യു.പി.ഐക്ക് ഇനി എ.ഐ ഊർജം; പറഞ്ഞാൽ ഷോപ്പിങ് നടത്തി പണമടക്കും
text_fieldsമുംബൈ: നിങ്ങൾ യു.പി.ഐ ഉപയോഗിക്കുന്നവരാണെങ്കിൽ ഓൺലൈൻ ഷോപ്പിങ് ഇനി വളരെ രസകരമാവും. കാരണം, നിർമിതബുദ്ധി (എ.ഐ) യുടെ സഹായത്തോടെ യു.പി.ഐ ഇടപാടിൽ വിപ്ലവത്തിനൊരുങ്ങുകയാണ് നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). അതായത് ഒരു ബെർത്ഡേ പാർട്ടിക്ക് എന്തെല്ലാം വേണ്ടി വരുമെന്ന് ആലോചിച്ച് ഇനി തല പുകക്കേണ്ട കാര്യമില്ല. ആവശ്യപ്പെട്ടാൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഓർഡർ നൽകി പേമെന്റ് അടക്കുന്ന കാര്യം ഇനി യു.പി.ഐ നോക്കും.
ഇന്ത്യയുടെ സ്വന്തം യൂനിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവ യു.പി.ഐയിൽ സംയോജിപ്പിച്ചിട്ടുള്ള ഗൂഗിളിന്റെ ജെമിനൈ ഏജന്റിക് എ.ഐയാണ് ഇതു സാധ്യമാക്കുന്നത്. കഴിഞ്ഞ ദിവസം ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലാണ് പരീക്ഷണാടിസ്ഥാനത്തിൽ എൻ.പി.സി.ഐ ‘ഇന്റലിജന്റ് കൊമേഴ്സ്’ അവതരിപ്പിച്ചത്. ജെമിനൈ, ബിഗ്ബാസ്കറ്റ്, ഗൂഗിൾ പേ, റേസർപേ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരീക്ഷണ പദ്ധതി തയാറാക്കിയത്.
ബിഗ്ബാസ്കറ്റിൽനിന്ന് ജെമിനൈയുടെ സഹായത്തോടെ ഓർഡർ ചെയ്ത ഉത്പന്നങ്ങൾ എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡിൽ ഗൂഗിൾപേ വഴി ഇടപാടു നടത്തി വാങ്ങുന്നതായിരുന്നു ലൈവ് ഡെമോൻസ്ട്രേഷൻ. ഇൻഫോസിസ് സഹസ്ഥാപകനും എൻ.പി.സി.ഐ ഉപദേശകനുമായ നന്ദൻ നിലേകനിയുടെ സാന്നിധ്യത്തിലായിരുന്നു അവതരണം.
എ.ഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് ഉത്പന്നങ്ങൾ കണ്ടെത്താനും എവിടെനിന്ന് വാങ്ങണമെന്ന് തീരുമാനിക്കാനും യു.പി.ഐ വഴി പണം അടക്കാനും ഇഷ്ടമുള്ള ഭാഷയിൽ വോയ്‌സ്, ടെക്സ്‌റ്റ് നിർദേശങ്ങൾ നൽകിയാൽ മതി. ഉപഭോക്താവിന്റെ മുമ്പത്തെ ഷോപ്പിങ് സ്വഭാവവും രീതികളും ഉപയോഗപ്പെടുത്താനും ഈ സാങ്കേതിക വിദ്യക്ക് കഴിയും.


