പണപ്പെരുപ്പം രാജ്യത്ത് കുറഞ്ഞു, കേരളത്തിൽ കൂടി; ഒന്നാം സ്ഥാനം വിട്ടുനൽകാതെ സംസ്ഥാനം
text_fieldsന്യൂഡൽഹി: രാജ്യത്തെ റീടെയിൽ പണപ്പെരുപ്പം ആറ് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിൽ. ജൂൺ മാസത്തിൽ 2.10 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്. ഭക്ഷ്യവിലകളിലെ ഇടിവാണ് ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നതിലേക്ക് നയിച്ചത്. തുടർച്ചയായ അഞ്ചാം മാസത്തിലാണ് രാജ്യത്ത് പണപ്പെരുപ്പം കുറയുന്നത്. ആർ.ബി.ഐയുടെ ലക്ഷ്യമായ നാല് ശതമാനത്തിൽ താഴെ പണപ്പെരുപ്പം നിർത്തുന്നതിൽ തുടർച്ചയായ എട്ടാം മാസവും കഴിഞ്ഞിട്ടുണ്ട്.
മെയുമായി താരതമ്യം ചെയ്യുമ്പോൾ പണപ്പെരുപ്പത്തിൽ 72 ബേസിക് പോയിന്റിന്റെ കുറവുണ്ടായി. തുടർച്ചയായ രണ്ടാം മാസമാണ് പണപ്പെരുപ്പം മൂന്ന് ശതമാനത്തിന് താഴെയെത്തുന്നത്. മെയിൽ പണപ്പെരുപ്പം 2.82 ശതമാനമായി കുറഞ്ഞിരുന്നു. 2024 ജൂണിൽ 5.08 ശതമാനമായിരുന്നു പണപ്പെരുപ്പം.
അതേസമയം, രാജ്യത്ത് പണപ്പെരുപ്പം കുറയുമ്പോഴും കേരളത്തിൽ ഉയരുകയാണ്. 6.71 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പണപ്പെരുപ്പമുള്ളത് കേരളത്തിലാണ്. കേരളം കഴിഞ്ഞാൽ ലക്ഷദ്വീപിലാണ് ഏറ്റവും കൂടുതൽ പണപ്പെരുപ്പമുള്ളത്.
6.28 ശതമാനമാണ് പണപ്പെരുപ്പം. റീടെയിൽ പണപ്പെരുപ്പത്തിന്റെ കണക്കിൽ ഗോവയാണ് മൂന്നാമത്. 5.16 ശതമാനമാണ് ഗോവയിലെ ജൂണിലെ റീടെയിൽ പണപ്പെരുപ്പം. ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം ഉയരുന്നതാണ് കേരളത്തിന് തിരിച്ചടിയാവുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം പണപ്പെരുപ്പം മെയ് മാസത്തിലെ 6.88 ശതമാനത്തിൽ നിന്ന് കഴിഞ്ഞ മാസം 7.31 ശതമാനമായി ഉയർന്നു.
മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കേരളത്തിന്റെ വിപണി പ്രധാനമായും നിലനിൽക്കുന്നത്. പല സാധനങ്ങളും അന്യസംസ്ഥാനങ്ങളിൽ നിന്ന് വരണം. ഇതാണ് കേരളത്തിന്റെ പണപ്പെരുപ്പം ഉയരുന്നതിനുള്ള പ്രധാനകാരണം.