പത്തു രൂപ മുതൽ; കീശ കാലിയാകാതെ സ്വർണം വാങ്ങാൻ രണ്ട് വഴികൾ
text_fieldsമുംബൈ: മലയാളികളും സ്വർണവും. ഒരു വേർപിരിയാത്ത ബന്ധമാണത്. വിവാഹമായാലും നിക്ഷേപമായാലും നമുക്ക് എത്ര സ്വർണം കിട്ടിയാലും മതിയാകില്ല. നൂറ്റാണ്ടുകളായി കുടുംബങ്ങളുടെ സുരക്ഷിതമായ ആസ്തിയായി സ്വർണം മാറിയിട്ടുണ്ട്. ആസ്തി എന്നതിനപ്പുറം വൈകാരിക ബന്ധം കൂടി പുലർത്തുന്നതു കൊണ്ടാണ് സ്വർണ വില കുതിച്ചുകയറുമ്പോൾ പലരുടെയും മനസ് മാറുന്നത്.
സ്വർണം വാങ്ങിക്കൂട്ടുക എന്നത് ഭൂരിഭാഗം പേരുടെ ആഗ്രഹമാണ്. പക്ഷെ, വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ എത്തിനിൽക്കുന്നത് സ്വപ്നങ്ങൾക്ക് വിലങ്ങു തടിയാണ്. കാരണം, ആഭരണങ്ങളായാലും നാണയങ്ങളായാലും വലിയ അളവിൽ സ്വർണം വാങ്ങാൻ ഇനി നല്ല തുക മുടക്കേണ്ടി വരും. സാധാരണക്കാർക്ക് പ്രായോഗികമല്ല. പക്ഷെ, നിരാശപ്പെടേണ്ട കാര്യമില്ല. ദീർഘകാല നിക്ഷേപം ലക്ഷ്യമിട്ട് കീശ കാലിയാകാതെ സ്വർണം വാങ്ങാൻ മറ്റു ചില വഴികൾകൂടിയുണ്ട്.
സ്വർണം നിക്ഷേപ നേട്ടങ്ങൾ
യുദ്ധം ഉൾപ്പെടെ ലോകത്ത് എന്ത് രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും സ്വർണത്തിന്റെ വില വർധിക്കും. പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും സ്വർണത്തെ ബാധിക്കില്ല. സാമ്പത്തിക മാന്ദ്യ കാലത്ത് പോലും കട്ടക്ക് നിൽക്കും. രാഷ്ട്രീയ അനിശ്ചിതാവസ്ഥയിൽ ഓഹരികളെ പോലെ വില ഇടിയില്ല. ഇതിനെല്ലാം പുറമെ, ഉത്സവ, വിവാഹ സീസണിൽ വില പറക്കും. പരമ്പരാഗതമായി ആഭരങ്ങളാണ് ഭൂരിഭാഗവും വാങ്ങിക്കുന്നത്. എന്നാൽ, ആഭരണങ്ങൾ വാങ്ങാൻ വലിയ തുക മുടക്കണം എന്നതിന് പുറമെ, ഉയർന്ന പണിക്കൂലിയും സുരക്ഷിതമായി സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും നികുതിയും വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
ഡിജിറ്റൽ ഗോൾഡ്
പത്ത് രൂപ കൊടുത്ത് സ്വർണം വാങ്ങാമെന്നത് വിശ്വസിക്കാൻ കഴിയില്ലായിരിക്കും. പക്ഷെ, സത്യമാണ്. ഇന്ത്യയിലെ ഫിൻടെക് കമ്പനികളാണ് ഇങ്ങനെയൊരു അവസരം നൽകുന്നത്. ഫോൺപേ, ഗൂഗ്ൾ പേ, പേടിഎം, ആമസോൺ, തനിഷ്ക് തുടങ്ങിയ കമ്പനികളുടെ ആപ്പുകളിലൂടെ യു.പി.ഐ അല്ലെങ്കിൽ നെറ്റ് ബാങ്കിങ്ങിലൂടെയാണ് പണം നിക്ഷേപിക്കേണ്ടത്. ചെറിയ തുക ഓരോ ദിവസമോ ആഴ്ചയോ മാസമോ നിശ്ചയിച്ച് അടക്കാം. നിങ്ങൾ നൽകുന്ന പണത്തിന്റെ മൂല്യത്തിന് അനുസരിച്ചുള്ള സ്വർണം അവർ വാങ്ങി സൂക്ഷിക്കും. ഡിജിറ്റൽ രൂപത്തിലുള്ള സ്വർണം ഭാവിയിൽ വിറ്റ് ലാഭമടക്കം തിരിച്ചുവാങ്ങാം. അല്ലെങ്കിൽ ആഭരണമോ നാണയമോ ബാർ രൂപത്തിലോ സ്വന്തമാക്കാം. പക്ഷെ, നിക്ഷേപിക്കുന്നത് മികച്ച കമ്പനികളിലാണെന്ന് ഉറപ്പുവരുത്തണം. സോവറിൻ ഗോൾഡ് ബോണ്ട് പോലെ നിക്ഷേപത്തിന് പലിശയൊന്നും ലഭിക്കില്ല. ചില കമ്പനികൾ സ്വർണം വാങ്ങി സൂക്ഷിക്കുന്നതിന് ചാർജ് ഈടാക്കിയേക്കാം. ഫിൻടെക് കമ്പനികൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണെങ്കിലും ഡിജിറ്റൽ ഗോൾഡ് നിക്ഷേപത്തിൽ നിരീക്ഷണമില്ല.
ഗോൾഡ് മ്യൂച്ച്വൽ ഫണ്ട്
തുടക്കക്കാർക്ക് ഏറ്റവും യോജിച്ച നിക്ഷേപമാണ് ഗോൾഡ് മ്യൂച്ച്വൽ ഫണ്ടുകൾ. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) ഉള്ളതിനാൽ ചുരുങ്ങിയത് മാസം 100 രൂപ മുതൽ ഈ ഫണ്ടുകളിൽ നിക്ഷേപിച്ചു തുടങ്ങാം. നേരിട്ട് സ്വർണം വാങ്ങി സൂക്ഷിക്കുന്നതിന് പകരം ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവ ഗോൾഡ് ഇ.ടി.എഫുകളിലാണ് നിങ്ങളുടെ പണം ഈ മ്യൂച്ച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപിക്കുക. സ്വർണത്തിന്റെ മൂല്യം വർധിക്കുന്നതിന് അനുസരിച്ച് നിക്ഷേപത്തിന്റെ ലാഭവും കൂടും. വിദഗ്ധരായ പ്രഫഷനലുകളാണ് മ്യൂച്ച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത്. ഗോൾഡ് ഇ.ടി.എഫുകളിൽ നിക്ഷേപിക്കാൻ ചുരുങ്ങിയത് ഒരു ഗ്രാം സ്വർണത്തിന്റെ തുകയെങ്കിലും മുടക്കണമെന്നതിനാൽ കുറഞ്ഞ വരുമാനക്കാർക്ക് ഗോൾഡ് മ്യൂച്ച്വൽ ഫണ്ട് എസ്.ഐ.പികൾ മികച്ച സമ്പാദ്യ ശീലമാകും. ഡിമാറ്റ് അക്കൗണ്ട് ആവശ്യമില്ലെങ്കിലും ഈ ഫണ്ടുകൾ അൽപം കൂടുതൽ ചാർജ് ഈടാക്കുന്നുണ്ടെന്ന് മാത്രം.