ജി.എസ്.ടി ഇളവ്; ആശ്വാസ പ്രതീക്ഷ, പക്ഷേ ‘വില’യിലെത്താൻ കടമ്പ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തീപിടിക്കുന്ന വിലയേറ്റ കാലത്ത് ആശ്വാസം പ്രതീക്ഷിച്ചും ഒപ്പം ആശങ്കയോടെയുമാണ് കേരളം ജി.എസ്.ടി നിരക്കിളവിലേക്ക് കടക്കുന്നത്. 450ലധികം ഇനങ്ങൾക്കാണ് തിങ്കളാഴ്ച മുതൽ നിരക്കുമാറ്റം നിലവിൽവരിക. 28 ശതമാനമുണ്ടായിരുന്ന നികുതി 18 ശതമാനത്തിലേക്ക് കുറയുന്നത് സാധാരണക്കാർക്കും മധ്യവർഗത്തിനും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, വിജ്ഞാപനമിറക്കി ഇളവുകൾ രേഖകളിൽ യാഥാർഥ്യമാകുമ്പോഴും വിപണികളിൽ പ്രതിഫലിക്കുന്നുണ്ടോ എന്നത് ഉറപ്പുവരുത്താൻ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.
ഇതേക്കുറിച്ച് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കേരളമടക്കം ചോദ്യമുന്നയിച്ചപ്പോഴും കൃത്യമായ മറുപടി ഉണ്ടായില്ല. നിരക്ക് കുറച്ചതിന് ആനുപാതികമായ വിലക്കുറവ് ഉപഭോക്താവിന് ഉറപ്പാക്കാൻ ഉതകുന്ന ഒരു നിർദേശവും ഇനിയും കേന്ദ്ര സർക്കാർ ജി.എസ്.ടി കൗൺസിലിന് മുന്നിൽ വെച്ചിട്ടില്ല. നികുതിയിളവിന്റെ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ലഭിക്കാതിരിക്കാൻ ഉൽപന്നത്തിന് വില വർധിപ്പിക്കുന്ന പ്രവണത ഇതിനോടകം കണ്ട് തുടങ്ങിയിട്ടുണ്ട്. സിമന്റിന് നിലവിൽ 28 ശതമാനമാണ് നികുതി. പരിഷ്കാരത്തോടെ ഇത് 18 ശതമാനമായി ചുരുങ്ങുമ്പോൾ ഒരു ചാക്കിന് 30 രൂപ വില കുറയണം.
എന്നാൽ, ഇത് മുൻകൂട്ടി കണ്ട് സിമന്റ് ചാക്ക് ഒന്നിന് 30 മുതൽ 35 വരെ വില കൂട്ടാനാണ് കമ്പനികളുടെ നീക്കം. ഫലത്തിൽ നികുതിയിളവിന്റെ ഗുണം ജനത്തിന് ലഭിക്കില്ല. വ്യാപാരികൾ സ്വന്തം നിലയിൽ നൽകിയിരുന്ന ഡിസ്കൗണ്ട് വെട്ടിക്കുറക്കാനുള്ള സാധ്യതയാണ് മറ്റൊന്ന്. ഇൻഷുറൻസ് പ്രീമിയത്തിലെ നികുതി ഒഴിവാക്കലിന്റെ പ്രയോജനം ഗുണഭോക്താക്കളിലേക്ക് എത്തുമോ എന്നതിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ജി.എസ്.ടി പരിഷ്കരിക്കുന്ന ഘട്ടത്തിൽ മൂന്ന് ആവശ്യങ്ങളാണ് കേരളം പ്രധാനമായി മുന്നോട്ടുവെച്ചത്. നികുതി ഇളവിന്റെ ഭാഗമായി ഉൽപന്നങ്ങൾക്ക് വിലക്കുറവുണ്ടാകണം, സാധാരണ ഉപഭോക്താവിന് വിലക്കുറവ് ലഭിക്കേണ്ടതിനു പകരം കമ്പനികൾക്ക് അധികലാഭം കൊയ്യാനുള്ള അവസരമുണ്ടാകരുത്, നികുതി വെട്ടിക്കുറവ് മൂലം സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന ഭീമമായ വരുമാന നഷ്ടം പരിഹരിക്കാൻ നിശ്ചിത കാലത്തേക്കെങ്കിലും നഷ്ടപരിഹാര പദ്ധതി നടപ്പാക്കണം എന്നിവയാണിവ.
പക്ഷേ പരിഷ്കാരം പ്രാബല്യത്തിൽ വരുമ്പോഴും ഇതിലൊന്നും ഒരു ഉറപ്പും സംസ്ഥാന സർക്കാറിന് ലഭിച്ചിട്ടില്ല. സംസ്ഥാനത്തിനുണ്ടാകുന്ന വരുമാന നഷ്ടത്തിൽ സർക്കാറിന് കടുത്ത ആശങ്കയുണ്ടെങ്കിലും സാധാരണക്കാർക്ക് ആശ്വാസമാകുന്ന പരിഷ്കാരമായതിനാൽ മിണ്ടാനാകാത്ത സ്ഥിതിയുണ്ട്. ഓട്ടോമൊബൈൽ, സിമന്റ്, ഇൻഷുറൻസ്, ഇലക്ട്രോണിക്സ് എന്നീ നാല് മേഖലകളിൽനിന്ന് മാത്രം 2,500 കോടിയുടെ വാർഷിക നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ആകെ വാർഷിക നഷ്ടം 8,000 മുതൽ 10,000 കോടി വരെയും.