യു.എസിനെ തള്ളി, തുണയായത് യു.എ.ഇ- ചൈനീസ് വിപണികൾ, കയറ്റുമതിയിൽ 6.7 ശതമാനം വളർച്ചയുമായി ഇന്ത്യ
text_fieldsന്യൂഡൽഹി: യു.എ.ഇ, ചൈനീസ് വിപണികൾ തുണയായതോടെ സെപ്റ്റംബറിൽ കയറ്റുമതി രംഗത്ത് 6.7 ശതമാനം വളർച്ചയുമായി ഇന്ത്യ. ഇതേ കാലയളവിൽ, യു.എസിലേക്കുള്ള കയറ്റുമതിയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയതായും കേന്ദ്ര വാണിജ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം വാർഷികാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് യു.എസിലേക്കുള്ള കയറ്റുമതിയിൽ 12 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം, സ്വർണം, വെള്ളി, വളം എന്നിവയുടെ ഇറക്കുമതി കുത്തനെ വർധിച്ചതോടെ സെപ്റ്റംബറിൽ വ്യാപാരക്കമ്മി 31.15 ദശലക്ഷം ഡോളറായി ഉയർന്നു. ഒരുവർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇറക്കുമതിയും വർധിച്ചു
യു.എ.ഇയിലേക്ക് 24.33 ശതമാനവും ചൈനയിലേക്ക് 34.18 ശതമാനവും കയറ്റുമതി വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ഇരുരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതിയും വർധിച്ചിട്ടുണ്ട്. യഥാക്രമം 16.35ഉം 32.83ശതമാനമാണ് ഇരുരാജ്യങ്ങളിൽ നിന്നും ഇറക്കുമതിയിലുണ്ടായ വർധനവ്.
സെപ്റ്റംബറിൽ രാജ്യത്ത് നിന്നുള്ള ആകെ കയറ്റുമതി 6.74 ശതമാനം വളർച്ച രേഖപ്പെടുത്തി 36.38 ദശലക്ഷം ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത് 34.08 ദശലക്ഷം ഡോളറായിരുന്നു. ആകെ ഇറക്കുമതി 16.6 ശതമാനം ഉയർന്ന് 68.53 ദശലക്ഷം ഡോളറായി. കഴിഞ്ഞ വർഷം ഇതേസമയം 58.74 ദശലക്ഷം ഡോളറായിരുന്നു.
ഓഗസ്റ്റ് 27ന് പൂർണതോതിൽ നിലവിൽ വന്ന 50 ശതമാനം യു.എസ് താരിഫിന്റെ ആഘാതം വ്യക്തമാക്കുന്നതാണ് സെപ്റ്റംബറിലെ കണക്കുകൾ. വിവിധ സേവനങ്ങളുടെ കയറ്റുമതിയിൽ അഞ്ചുശതമാനം ഇടിവ് രേഖപ്പെടുത്തി 30.82 ദശലക്ഷം ഡോളറായി. മുൻവർഷം ഇതേസമയം 32.60 ദശലക്ഷം ഡോളറായിരുന്നു.
സ്വർണവും വളവും മുന്നിൽ
‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വന്ന വർഷമായിരുന്നു ഇത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിൽ ചരക്കുസേവന കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് വളർച്ച രേഖപ്പെടുത്തിയത് ആശ്വാസമാണ്. വ്യാപാരക്കമ്മിയിലും കുറവുണ്ടായിട്ടുണ്ട്,’-വ്യാപാര സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
സ്വർണത്തിന്റെയും വളങ്ങളുടെയും ഇറക്കുമതി സെപ്റ്റംബറിൽ കുത്തനെ വർധിച്ചതായാണ് കണക്കുകൾ. ഇതിൽ സ്വർണത്തിൻറെ ഇറക്കുമതി മുൻവർഷത്തെ അപേക്ഷിച്ച് 106.93 ശതമാനം വർധിച്ച് 9.6 ദശലക്ഷം ഡോളറായി. വളം ഇറക്കുമതിയിൽ 202 ശതമാനമാണ് വർധനവുണ്ടായത്.
റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞു
അതേസമയം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ 5.85 ശതമാനം ഇടിവ് രേഖപ്പെടുത്തി. റഷ്യയിൽ നിന്നുള്ള ഇറക്കുമതി 16.69 ശതമാനം കുറഞ്ഞപ്പോൾ യു.എസിൽ നിന്നുള്ള ഇറക്കുമതിയിൽ 11.78 ശതമാനം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. തുണി, ചണം, കരകൗശലവസ്തുക്കൾ, കാർപ്പറ്റുകൾ എന്നിവയുടെ കയറ്റുമതിയിൽ അഞ്ച് മുതൽ 13 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി 58 ശതമാനം വളർച്ച രേഖപ്പെടുത്തി.


