Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightപ്രവർത്തന മൂലധന...

പ്രവർത്തന മൂലധന ക്ഷാമം; സപ്ലൈകോയിൽ വിറ്റുവരവ് കുറയുന്നു

text_fields
bookmark_border
പ്രവർത്തന മൂലധന ക്ഷാമം; സപ്ലൈകോയിൽ വിറ്റുവരവ് കുറയുന്നു
cancel

പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സപ്ലൈകോയുടെ വാർഷിക വിറ്റുവരവ് കുറയുന്നു. 2023-24 മുതലാണ് ഗ്രാഫ് താഴോട്ട് പോകുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ തുടർച്ചയായി മൂന്ന് സാമ്പത്തിക വർഷം വിറ്റുവരവ് താഴേക്ക് പോകുകയാണ്. ഇതിന് മുമ്പ് 1999-2000ൽ 630 കോടി വിറ്റുവരവിൽ നിന്ന് 2000-01ൽ 549 കോടിയായി കുറഞ്ഞിരുന്നു.

തൊട്ടടുത്ത രണ്ട് വർഷവും കുറവ് രേഖപ്പെടുത്തി. 2002-03ൽ 383 കോടിയിലെത്തി. അവിടെ നിന്ന് ഓരോ സാമ്പത്തിക വർഷം ക്രമേണ ഉയർന്ന് 2017-18ൽ 4303 കോടിയായി ഉയർന്നു. എന്നാൽ, തൊട്ടടുത്ത സാമ്പത്തിക വർഷം 3717 കോടിയായി കുറഞ്ഞെങ്കിലും, 2019-20 മുതൽ കുത്തനെ ഉയർന്ന് മൂന്ന് വർഷംകൊണ്ട് ഇരട്ടിയായി. 2021-22ൽ 6315 കോടിയിലെത്തി കോർപറേഷന്‍റെ വിറ്റുവരവ്.

2022-23ൽ 19.55 ശതമാനം കുറഞ്ഞ് 5302 കോടിയിലെത്തി. പ്രവർത്തന മൂലധന ദൗർലഭ്യം കാരണം വാങ്ങൽ ശേഷി കുറഞ്ഞെന്നാണ് കണ്ടെത്തൽ. കോർപറേഷൻ 2022-23ൽ 123.64 കോടി രൂപ ലാഭം നേടിയെങ്കിലും, 313.64 കോടി രൂപയുടെ പലിശബാധ്യത മൂലം അറ്റ നഷ്ടം സംഭവിച്ചു.

2023-24ൽ 4271 കോടിയിലേക്കും, കഴിഞ്ഞ സാമ്പത്തിക വർഷം 3004 കോടിയിലേക്കും കൂപ്പ് കുത്തി. സപ്ലൈകോക്ക് 4000 കോടിയോളം രൂപ കേന്ദ്ര സർക്കാറിൽ നിന്ന് ലഭിക്കാനുണ്ട്. ഓഡിറ്റ് പൂർത്തിയാക്കാത്തതാണ് പണം കിട്ടാത്തതിന് കാരണം. ഓഡിറ്റ് സമയബന്ധിതമായി നടക്കുന്നില്ലെന്നും, സ്റ്റാഫ് പാറ്റേൺ തന്നെ ക്രമക്കേടിന് വഴിവെക്കും വിധത്തിലുള്ളതാണെന്നും, അത് തിരുത്തണമെന്നും 2018 ൽ നിയമസഭ സമിതി ആവശ്യപ്പെട്ടിട്ടും ഇപ്പോഴും കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല.

ലോക്കൽ പർച്ചേസ് ഒഴിവാക്കൽ പൂർണമായി നടപ്പായില്ല

പാലക്കാട്: സപ്ലൈകോ വിൽപനശാലകളിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി ആക്ഷേപം. ചില്ലറ വിൽപനയിൽ പരമാവധി ഇളവ് നൽകി ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് പകരം പാക്കറ്റുകളിൽ രേഖപ്പെടുത്തിയ പരമാവധി വിലയോ, അതിനടുത്ത വിലയോ ആണ് ഈടാക്കുന്നത്.

മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ്, അപ് ന ബസാർ എന്നിങ്ങനെ 1630 ഔട്ട് ലൈറ്റുകളാണ് സപ്ലൈകോ നടത്തുന്നത്. സപ്ലൈകോക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ നൽകാമെന്ന് കമ്പനി പ്രതിനിധികൾ സമ്മതിച്ചതാണ്. പ്രാദേശികമായി ലഭിക്കുന്ന പല ഉൽപന്നങ്ങളും സപ്ലൈകോ ഔട്ട് ലൈറ്റുകളിൽ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.

സപ്ലൈകോയിൽ ഉൽപന്നങ്ങൾ പൊതുവിപണി വിലയിലേക്കാൾ വില നൽകി വാങ്ങി വിൽക്കുകയും ബ്രാൻറഡ് ഉൽപന്നങ്ങൾ പല വില്പനശാലകളിലും ലഭിക്കാതെ വരുന്നതും കഴിഞ്ഞ സർക്കാറിന്‍റെ കാലത്തും ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് ലോക്കൽ പർച്ചേസ് ഒഴിവാക്കുകയും, ബ്രാൻറഡ് ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാനും ധാരണയായി.

എന്നാൽ, ഉൽപന്നങ്ങൾ വാങ്ങുന്നതിന്റെ മറവിൽ ചില ജീവനക്കാർ കൈപ്പറ്റുന്ന ഇൻസെൻറീവ് എന്നറിയപ്പെടുന്ന കമീഷന്‍ ഇല്ലാതാവുമെന്ന് അറിഞ്ഞതോടെ തീരുമാനത്തിൽ വെള്ളം ചേർത്തു. ഓരോ വിൽപനശാലയിലും നടക്കുന്ന കച്ചവടത്തിനുസരിച്ച് 12 മുതൽ 15 വരെയാണ് കമീഷൻ ലഭിക്കുന്നതത്രെ.

Show Full Article
TAGS:SUPPLYCO finance Kerala 
News Summary - Working capital shortage; Supplyco turnover is declining
Next Story