ചൈനക്ക് വീണ്ടും പണിയുമായി യു.എസ്; തീരുവ 245 ശതമാനമാക്കി ഉയർത്തി
text_fieldsവാഷിങ്ടൺ: വ്യാപാരയുദ്ധം കൂടുതൽ ശക്തമാക്കി ചൈനക്കുമേലുള്ള തീരുവ വീണ്ടും ഉയർത്തി യു.എസ്. തീരുവ 245 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ചൈനക്കുമേലുള്ള തീരുവ 245 ശതമാനമാക്കി ഉയർത്തുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഗലീലിയം, ജെർമേനിയം പോലുള്ള പല പ്രധാനപ്പെട്ട വസ്തുക്കളുടേയും യു.എസിലേക്കുള്ള കയറ്റുമതിയിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു. സൈനിക, ബഹിരാകാശ, സെമികണ്ടക്ടർ വ്യവസായങ്ങൾ ഈ വസ്തുക്കൾ അത്യാന്താപേക്ഷതിമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈയാഴ്ച ആറ് ലോഹങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തുവെന്നും വൈറ്റ് ഹൗസിന്റെ ആരോപണമുണ്ട്.
നേരത്തെ ബോയിങ് വിമാനങ്ങളുടെ ഇറക്കുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെ വിമാനക്കമ്പനികൾ അമേരിക്കൻ കമ്പനിയായ ബോയിങ് നിർമിക്കുന്ന വിമാനങ്ങൾ വാങ്ങരുതെന്നായിരുന്നു ചൈനീസ് സർക്കാറിന്റെ ഉത്തരവ്.
വിമാനങ്ങൾക്കു പുറമെ, വിമാനഭാഗങ്ങൾ, ഘടകങ്ങൾ എന്നിവക്കും വിലക്കുണ്ട്. 2025-27 കാലയളവിൽ ചൈനയിലെ എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് എന്നിവ ചേർന്ന് 179 ബോയിങ് വിമാനങ്ങൾ സ്വന്തമാക്കാനിരുന്നതാണ്. നിരോധനത്തെ തുടർന്ന് ചൈനീസ് കമ്പനികൾ യൂറോപ്യൻ കമ്പനിയായ എയർ ബസ്, ചൈനീസ് നിർമാതാക്കളായ കോമാക് എന്നിവയെ ആശ്രയിക്കേണ്ടിവരും. ഇതിന് പിന്നാലെയാണ് ചൈനക്കുമേൽ വീണ്ടും യു.എസ് തീരുവ ചുമത്തിയിരിക്കുന്നത്.
നേരത്തെ യു.എസ് ഉൽപന്നങ്ങൾക്കുള്ള തീരുവ ചൈന 125 ശതമാനം ഉയർത്തിയിരുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കുള്ള തീരുവ 145 ശതമാനമാക്കിയതിന് പിന്നാലെയായിരുന്നു നടപടി.