളില്‍ തുടക്കത്തില്‍ ചില അവ്യക്തതകളുണ്ടായിരുന്നു. ഇത് പരിഹരിച്ച് പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി ഒക്ടോബര്‍ 21 എന്നത് നവംബര്‍ ഒന്നിലേക്ക് മാറ്റി.
ഗള്‍ഫ് പ്രവാസികളുടെ കാലങ്ങളായുള്ള വിവിധ ആവശ്യങ്ങളില്‍ പ്രധാനമായിരുന്നു സമഗ്ര ആരോഗ്യ പരിരക്ഷ എന്നത്. ലോക കേരളസഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആശയത്തിന്റെ സാക്ഷാത്കാരമായ നോര്‍ക കെയര്‍ ആരോഗ്യ സുരക്ഷ പദ്ധതിയെ പ്രവാസികള്‍ ഏറ്റെടുത്തുവെന്നത് ആഹ്ലാദകരമാണെന്നും മുസ്തഫ അഭിപ്രായപ്പെട്ടു.
നോര്‍ക്ക പ്രവാസി ഐ.ഡി കാര്‍ഡുള്ള പ്രവാസി കേരളീയര്‍, വിദേശത്ത് പഠിക്കുന്ന നോര്‍ക്ക സ്റ്റുഡന്റ്സ് ഐ.ഡി കാര്‍ഡുള്ള കേരളീയരായ വിദ്യാര്‍ഥികള്‍, ഇതര സംസ്ഥാനങ്ങളിലുള്ള എന്‍.ആര്.കെ ഐ.ഡി കാര്‍ഡുള്ള പ്രവാസി കേരളീയര്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയില്‍ അംഗത്വമെടുക്കാം.
സാധുവായ കാര്‍ഡുകളില്ലാത്തവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിച്ച് 48 മണിക്കൂറിനകം നിലവില്‍ പുതിയ കാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. കേരളത്തിലെ 500ലേറെ ആശുപത്രികളുള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള 15,000ലേറെ ആശുപത്രികളില്‍ പണം നല്‍കാതെ ചികിത്സ ലഭ്യമാകുമെന്നത് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ദി ന്യൂ ഇന്ത്യ അഷുറന്‍സുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ മുഖ്യ ആകര്‍ഷണമാണ്.
ഭര്‍ത്താവും ഭാര്യയും 25 വയസ്സുവരെയുള്ള രണ്ട് മക്കളുള്‍പ്പെടുന്ന ഫാമിലി ഫ്ലോട്ടര്‍ പദ്ധതിക്ക് 13,411 രൂപയാണ് പ്രീമിയം. 18-70 വയസ്സ് പ്രായപരിധയിലുള്ള വ്യക്തിക്ക് 8,101 രൂപ, അധികമായി ഒരു കുട്ടിക്ക് 25 വയസ്സില്‍ താഴെ 4130 രൂപ ഇങ്ങനെയാണ് ഒരു വര്‍ഷത്തേക്കുള്ള നിരക്ക്. നിലവിലുള്ള രോഗങ്ങള്‍ക്കും പരിരക്ഷ ലഭിക്കുമെന്നത് മറ്റു ഇന്‍ഷുറന്‍സ് പദ്ധതികളില്‍നിന്ന് നോര്‍ക്ക കെയറിനെ വേറിട്ടതാക്കുന്നു. പ്രസവത്തിന് മുമ്പും ശേഷവും വനിതകള്‍ക്കും കുട്ടിയുടെ താല്‍ക്കാലിക പരിചരണത്തിനും ചികിത്സാ സഹായം ലഭിക്കും.
എന്നാല്‍, പ്രസവത്തിനും സിസേറിയന് ശസ്ത്രക്രിയക്കും പരിരക്ഷ ഉണ്ടാകില്ല. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള സമയത്ത് ഒരു പ്രവാസി അപകടത്തില്‍ മരണപ്പെട്ടാല്‍ അനന്തരാവകാശികള്‍ക്ക് പത്ത് ലക്ഷം രൂപവരെ നഷ്ടപരിഹാരമായി ലഭിക്കും. 70 വയസ്സുവരെയുള്ള പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം രൂപവരെ ചികിത്സാ സഹായവും 10 ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷയും നോര്‍ക്ക കെയര്‍ പ്രവാസി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി ഉറപ്പുനല്‍കുന്നുണ്ട്.


