നഷ്ടത്തിൽ ബി.എസ്.എൻ.എല്ലിനെ ‘മറികടന്ന്’ വി.ഐ
text_fieldsതൃശൂർ: രാജ്യത്ത് മൊബൈൽ ഫോൺ വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ മുന്നേറ്റം തുടരുന്നു. 46.5 കോടിയിലധികം വരിക്കാരുള്ള ജിയോക്ക് 40.42 ശതമാനം വിപണി പങ്കാളിത്തമുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട കണക്കുകൾ. ജിയോക്ക് പിന്നിൽ 38.5 കോടി വരിക്കാരും 33.49 ശതമാനം വിപണി പങ്കാളിത്തവുമുള്ള ഭാരതി എയർടെൽ ആണ്. മൂന്നാം സ്ഥാനത്തുള്ള വോഡഫോൺ ഐഡിയക്ക് (വി.ഐ) 20.7 കോടി വരിക്കാരാണുള്ളത്. 18.01 ശതമാനമാണ് വി.ഐയുടെ വിപണി പങ്കാളിത്തം. ഏറ്റവും പിന്നിലുള്ള ബി.എസ്.എൻ.എല്ലിന് 7.99 ശതമാനം വിപണി പങ്കാളിത്തവും 9.19 കോടി വരിക്കാരുമാണുള്ളത്.
വരിക്കാരെ ചേർക്കുന്നതിൽ ജിയോ ഇപ്പോഴും പ്രഥമ സ്ഥാനത്താണ്. ഡിസംബറിൽ നാല് ടെലികോം കമ്പനികളുടെയും നേട്ടവും നഷ്ടവും സംബന്ധിച്ച കണക്കെടുപ്പിൽ ജിയോ തന്നെയാണ് മുന്നിൽ. ഡിസംബറിൽ മാത്രം 39 ലക്ഷം മൊബൈൽ വരിക്കാരാണ് ജിയോക്ക് അധികമായി കിട്ടിയത്. എയർടെലിന് 10 ലക്ഷം വരിക്കാരെ ലഭിച്ചു. അതേസമയം വി.ഐയും ബി.എസ്.എൻ.എല്ലും ഇക്കാര്യത്തിൽ പിന്നിലാണ്. ബി.എസ്.എൻ.എല്ലിന് 3.4 ലക്ഷം കണക്ഷനാണ് നഷ്ടപ്പെട്ടതെങ്കിൽ ഒരു മാസംകൊണ്ട് 17 ലക്ഷം വരിക്കാരാണ് വി.ഐ ഉപേക്ഷിച്ച് പോയത്. ബി.എസ്.എൻ.എല്ലിന് നവംബറിലും 3.4 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടിരുന്നു.
വി.ഐക്കും ബി.എസ്.എൻ.എല്ലിനും നഷ്ടപ്പെടുന്ന വരിക്കാരിൽ ഏറെയും ജിയോയിലേക്ക് ചേക്കേറുന്നതായാണ് ‘ട്രായ്’ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ബി.എസ്.എൻ.എൽ 4ജി വിന്യാസം നടത്തിവരുകയാണെങ്കിലും അത് പൂർണമല്ല. മാത്രമല്ല, 4ജി ടവറുകൾ സ്ഥാപിച്ച പ്രദേശങ്ങളിൽ കോൾ മുറിയുന്നുവെന്ന പരാതിയുമുണ്ട്. വി.ഐ ആകട്ടെ കുറച്ചുകാലമായി പലവിധ പ്രതിസന്ധികൾ നേരിടുന്നുണ്ട്.